Saturday, November 6, 2010

ഡ്രൈവിങ് വീരഗാഥ - പാര്‍ട്ട് - 4 (Final)

PART - 1
PART - 2
PART - 3


സി ഐ ഡി ചീഫ് പേപ്പറുകൾ പരിശോധിച്ചു
‘ഓക്കെ .. കോടതിയുടെ അനുവാദം നമുക്കു കിട്ടിക്കഴിഞ്ഞു, ഇനി സമയം കളയാനില്ല’

പുതുതായി വന്ന ഉദ്യോഗസ്ഥനെ ചൂണ്ടി അദ്ദേഹം പറഞ്ഞു. ‘ ഇത് ഞങ്ങളുടെ റേഡിയോ സെക്ഷന്‍ ഓഫീസര്‍ മിസ്റ്റ …………………..’ 
(ഇദ്ദേഹം പാന്റും ഷര്‍ട്ടും ആണ് ധരിച്ചിരുന്നത്)

അദ്ദേഹം തന്റെ ബ്രീഫ്കേസ് തുറന്ന് ചില യന്ത്ര സാമഗ്രികളും ഒരു ടേപ്പ് റിക്കോര്‍ഡറും മേശപ്പുറത്തു വച്ചു.

സംഗതികള്‍ ഞാന്‍ വിചാരിച്ചതിലും കൂടുതല്‍ കുരുക്കുകള്‍ ഉള്ളതാണെന്ന് അപ്പോഴാണ് ഒരു മണമടിച്ചത്.

‘ഇതൊന്നും കണ്ട് ആശയക്കുഴപ്പത്തിലാകണ്ടാ, അപ്പോള്‍ നമ്മുടെ ഓപ്പറേഷന്‍ ഞാന്‍ താങ്കള്‍ക്ക് ഒന്നു വിശദീകരിച്ചുതരാം. ഇദ്ദേഹം ഈ വയര്‍ലെസ് സെറ്റ് താങ്കളുടെ ദേഹത്ത് പിടിപ്പിയ്ക്കും. അതിന്റെ പ്രവര്‍ത്തനരീതി താങ്കളെ പഠിപ്പിയ്ക്കും. പിന്നെ അയാള്‍ക്ക് കൊടുക്കേണ്ട തുക ഞങ്ങള്‍‍ തരാം. അയാള്‍ ടെസ്റ്റിന് പേരു വിളിക്കുന്മ്പോള്‍ തന്നെ വയര്‍ലെസ് സെറ്റ് ഓണാക്കിയതിനു ശേഷം അയാളെ സമീപിച്ച് പണം തരപ്പെടുത്തിയിട്ടുണ്ടെന്നും സഹായിക്കണമെന്നും അയാളെ ധരിപ്പിയ്ക്കണം. ആര്‍ത്തിയുള്ള ബുദ്ധിഹീനനാണെങ്കില്‍ ഒരാഴ്ച കഴിഞ്ഞുള്ള താങ്കളുടെ സമീപനത്തില്‍ അയാള്‍ക്ക് സംശയം തോന്നില്ല. താങ്കള്‍ ഞങ്ങളുടെ നിരീക്ഷണ പരിധിയിലായിരിക്കും. അയാള്‍ക്ക് സംശയം