Tuesday, November 2, 2010

ഡ്രൈവിങ് വീരഗാഥ - പാര്‍ട്ട് - 3


വീണ്ടും ആറു പ്രാവശ്യം കൂടി സന്ധ്യയും ഉഷഃസ്സും വന്നു. ഒരോ അഞ്ചു മിനിറ്റിലും ഞാന്‍ മൊബൈലില്‍  മിസ്സ്കാള്‍ വല്ലതും ഉണ്ടോ എന്ന് നോക്കിക്കൊണ്ടിരുന്നു. ഒന്നും സംഭവിച്ചില്ല.


ഏഴാം ദിവസം. പ്രഭാതം പൊട്ടിവിടര്‍ന്നു. ( സൂര്യനുദിച്ചതും കോഴികൂവിയതും പത്രക്കാരന്‍ പത്രമിട്ടതും തുടങ്ങിയ പ്രകൃതിവര്‍ണ്ണനകൾ ആസ്വദിക്കേണ്ടവര്‍ക്ക് സത്യന്‍ അന്തിക്കാടിന്റെയോ കമലിന്റെയോ പടം കാണുകയോ പ്രമുഖ ബ്ലോഗുപുലികളുടെ ബ്ലോഗുകള്‍ സന്ദര്‍ശിക്കയോ ചെയ്തിട്ട്  വേഗം തിരികെ വരാം. യു എ ഇയില്‍ എന്തര് അരുണോദയം, എന്തര് ക്വാഴി ! )

സമയം 8:00 , ഡ്രൈവിങ് സ്കൂള്‍ , പഴയ മലയാളി മാനേജരുടെ ഓഫീസ്.

‘ഇന്നാണ് എന്റെ ടെസ്റ്റ്’

‘അതേയോ ആള്‍ ദെ ബെസ്റ്റ്’

‘നിങ്ങള്‍‍ ആരും വിളിക്കുകയോ എന്റെ പരാതിയില്‍ എന്തെങ്കിലും നടപടി എടുത്തതായി അറിയിക്കുകയോ ചെയ്തില്ലല്ലോ’

‘ഓണര്‍ വിളിച്ചില്ലേ? അദ്ദേഹം ചില വിവരങ്ങള്‍ പിന്നേം അന്വേഷിച്ചിരുന്നല്ലോ’

‘എന്നെ ആരും വിളിച്ചില്ല. എന്തായാലും ഇന്നു നിര്‍ത്തുകാ. ഇനി കളയാന്‍ പൈസയും സമയവും ഇല്ല. ‘

‘താങ്കള്‍ നമ്പര്‍ ഒന്നു കൂടി തരൂ. ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ’

‘ഇന്നു രണ്ടുമണിയ്ക്കാ സാറെ ടെസ്റ്റ്, ഇതാ എന്റെ നമ്പര്‍’

……………………………………………….

സമയം 10:30 . ട്രീം … ട്രീം … അല്‍കാറ്റെല്‍ കരഞ്ഞു

‘ഹലോ’

‘ഇത് ……… സ്കൂളിന്റെ ഓണര്‍ …………. ആണ്. ഒരു പരാതി തന്നിരുന്ന ………. അല്ലേ?’

‘അതേ’

‘താങ്കള്‍ അത്യാവശ്യമായി ജുമേരയിലുള്ള …………… കഫേ വരെ ഒന്നു വരൂ’

‘സാർ 2 മണിയ്ക്കാണ് ടെസ്റ്റ്’

‘അതേ എനിയ്ക്ക് അറിയാം. അതിനു മുന്‍പ് ചില കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. വേഗം വരാന്‍ കഴിയുമോ?’

‘ഓഫീസില്‍ നിന്നും അനുവാദം വാങ്ങി വരാം സാർ’

‘ എന്റെ നമ്പർ ……….  ശരി, ഞങ്ങള്‍ കാത്തിരിക്കുന്നു, ഇവിടെ എത്തി വിളിക്കൂ’ 

 - ഫോണ്‍ ഡിസ്കണക്റ്റ് ആയി.

?? ഞങ്ങളോ ? അതാരാവും.  നമ്മുടേതല്ലാത്ത നാട്. നാട്ടുകാര്‍. പോണോ വേണ്ടയോ? വല്ല അപകടവും മണക്കുന്നുണ്ടോ? . അവസാനം ഓഫീസ് ഡ്രൈവറേയും കൂട്ടി പോകാന്‍ തീരുമാനിച്ചു. ഒരു സാക്ഷിയെങ്കിലും വേണമല്ലോ?

കഫേയുടെ മുന്നിലെത്തി വിളിച്ചു

‘ഹലോ എങ്ങനെയെത്തി’
‘കമ്പനി വണ്ടിയില്‍ . ഞങ്ങള്‍ കഫേയുടെ മുന്നിലുണ്ട്. എങ്ങോട്ട് വരണം?’

‘ഡ്രൈവര്‍ തിരിച്ചുപൊക്കോട്ടെ. താങ്കളെ ഞങ്ങള്‍ ഡ്രോപ് ചെയ്യാം. അകത്തേക്ക് പോരൂ. ലോബിയില്‍ പ്രൈവറ്റ് ഏരിയയില്‍ ഞങ്ങളുണ്ട്. എന്നെ ഓര്‍മ്മയുണ്ടാകുമല്ലോ’

‘ഓക്കെ’

കമ്പനി ഡ്രൈവര്‍ മടങ്ങിപ്പോയി.

ഒറ്റയ്ക്ക് ബാലന്‍ കെ നായരുടെ കൊള്ളസങ്കേതത്തിലേക്ക് പോകുന്ന ജയഭാരതിയെപ്പോലെ ഞാന്‍ കഫേയിലേക്ക് കയറി. റിസപ്ഷനില്‍ നിന്നും ഡ്രൈവിങ് സ്കൂള്‍ ഓണര്‍ എന്നെയും കൂട്ടി ഒരു പ്രൈവറ്റ് റൂമിലേക്ക് കയറി. അവിടെ മറ്റു രണ്ട് അറബികള്‍ കൂടി ഉണ്ടായിരുന്നു.

‘വരൂ ഇരിക്കൂ. എന്താണ് കുടിക്കാൻ’

‘ഒന്നും വേണമെന്നില്ല’

‘ഒരു ഓറഞ്ച് ജ്യൂസ് പറയാമല്ലോ?’

‘ഓക്കെ സാർ’

‘ഇവരെ പരിചയപ്പെട്ടില്ലല്ലോ. ഇത് മിസ്റ്റര്‍ …………………….. ദുബയ് സി ഐ ഡി വിങ്ങിന്റെ സെക്കന്റ് ചീഫ് ഓഫീസർ. ഇത് അദ്ദേഹത്തിന്റെ ഇന്വെസ്റ്റിഗേഷന്‍ അസ്സിസ്റ്റന്റ് മിസ്റ്റര്‍ …………………. ‘

‘ഹലോ’

‘താങ്കള്‍ എന്നോടു പറഞ്ഞതെല്ലാം ഇവരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് അതെല്ലാം താങ്കളില്‍ നിന്നും ഒന്നു വിശദമായി അറിയാന്‍ താല്പര്യമുണ്ട്’

‘ പറയാം സാർ’
………………………………………….
………………………………………….

എല്ലാം വിശദമായി ചോദിച്ച് അറിഞ്ഞശേഷം സംസാരം സി ഐ ഡി ചീഫ് ഏറ്റെടുത്തു.