തോന്നി എന്നു ബോധ്യമായാല്‍ ഞങ്ങള്‍ ഇടപെട്ടുകൊള്ളാം. അല്ലാത്തപക്ഷം പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത രീതിയില്‍ സ്വാഭാവികമായി ടെസ്റ്റ് കൊടുക്കുക. ഞങ്ങള്‍ നിങ്ങളെ പിന്തുടരുന്നുണ്ടാവും. നിങ്ങളുടെ എല്ലാ സംഭാഷണങ്ങളും ഞങ്ങള്‍ റിക്കോര്‍ഡ് ചെയ്യും. ഇതാണ് ഞങ്ങളുടെ പ്രധാന തെളിവ്. അയാള്‍ നിങ്ങളെ പാസാക്കി പൈസ ആവശ്യപ്പെടുമ്പോള്‍ അയാള്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലും കൈയ്യില്‍ തന്നെ പൈസ കൊടുക്കണം. അല്ലാതെ വണ്ടിയില്‍ വച്ചിട്ട് പോരരുത്. തുക എത്രയെന്ന് എങ്ങനെയെങ്കിലും പറയണം.  കഴിയുമെങ്കില്‍ അത് അയാള്‍ പോക്കറ്റിലിട്ടു എന്ന് ഉറപ്പാക്കണം. അതു വരെ താങ്കള്‍ റിസല്‍ട്ട് നോക്കിയോ അയാള്‍ക്ക് നന്ദി പറഞ്ഞോ അവിടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കണം. ഒരു പക്ഷേ വയര്‍ലെസ് പ്രവര്‍ത്തിക്കാതെ വന്നാല്‍ ഞങ്ങള്‍ക്ക് ഒന്നും മനസ്സിലാവികയില്ലല്ലോ. അതിനാല്‍ അയാള്‍‍ പൈസ വാങ്ങിയിട്ടുണ്ടെങ്കില്‍ വണ്ടിയില്‍ നിന്നും ഇറങ്ങുമ്പോള്‍ താങ്കള്‍ ഞങ്ങള്‍ക്ക് ഒരു സിഗ്നല്‍ തരണം. ഞങ്ങളെ അന്വേഷിച്ച് ചുറ്റും നോക്കാതെ ദൈവത്തിന് നന്ദി പറയുമ്പോലെ പാസ്സ് റിപ്പോര്‍ട്ട് നെറ്റിയില്‍ വെച്ച് മുകളിലേക്ക് ഒന്നുയര്‍ത്തിയശേഷം നേരേ സ്കൂളിലേക്ക് പോവുക. (ഓണറുടെ) ഓഫീ‍സില്‍ റിപ്പോര്‍ട്ട് ചെയ്യുക. ബാക്കി ഞങ്ങള്‍ക്ക് വിട്ടുതരിക.’

ഒരു ചക്രവ്യൂഹത്തില്‍ പെട്ടപോലെ ഞാന്‍ ഇരുന്നു. പോയിന്റ് ഓഫ് നോ റിട്ടേണില്‍ ഇനി വഴി മുന്നോട്ടു മാത്രം. വരുന്നതു വരട്ടെ.

ആ ഉദ്യോഗസ്ഥന്‍ എന്നെ കഫേയുടെ ടോയ്ലറ്റിലേക്ക് നയിച്ചു. ഷര്ട്ട് ഊരി, സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒരു ചെറിയ സിഗരട് കൂടിന്റെ വലിപ്പമുള്ള വയര്‍ലെസ് സെറ്റ് എന്റെ ഇടതു വശത്ത് ഇടുപ്പിന് ഫിക്സ് ചെയ്തു(ഡ്രൈവിങില്‍ പോലീസ് വലതുവശത്ത് ഇരിക്കുമ്പോള്‍ സംശയാസ്പദമായ മുഴകള്‍ ശ്രദ്ധിക്കപ്പെടരുതല്ലോ). ഒരു ചെറിയ മൈക്രോഫോണ്‍ വലതുതോളില്‍ ഫിറ്റ് ചെയ്ത് കേബിള്‍ വഴി വയര്‍ലെസില്‍ പിടിപ്പിച്ചു. ഇപ്പോള്‍ പുറം മുഴുവന്‍ ടേപ്പ്. ഒരു ചെറിയ റിമോട്ട് കണ്ട്രോള്‍ എന്റെ കൈയ്യില്‍ തന്ന് ഓണ്‍/ഓഫ് സ്വിച്ച് കാണിച്ചുതന്നു. എല്ലാം ഉദ്ദേശിച്ചപോലെ വര്‍ക്കു ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കി ഡ്രസ് ചെയ്ത് പുറത്തു വന്നു. പൈസ തന്നു. ഓണറുടെ വാഹനത്തില്‍ ഞാനും വേറൊരു വാഹനത്തില്‍ ഓഫീസേഴ്സും സ്കൂളിലേക്ക്. ഹാളില്‍ ടെസ്റ്റിനുള്ള വിളിയും പ്രതീക്ഷിച്ച് ഇരിക്കുമ്പോള്‍ അല്പം പിറകിലായി വയര്‍ലെസ് ഓഫീസര്‍ (നോര്‍മല്‍ ഡ്രസ്) ഇരിപ്പുണ്ടായിരുന്നു. ചുള്ളന്‍ പരിചയഭാവമേ ഇല്ല. എന്റെ മനസ്സിന്റെ സ്ക്രീനില്‍ ഭാര്യയുടെയും ഒരു വയസ്സുപോലുമാകാത്ത മോളുടെയും മാതാപിതാക്കളുടേയും നാടിന്റെയും ഒപ്പം റ്റിവി ഗള്‍ഫ് റൌണ്ടപ്പില്‍ കണ്ട കാണാതായവരുടെയും മുഖങ്ങള്‍ ഫാസ്റ്റ് ഫോര്‍വേറ്ഡ് അടിച്ചുകൊണ്ടിരുന്നു. വീണ്ടും മനസ്സു പറഞ്ഞു വരുന്നതു വരട്ടെ. പഴയ പോലീസ് വന്നു. അങ്ങേരേക്കൊണ്ട് ആവുന്ന രീതിയില്‍ എന്റെ പേരു വിളിച്ചു. പാസ്പോർട്ടിലെ മുഴുവൻ പേര് അയാൾ വിളിച്ചുകേട്ടപ്പോൾ ഗിവൺ നേമിനും സർ നേമിനുമിടയിൽ കുടുംബപ്പേരിനു പകരം എന്തൊക്കെയോ ചായക്കടപലഹാരങ്ങളുടെ പേരുകൾ കൂടി കേട്ടപോലെ തോന്നി. നാലു പേരാണ് ഒരു ബാച്ചിൽ. കൂടെ മറ്റുമൂന്നു പേരുടെയും പേരുകള്‍ വിളിച്ചു. ദൈവത്തെ ഒന്നൂടെ വിളിച്ചിട്ട് എണീറ്റു. നെഞ്ചിനുള്ളില്‍ ശിവമണിയുടെ പെര്‍ഫോമന്‍സ്. വയറ്ലസ് ഓഫീസറ് ഇരുന്ന ഭാഗത്ത് ചുള്ളന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ഞാന്‍ മാനുവല്‍ മോഡില്‍ നിന്നും ഓട്ടോപൈലറ്റ് മോഡിലേക്ക് മാറി. ഇനി എല്ലാം പ്രോഗ്രാം ചെയ്ത് വച്ചപോലെ നടക്കട്ടെ. ഒന്നും എന്റെ നിയന്ത്രണത്തിലല്ല. കീ കൊടുത്തുവിട്ടപോലെ മറ്റുള്ളവരെക്കാള്‍ മുന്‍പേ പോലീസിന്റെ അടുത്തെത്തി.

‘സാര്‍  സാര്‍ ’
‘എന്താ’
‘സാര്‍ കഴിഞ്ഞ പ്രാവശ്യം സാര്‍ ആവശ്യപ്പെട്ടപ്രകാരം ഞാന്‍ ഒരുങ്ങിയിട്ടുണ്ട്. ഇപ്രാവശ്യം സഹായിക്കണം’

അയാള്‍ എന്നെ അടിമുടി ഒന്നു നോക്കി. ഞാന്‍ ദാസനേക്കാള്‍ വിനയനായി.
ഈശ്വരാ പണി പാളിയോ ??