‘താങ്കള്‍ പറഞ്ഞതെല്ലാം സത്യമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ ഇവിടത്തേ ഭരണാധികാരിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ജോലി ചെയ്യുന്ന വിഭാഗമാണ്. അല്ലാതെ പോലീസിന്റെ ഭാഗമല്ല. ഇവിടെ ദേശീയ, വര്‍ഗ്ഗ, വര്‍ണ്ണ, ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും ഒരേ സാമൂഹ്യനീതി ഉറപ്പാക്കണമെന്നാണ് ഭരണാധികാരികള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ താങ്കളെ ഉപദ്രവിച്ചതുപോലെയുള്ള ഒരു ചെറിയ വിഭാഗം ഞങ്ങളുടെ സദുദ്ദേശത്തിന് തുരങ്കം വയ്ക്കുന്നുണ്ട്. നേരായ മാര്‍ഗ്ഗത്തിലൂടെയല്ലാത്ത താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് പലരും ഇവര്‍ക്ക് അടിപ്പെടുന്നുമുണ്ടാവാം. താങ്കളെ പോലെ അനീതി ചോദ്യം ചെയ്യാന്‍ മനസ്സുള്ളവരുടെ സഹായമുണ്ടെങ്കിലേ ഞങ്ങള്‍ക്ക് ഇതിനു തടയിടാനാവൂ. താങ്കള്‍ ഞങ്ങളോട് സഹകരിക്കുമെന്ന് വിശ്വസിക്കുന്നു’

ഈശ്വരാ … എന്താണാവോ ഇവര്‍ ഉദ്ദേശിക്കുന്നത്.

‘സാര്‍ എന്താണ്‍ ഉദ്ദേശിക്കുന്നതെന്ന് എനിയ്ക്കു മനസ്സിലായില്ല. ഞാന്‍ നേരിട്ട പ്രശ്നം വിശദീകരിച്ചല്ലോ.’

‘താങ്കള്‍ ഞങ്ങളോടൊപ്പം ഒരു സ്റ്റിങ് ഓപ്പറേഷനില്‍ സഹകരിച്ചാല്‍ മാത്രമേ ഈ കുറ്റവാളിയെ കൈയ്യോടെ പിടികൂടി നടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയൂ”

??????????????????

‘സാര്‍, ഒരു ചെറിയ കൂടും കുടുംബവുമായി കഴിയുന്ന സാധാരണക്കാരനാണു ഞാൻ. ലൈസന്‍സ് ഒരു ആഗ്രഹമായിരുന്നതുകൊണ്ടും നേരായ മാര്‍ഗ്ഗത്തില്‍ നേടണമെന്ന ആഗ്രഹത്താലും ഇതില്‍ വന്നു ചാടി. ഇനി കൂടുതല്‍ റിസ്ക് എടുക്കാന്‍ തക്ക സാഹചര്യമോ ധൈര്യമോ ഉണ്ടെന്നു തോന്നുന്നില്ല. ഇതുവരെ ഉണ്ടായ നഷ്ടം ഞാന്‍ സഹിച്ചോളാം’

‘ഞാന്‍ നേരത്തേ പറഞ്ഞുവല്ലോ, ഞങ്ങള്‍ പോലീസിന്റെ കൂടെ ജോലി ചെയ്യുന്നവരല്ല. അതിനാല്‍ തന്നെ ഞങ്ങളുടെ ഒരു ഓപ്പറേഷന്‍ വിവരങ്ങളും പുറത്തു പോവില്ല. താങ്കളുടെ പേര്‍ എവിടെയും രേഖപ്പെടുത്തുന്നുമില്ല. പിന്നെ താങ്കള്‍ക്ക് സ്വന്തം ഡ്രൈവിങില്‍ 70% ആത്മവിശ്വാസമെങ്കിലും ഉണ്ടെങ്കില്‍ താങ്കള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കാനും എനിയ്ക്ക് സഹായിക്കാനാവും.’

‘സാര്‍ ഞാന്‍ എന്താണു ചെയ്യേണ്ടത്?”

‘അയാള്‍ ആവശ്യപ്പെട്ടപോലെ, യാതൊരു സംശയവും ജനിപ്പിക്കാതെ നമ്മള്‍ അയാള്‍ക്ക് പണം കൊടുക്കുന്നു. ബാക്കി ഞങ്ങള്‍ വേണ്ടതു ചെയ്തുകൊള്ളാം’

‘സാര്‍ ഇനി ഒരിക്കല്‍ കൂടി അയാളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്’

‘താങ്കള്‍ക്ക് അറിയാമലോ, ഇപ്പോള്‍ ഇതു ചെയ്യാന്‍ താങ്കള്‍ക്ക് മാത്രമേ കഴിയൂ”