‘എന്താണ് തനിക്കുവേണ്ടത്?”

‘സാറ് കഴിഞ്ഞയാഴ്ച സാറ് പൈസയുടെ കാര്യം പറഞ്ഞിരുന്നു. അന്ന് എന്റെ കൈയ്യില്‍ ഒന്നുമില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ ഒരുങ്ങിയാണ് വന്നിരിക്കുന്നത്. ഞാന്‍ നന്നായി ഡ്രൈവും ചെയ്യും സാര്‍ ’

‘ഒന്നും സംസാരിക്കാതെ എന്റെ പുറകേ വരൂ’

ഞങ്ങള്‍ പാര്‍ക്കിങ്ങില്‍ കാറിന്റെ അടുത്തേക്ക് നടന്നു. മറ്റു മൂന്നു പേരും കൂടെയെത്തി. അയാള്‍ എന്റെ നേരേ തിരിഞ്ഞു

‘ഓക്കെ യൂ ഡ്രൈവ് ഫസ്റ്റ്’

എല്ലാവരും കയറി. ഞാന്‍ ഡ്രൈവിങ് സീറ്റില്‍. കണ്ണാടി ലെവെല്‍ ചെയ്തു. സീറ്റ് ബെല്‍റ്റിട്ടു. കീ തിരിച്ച് സ്റ്റാര്‍ട്ട് ചെയ്തു. ഇന്‍ഡിക്കേടര്‍ ഇട്ടു. റിവേഴ്സ് ഗിയറിട്ടു. ഹാന്‍ഡ് ബ്രേക്ക് റിലീസ് ചെയ്ത് പാര്‍ക്കിങ്ങില്‍ നിന്നും പുറത്തേക്ക്

‘വെരി ഗുഡ് വെരിഗുഡ്, നൌ ലെറ്റ് അസ് ഗോ ഔട്ട് റ്റു മെയിന്‍ റോഡ്’

ഇന്‍ഡിക്കേറ്റര്‍ ഇട്ട് ഗേറ്റിനു വെളിയില്‍ മെയിന്‍ റോഡിലേക്ക്.

‘ഗുഡ് ഗുഡ്, നൌ ലൈന് ചേഞ്ച്’
……………………..
‘ഗുഡ് യു ഡ്രൈവ് നൈസ്‌ലി
………………….
‘നൌ പാര്‍ക്ക് അഫ്റ്റര്‍ ദെ സിഗ്നല്‍’
‘ഓക്കെ സാര്‍’

………………….
‘ഗുഡ് ഗുഡ് , ഓക്കെ നെക്സ്റ്റ്’

ബാക്കി മൂന്നു പേരേക്കൊണ്ടും വിദഗ്ദ്ധര്‍ക്കുപോലും ഓടിക്കാനാവാത്ത വഴികളിലൂടെ അനാവശ്യ ലൈന്‍ ചേഞ്ചുകളും സ്റ്റോപ്പുകളും പറഞ്ഞ് ഓടിച്ച്, സ്കൂളില്‍ പതിവു പാര്‍ക്കിങ്ങില്‍ നിന്നും മാറി ഒരു ഒറ്റപ്പെട്ട സ്ഥലത്ത് വണ്ടി നിര്‍ത്തിച്ചു. ഈ സമയമത്രയും ഒരു വണ്ടിയും ഞങ്ങളെ നിരീക്ഷിക്കുന്നതോ പിന്തുടരുന്നതോ കാണാന്‍ കഴിഞ്ഞില്ല. മറ്റു മൂന്നു പേരേയും തോല്‍പ്പിച്ച് കടലാസും കൊടുത്തുവിട്ടു. അവര്‍ അസൂയയോടെ എന്നെ നോക്കിയിട്ട് നടന്നു മറഞ്ഞപ്പോള്‍ എന്തായിരുന്നു എന്റെ മനസ്സില്‍ എന്ന് ഇപ്പോ ഓര്‍ക്കാന്‍ കഴിയുന്നില്ല.

‘ഓക്കെ എന്തായിരുന്നു കഴിഞ്ഞയാഴ്ച നമ്മള്‍ സംസാരിച്ചത്?’
‘സാര്‍ ഒരു 2000 കഴിഞ്ഞ പ്രാവശ്യം ചോദിച്ചിരുന്നു. അന്ന് ഒപ്പിക്കാന്‍ പറ്റിയില്ല. ഇപ്രാവശ്യം ഞാന്‍ റെഡിയാണു സാര്‍ ’

‘ഓക്കെ .. നിങ്ങള്‍ പാസ്സായി. പൈസ എടുത്തോളൂ’
അയാള്‍ പൈസ വാങ്ങി, അതേപോലെ അറബിക്കുപ്പായത്തിന്റെ സൈഡ് പോക്കറ്റില്‍ തിരുകി.
‘ഇതു നമ്മള്‍ രണ്ടുപേരുമല്ലാതെ മൂന്നാമതൊരു ചെവി അറിയരുത് .. അറിഞ്ഞാല്‍ …. ‘
‘ഞാന്‍ ആരോടും പറയില്ല സാര്‍’

‘നല്ലത്, പൊയ്ക്കൊള്ളൂ. ആ പേപ്പര്‍ സ്കൂള്‍ ഓഫീസില്‍ കൊടുത്താല്‍ ബാക്കി അവര്‍ പറഞ്ഞുതരും’

‘താങ്ക്യു സാര്‍’

വണ്ടിയില്‍ നിന്നും ഇറങ്ങി. ഇടംകണ്ണിട്ട് ചുറ്റും ഒന്നു നോക്കി. ആരേയും കാണുന്നില്ല. എന്നാലും അവര്‍ പറഞ്ഞുവിട്ടിരുന്നതുപോലെ ആ പേപ്പര്‍ നെഞ്ചിലും നെറ്റിയിലും മുട്ടിച്ച് മുകളിലേക്ക് ഉയര്‍ത്തി ദൈവത്തോടും നന്ദി പറഞ്ഞ് വേഗം സ്കൂള്‍ ഓഫീസിലേക്ക് വലിഞ്ഞു നടന്നു. ഓട്ടോ പൈലറ്റില്‍ നിന്നും മാനുവല്‍ മോഡിലേക്ക് ഞാന്‍ മാറി. ഇപ്പോഴാണ് കൈയ്യും കാലും വിറക്കാന്‍ തുടങ്ങിയത്. ഓഫീസിലെത്തിയപ്പോൾ തന്നെ ഓണർക്ക് സി ഐ ഡി ഓഫീസറുടെ ഫോൺ വന്നു. എല്ലാം റിക്കോർഡ് ചെയ്യാൻ കഴിഞ്ഞതായും എന്റെ ഡ്രൈവിങ്ങിനെ പറ്റി നല്ല കമന്റുകൾ പോലീസ് പറഞ്ഞിരുന്നുവെന്നും അഭിനന്ദനാര്‍ഹമായരീതിയില്‍ അവർ പ്രതീക്ഷിച്ചതിൽ ഭംഗിയായി എനിയ്ക്ക് പെർഫോം ചെയ്യാൻ കഴിഞ്ഞതായും പറഞ്ഞുവെന്ന് അറിയിച്ചു. (ആരും എസ് എം എസ് അയയ്ക്കണ്ട.. കമന്റടിച്ചാൽ മതിയാകും). ഒപ്പം ആ പാസ് സര്‍ട്ടിഫിക്കറ്റ് അദ്ദേഹം കീറിക്കളഞ്ഞു. 