‘സാർ വാദി പ്രതി ആയാലോ? അയാള്‍ക്ക് സംശയം തോന്നിയാല്‍ ഞാന്‍ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് അയാള്‍ക്ക് എന്നെ അകത്താക്കിക്കൂടെ.‘

‘അങ്ങനെ ഒരു പ്രശ്നമുണ്ടാകില്ല. താങ്കളുടെ സമ്മതം ഇപ്പോള്‍ തന്നെ ഇവിടെ ദുബൈ കോടതിയെ അറിയിച്ച് അവരുടെ അനുവാദത്തോടെയാവും നമ്മള്‍ മുന്നോട്ടു പോവുക.’

‘സാര്‍ ഞാന്‍ … എന്നെ ഒഴിവാക്കിത്തരണം. ലൈസന്‍സ് സ്വപ്നം ഞാന്‍ മറന്നോളാം’

‘താങ്കള്‍ സഹകരിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കുറ്റവാളി ഇനിയും കുറ്റം ചെയ്തുകൊണ്ടിരിക്കും. ഇത് ഇവിടെവരെ റിപ്പോര്‍ട്ട് ചെയ്യാന്‍ താങ്കള്‍ തയ്യാറായതിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. താങ്കള്‍ക്ക് ഇതിനു കഴിയും. ദയവായി സഹകരിക്കണം. താങ്കള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകയില്ലെന്ന് ഞാന്‍ വാക്കുതരുന്നു. താങ്കളുടെ സമ്മതം കിട്ടിയിട്ടുവേണം എനിയ്ക്ക് കോടതി പെര്‍മിഷന് അപേക്ഷിക്കുവാന്‍ ’

‘എനിയ്ക്ക് ഒന്ന് ഓഫീസിലേക്ക് വിളിയ്ക്കണം’

‘നമുക്ക് സമയം കുറവാണ്. ഒഫീസില്‍ വിളിച്ച് ഉച്ച കഴിഞ്ഞേ എത്തൂ എന്ന് അറിയിച്ചുകൊള്ളു’

‘………’

‘അപ്പോള്‍ നമ്മള്‍ പ്രൊസീഡ് ചെയ്യുകയല്ലേ?’
‘…………………….’
‘ഒക്കെ മൌനം സമ്മതം’

അദ്ദേഹം അസിസ്റ്റന്റിനു നേരേ തിരിഞ്ഞു. ‘ താങ്കള്‍ കോര്‍ട്ട് പേപ്പേഴ്സ് വേഗം ശരിയാക്കി, എല്ലാ പ്രിപ്പറേഷന്‍സും ഉടന്‍ പൂര്‍ത്തിയാക്കൂ, എറ്റിയെമ്മില്‍ നിന്നും ഒരു 2000 ദിര്‍ഹംസ് കൂടി എടുത്തോളൂ.’


അല്പനേരം അദ്ദേഹം എന്റെ ജോലി/ കുടുംബ പൊതുവിവരങ്ങള്‍ മനസ്സിലാക്കാന്‍ ഉപയോഗിച്ചു. അവരുടെ ഉദ്ദേശലക്ഷ്യങ്ങളും  പ്രവര്‍ത്തന രീതികളും വിശദീകരിച്ചുതരികയും ചെയ്തു.

‘ങാ താങ്കള്‍ ജ്യൂസ് ഫിനിഷ് ചെയ്യൂ. ദേ അവര്‍ എത്തി’

മുന്‍പ് പുറത്തുപോയ അസിസ്റ്റന്റും മറ്റൊരു ഉദ്യോഗസ്ഥനും കുറെ അറബിപേപ്പറുകളും 'മറ്റു'മായി മടങ്ങിയെത്തി.