‘നാളെ ലൈസന്‍സിങ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചീഫ് താങ്കള്‍ക്ക് പ്രത്യേക ടെസ്റ്റ് തരും’

ഈശ്വരാ.. ഇതുവരെ ജീവന്‍ കൈയ്യില്‍ പിടിച്ച് റിസ്ക് എടുത്തിട്ട് !!
  
അടുത്ത ദിവസം രാവിലെ തന്നെ പ്രത്യേക ടെസ്റ്റ് നടന്നു. വഴിയില്‍ വച്ച് ഒരു പ്രാവശ്യം ഓഫായിപ്പോയെങ്കിലും മറ്റു പ്രശ്നമൊന്നും ഇല്ല്ലാതിരുന്നതുകൊണ്ടോ പ്രത്യേക പരിഗണനയ്ക്ക് ആരെങ്കിലും പറഞ്ഞിരുന്നതുകൊണ്ടോ അദ്ദേഹം എന്നെ പാസ്സാക്കി. 

ഫ്ലാഷ്ബാക്ക് തീര്‍ന്നു. അങ്ങനെ ഞാനും ഡ്രൈവറായി !!!

ഇനി സമ്മതിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ - മോഹന്‍ലാല്‍ അല്ല താരം..

 Warning = കമന്റാതെ പോയാല്‍ സുട്ടിടുവേന്‍ =

x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x

24 comments:

 1. ഹൊ "സധാമാനമായി"
  കഴിഞ്ഞല്ലോ...ലൈസന്‍സ് കിട്ടിയല്ലോ...

  അല്ല കാര്‍ന്നോരെ...
  ആ പോലീസുകാരന്റെ അവസ്ഥ എന്താ...?
  വല്ലോം അറിയാവോ...?
  കൊള്ളാം...നല്ല രസമുണ്ടായിരുന്നു വായിക്കാന്‍..

  ReplyDelete
 2. എന്നിട്ട് അയാളുടെ അവസ്ഥ എന്തായി? അതു പറയൂ

  ReplyDelete
 3. ഇപ്പഴല്ലേ മനസ്സിലായത്.... വയസ്സും പ്രായോം ഒക്കെ യായാൽ വണ്ടി ഒന്നു നിന്നുപോയാലും കുഴപ്പമില്ല...കാർന്നോര്ടെ പ്രായം പരിഗണിച്ചാ ലൈസൻസ് തന്നത്!

  ReplyDelete
 4. എന്റെ ടെന്‍ഷന്‍ മാറി.പോലീസുകാരന് പണികൊടുത്തു ലൈസെന്‍സ് കരസ്ഥമാക്കി.പക്ഷെ എന്തായി അങ്ങേരുടെ ഭാവി.എന്തായിരിക്കും ശിക്ഷ,ജോലി പോകും ഉറപ്പ്,പിന്നെ..

  സംഭവം ഗംഭീരമായി.

  ReplyDelete
 5. റിയാസ് - വന്നതിനും വായിച്ചതിനും നന്ദി

  ശ്രീ - അയാളെ പറ്റി അധികം അന്വേഷിക്കതിരിക്കയല്ലേ ബുദ്ധി. എന്നാലും അറിഞ്ഞത് താഴെ കുറിക്കാം.

  ജയൻ‌ജി - വന്നൂലോ..! കഴിഞ്ഞ എപ്പിസോഡിൽ കാണാഞ്ഞപ്പോൾ മടുത്തു മുങ്ങീന്നു കരുതി (നമ്മൾ ഒരേ പ്രായമല്ലേ ചേട്ടാ ?! ആരേലും നമ്മുടെ കാർന്നോർക്ക് വിളിക്കുന്നതു കേൾക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടല്ലേ നമ്മൾ ആ പേരുസ്വീകരിച്ചിരിക്കുന്നത്)

  ഷാജി - നന്ദി

  ഓഫ് ടോക്ക് - അയാൾക്ക് എന്തു സംഭവിച്ചു (ഹും നമ്മുടെ കാര്യം തിരക്കാൻ ആരുമില്ലാ - ഗാന്ധിജിയെ വെടിവെച്ച / സോക്രട്ടീസിനു വിഷം കൊടുത്ത ലോകം!!)

  അടുത്ത ദിവസം ടെസ്റ്റ് പാസ്സായ ശേഷം വിളിച്ചപ്പോൾ ആ സി ഐ ഡി ഓഫീസർ പറഞ്ഞത് കുറ്റവാളി ആ സ്കൂളിൽ നിന്നുതന്നെ 5 പേരിൽ നിന്നും കാശു വാങ്ങിച്ചിരുന്നുവെന്നാണ്. ജോലി പോയി എന്നത് വ്യക്തം. കൂടുതൽ അന്വേഷിക്കാൻ പോയില്ല. എന്നാൽ സത്യം പറയിക്കുന്ന പോലീസ് മുറ പിന്നീട് അറിയാൻ കഴിഞ്ഞു. നമ്മുടെ ഉരുട്ടും ഈർക്കിലിപ്രയോഗവും ഒന്നുമല്ല. സൂപ്പർകോൾഡ് റൂമിൽ മിനിമം ഡ്രെസ്സിൽ നിർത്തി ചോദ്യം ചോദിക്കുക. സമയം കഴിയുംതോറും തണുപ്പിന്റെ ഇന്റൻസിറ്റി കൂട്ടുക. ഐസ് കട്ടയുടെ പുറത്തു കിടത്തുന്നത്ലും ഭീകരമായി അസ്ഥികളിൽ തണുപ്പുറയുമ്പോൾ എല്ലാസത്യവും പുറത്തുവരും. ഇതു തുടങ്ങിയപ്പോൾ തന്നെ എല്ലാ വിവരങ്ങളും വെളിവാക്കി എന്നാണ് അറിഞ്ഞത്... ങാ ഇനി അവരായി അവരുടെ പാടായി...

  ReplyDelete
 6. ശരിക്കും വളരെ മനോഹരമായി ഈ പോസ്റ്റ്‌
  ലൈസൻസ് കിട്ടിയതില്‍ സന്തോഷിക്കുന്നു
  താങ്കള്‍ തന്നെ താരം !

  6 November 2010 18:35

  ReplyDelete
 7. ആദ്യം പാസ്സായപ്പോൾ ഇത് കൈക്കൂലി പാസ്സാണെന്ന് ഓർത്തില്ല അല്ലേ..? :)

  കൊള്ളാം വളരെ നന്നായിട്ടുണ്ട് കാർന്നോരേ..

  ReplyDelete
 8. മുജീബ്, രമണിക, ഭായ് - നന്ദി .. വീണ്ടും വരണം.

  ReplyDelete
 9. കാര്‍ന്നോരു ആള് കൊള്ളാമല്ലോ...

  ആദ്യമായി ഡ്രൈവിംഗ് ടെസ്റ്റിനു പോയപ്പോള്‍ വിപരീത ദിശയിലേക്കു വണ്ടിയോടിച്ചതും അത് കണ്ടു എന്‍റെ പുറകിലുള്ള മറ്റു മണ്ടന്‍മാര്‍ (ലൈസന്‍സുള്ള) അതെ പോലെ വന്നതും ഓര്‍മ്മയില്‍ വന്നു...എനിക്ക് മൂന്നാം ടെസ്റ്റില്‍ ഓക്കേ ആയി കേട്ടോ...

  ReplyDelete
 10. അങ്ങനെ ലൈസന്‍സും കിട്ടി അല്ലെ.. ആ പോലീസിന്റെ അന്യനോ അളിയനോ ആരോ ഒരു കാര്‍ന്നോരേ തിരക്കി നടക്കുന്നുണ്ടത്രേ.... ഇനീപ്പോ എന്ത് ചെയ്യും ...