( ഇതിനാണോ ബ്രൈന്‍വാഷ് എന്നു പറയുന്നത്? അടുത്ത ഭാഗത്തോടെ അവസാനിപ്പിക്കാന്‍ ശ്രമിയ്ക്കാം - ജയന്‍ ജീ മാപ്പ് )

= വളരെ പാടുപെട്ട് ഇരുന്ന് എഴുതിക്കൂട്ടിയതാ.. വായിച്ചിട്ട് കമന്റാതെ പോയാൽ -- സുട്ടിടുവേൻ = 
പാർട്ട് 4 (ഫൈനൽ) ഇവിടെ

12 comments:

 1. ഇതിനാണോ ചേട്ടാ ഈ സസ്പെന്‍സിന്റെ മുള്‍മുന എന്ന് പറയുന്നത് ?
  നല്ല വിവരണം . അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
 2. എന്റമ്മേ ഇതെന്താണ് ഭായ്‌.ഞാന്‍ ആദ്യ എപ്പിസോട് വായിച്ചു,തുടരന്‍ ആണെന്ന് ശ്രദ്ധിച്ചില്ല.ഇങ്ങിനെ ഒരു സംഭവം ആദ്യമായി കേള്‍ക്കുകയാണ്. ഈ ഓപ്പോരെഷന്‍ പേടിപെടുത്തുന്നു!ഗള്‍ഫല്ലേ, ക്ലൈമാക്സിനായി കാത്തിരിക്കുന്നു.

  ReplyDelete
 3. പടച്ചോനേ..ഇത് ഇതു വരെ തീര്‍ന്നില്ലേ...?
  മെഗാ സീരിയല്‍ പോലെ നീണ്ട് പോവുകയാണല്ലോ...
  അടുത്തെങ്ങാനും ലൈസന്‍സ് കിട്ടാനുള്ള വല്ല ചാന്‍സും തെളിഞ്ഞു വരുന്നുണ്ടോ ഭായ്..(ചുമ്മാ ഒരു രസം)
  നന്നായി രസിച്ചൂ ട്ടോ...ബാക്കി കൂടി പോരട്ടെ...

  ReplyDelete
 4. ഇത് മറ്റേ സംഭവം തന്നെ.. മുള്‍മുന!! കാര്‍ന്നോരേ ബാക്കി പറയെടോ.. :):):)

  ReplyDelete
 5. ടെന്‍ഷനാക്കാതെ ബാക്കി കൂടെ പറയ് മാഷേ

  ReplyDelete
 6. അല്ലെങ്കിലേ വേണ്ടത്ര ടെന്‍ഷന്‍ ഉണ്ട്. എന്റെ പോന്നു കാര്‍ന്നോരേ.. ഈ സപെന്‍സ് വേഗം അങ്ങട് തീര്‍ക്ക്വ..

  ReplyDelete
 7. എല്ലാ പാർട്ടിനും കൂടെ ചേർത്ത് ഇവിടെ പറയുന്നു. കലക്കി മറിച്ചു! ശരിക്കും ചിർപ്പിച്ചു! നന്ദി. :)
  ബാക്കിക്കായി കാത്തിരിക്കുന്നു.

  ReplyDelete
 8. ബാക്കി എപ്പോ.... ?

  നല്ല പോസ്റ്റുകള്‍, ട്ടോ.

  ReplyDelete
 9. നല്ല വിവരണം ..ബാക്കി കൂടെ പറ ..ക്ലൈമാക്സിനായി കാത്തിരിക്കുന്നു :)

  ReplyDelete
 10. ബാക്കി വിവരങ്ങള്‍ അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു...
  (ഇതെഴുതുന്നത് കൊണ്ട് ആളിന് ഒരു കുഴപ്പവുമില്ല എന്ന് വിശ്വസിച്ചു ആശ്വസിക്കുന്നു..)

  "ഒറ്റയ്ക്ക് ബാലന്‍ കെ നായരുടെ കൊള്ളസങ്കേതത്തിലേക്ക് പോകുന്ന ജയഭാരതിയെപ്പോലെ ഞാന്‍ കഫേയിലേക്ക് കയറി"
  ഹഹ്ഹ ഇത് കലക്കി,,

  ReplyDelete
 11. :) Nannayirikkunnu! Iniyoum Ezhuthuka...

  Regards,

  Kamalkuttan.........

  ReplyDelete
 12. കൊള്ളാട്ടോ ,ബാക്കിക്കായി കാത്തിരിക്കുന്നു

  ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..