  ReplyDelete
 11. കാർന്നോരു ആണ് കാർന്നോർ.
  സംഭവം അസ്സലായി… ഉഗ്രനായി.

  ReplyDelete
 12. ജാസ്മിക്കുട്ടി - ലൈസൻസ് ഉള്ളവരേം പറ്റിച്ചു അല്ലേ!! മിടുക്കികുട്ടി തന്നെ..

  മേൻ‌നെ - എന്നെ കണ്ടതു മിണ്ടണ്ട..(വേറേ നിവൃത്തിയില്ലാഞ്ഞിട്ടാ)

  സാദിക്കേ - നന്ദി !!

  ReplyDelete
 13. കാർന്നോര് ആള് കൊള്ളാല്ലോ !

  ഇത് ഒന്നൊന്നര രണ്ട് ലൈസൻസ് തന്നെ!!

  വീണ്ടും കാണാം.

  ReplyDelete
 14. കാര്‍ന്നോരെ...ഈ ലൈസെന്‍സ് കഥ തകര്‍ത്തൂട്ടോ...ഞാന്‍ ഏതായാലും 4 എപ്പിസോഡും ഒരുമിച്ച വായിച്ചത്...എന്നാലും ടെന്‍ഷന്‍ അടിച്ചു പോയി...പക്ഷെ ക്ലൈമാക്സില്‍ ആ പോലിസുകാരന് എന്ത് പറ്റി എന്നുകൂടി പറയാമായിരുന്നു...കമന്റില്‍ ഞാന്‍ അത് വായിച്ചേ...കാര്‍ന്നോരു പുലി തന്നെയാ...

  ReplyDelete
 15. ബിച്ചു, വശംവദന്‍, അബിത് - വായനയ്ക്ക് നന്ദി. ഇനിയും ഇതിലെ വരണം.

  ReplyDelete
 16. എല്ലാവരെയും കൂട്ടം.കോം ലേക്ക് ക്ഷണിക്കുന്നു...

  ഏറ്റവും കൂടുതല്‍ ബ്ലോഗുകളും readers ഉള്ള കൂട്ടം.കോം ലേക്ക് എല്ലാവര്ക്കും സ്വാഗതം..


  www.koottam.com

  http://www.koottam.com/profiles/blog/list

  25000 കൂടുതല്‍ നല്ല ബ്ലോഗുകള്‍ .. നര്‍മ്മവും പല വിഷയങ്ങളും... വിസിറ്റ് ചെയു.. കൂട്ടുകരാകു.

  ലോകത്തിലെ ഏറ്റവും വലിയ Regional Social Network

  www.koottam.com ....

  Malayalee's first social networking site. Join us and share your friendship!

  ReplyDelete
 17. കാർന്നോര് ആളു കൊള്ളാല്ലൊ... പൊതുജനങ്ങളെ ടെൻഷനടിപ്പിച്ച് ,സി ഐ ഡിക്ക് കൈക്കൂലിയും കൊടുത്ത് ലൈസൻസ് സംഘടിപ്പിച്ചല്ലെ...?!!
  ആശംസകൾ...

  ReplyDelete
 18. ഇയാള്‍ ആള്‍ കൊള്ളാമല്ലോ. ഇനിയെനിക്ക് അയാളുടെ നംബറും വേണ്ടാ ബ്രാഞ്ചും വേണ്ടാ....

  ReplyDelete
 19. ത്രിൽ അടിപ്പിച്ചു കളഞ്ഞല്ലൊ കാർന്നോരേ....

  ReplyDelete
 20. ത്രില്ലോട് ത്രില്ലർ.. നാട്ടിലായിരുന്നെങ്കിൽ ബാക്കി കഥകൂടി കേൾക്കാമായിരുന്നു......

  ReplyDelete
 21. ഡായ്! നീ പുലി തന്നെട... ശിങ്കം! നിന്റെ കാറ്റ് പോയതുതന്നെ.. ജാഗ്രതൈ!.

  ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..