Monday, August 1, 2011

നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് .. !

ഇത് എഴുതുന്ന ഞാനും വായിക്കുന്ന താങ്കളും ഇന്ന് പരസ്പരം അറിയുന്നെങ്കില്‍, സാഹിത്യലോകത്ത് ഇടമില്ലാതിരുന്ന എത്രയോ പേര്‍ ബ്ലോഗുലകത്തില്‍ പുലികളായെങ്കില്‍, ആഗോളവ്യാപകമായി ഇങ്ങനെ ഒരു കൂട്ടായ്മ ഉരുത്തിരിഞ്ഞെങ്കില്‍, ഒരു പക്ഷേ അതിനു കാരണക്കാരനായ ഒരു ദീര്‍ഘദര്‍ശിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ബ്ലോഗും ബ്ലോഗിലെ മലയാളം എഴുത്തും ഇന്ന് സാധ്യമാകുന്ന ട്രാന്‍സിലിറ്ററേഷന്‍റെ പിതാവ് ഒരു പക്ഷേ ഇദ്ദേഹമാവാം. ഇംഗ്ലീഷിലെ 26 സ്മോള്‍ ലെറ്റേഴ്സും 26 കാപ്പിറ്റല്‍ ലെറ്റേഴ്സും ഇംഗ്ലീഷുകാര്‍ക്ക് മുഴുവനായി പ്രൊഡക്റ്റീവായി ഉപയോഗിക്കാന്‍ ആ ഭാഷയില്‍ സ്കോപ്പില്ലെന്നിരിക്കെ ഈ 52 അക്ഷരങ്ങളും പ്രയോജനപ്പെടുത്തി എങ്ങനെ ഒരു പുതിയ ലിപി ഉണ്ടാക്കാം എന്ന് ആദ്യം ചിന്തിച്ചത് ഇദ്ദേഹമാണെന്നു തോന്നുന്നു. ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ശ്രീ എം.പി.നാരായണപിള്ളയുടെ റൈറ്റ്-അപ്പ് 'അക്ഷരങ്ങളേക്കാള്‍ ഭാഷയെ സ്നേഹിക്കുന്നവരോട്’ കലാകൌമുദി മാഗസിന്റെ 1995 മേയ് 28ന്റെ ലക്കത്തില്‍ ആദ്യമായി വായിച്ചപ്പോള്‍ അത് വലിയൊരു പ്രചോദനമായിരുന്നു. ‘ജനരഞ്ജിനി’ എന്ന് ആദ്യ മലയാളം ഫോണ്ട് കണ്ട് കണ്ണുതള്ളി നില്‍ക്കുന്ന സമയം. കൈയ്യോടെ അന്നത്തെ വിന്‍ഡോസ് 3.1-ഇല്‍ ഫോക്സ്പ്രോയുടെ ആദ്യ വേര്‍ഷനില്‍ ഒരു ചെറിയ ഡാറ്റാബേസ് ഫയലില്‍ അക്ഷരങ്ങളെ ഒതുക്കി ഒരു പ്രോഗ്രാം തട്ടിക്കൂട്ടി. ഒരു വരി മംഗ്ലീഷില്‍ റ്റൈപ്പ് ചെയ്ത് ‘എന്റര്‍’ അടിക്കുമ്പോള്‍ അത് മലയാളത്തില്‍ സ്ക്രീനില്‍ തെളിയും. തെറ്റുണ്ടെങ്കില്‍ തിരുത്താം. വേണമെങ്കില്‍ ഒരു ഫങ്ക്ഷന്‍ കീ ഞെക്കി ട്രാന്‍സിലിറ്ററേഷന്‍ ചെയ്തുകിട്ടിയ ലൈന്‍ ഒരു നോട്ട്പാഡ് ഫയലില്‍ ആഡ് ചെയ്ത് അടുത്ത വരി മംഗ്ലീഷ് അടിയ്ക്കാം. ഒടുവില്‍ ഈ നോട്ട്പാഡ് ഫയല്‍ വേര്‍ഡില്‍ തുറന്ന് ഫോണ്ടും ഫോര്‍മാറ്റും സെറ്റ് ചെയ്താല്‍ മലയാളം ഡോക്യുമെന്റ് റെഡി. അനേകം തിരുത്തിയെഴുത്തുകള്‍ക്ക് ശേഷം ട്രയല്‍ റണ്ണിന് കൂട്ടുകാരെ വിളിച്ചുവരുത്തിയപ്പോള്‍ ആ പാര രവിപ്പിള്ള ആദ്യം പറഞ്ഞ് ട്രയല്‍‌വാക്ക് ഇപ്പോഴും ഓര്‍ക്കുന്നു - ‘മഞ്ജുമഞ്ജീരശിഞ്ജിതമോടെ..’ പിള്ളയുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിയതോടെ കമ്പനിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന എല്ലാ മലയാളികളും സോഫ്റ്റ്വെയര്‍ കോപ്പിയ്ക്കായി എത്തി. ഹിന്ദി, തമിഴ് സുഹൃത്തുക്കള്‍ അവരുടെ സാധ്യതകള്‍ അന്വേഷിച്ചും.  കേരളത്തിനു പുറത്ത് ജനിച്ചുവളര്‍ന്ന, മലയാളം സംസാരിക്കാന്‍ മാത്രം അറിയുമായിരുന്ന സ്നേഹിതന്‍ ആന്റണി ആദ്യമായി അമ്മയ്ക്ക് മലയാളത്തില്‍ എന്റെ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഒരു എഴുത്ത് എഴുതി പോസ്റ്റ് ചെയ്തപ്പോള്‍ അങ്ങേരുടെ മുഖത്ത് തെളിഞ്ഞ പുഞ്ചിരി ഇപ്പോഴും മനസില്‍ തെളിയുന്നു. ഈമെയില്‍ ഇല്ലാതിരുന്ന, ഇന്റര്‍നെറ്റ് ഇല്ലാതിരുന്ന ആ കാലത്ത്, പിന്നെ ഓഫീസ് ജോലിക്കിടെ ബോസിന്റെ കണ്ണുവെട്ടിച്ച് കത്തെഴുതാന്‍ ബുദ്ധിമുട്ടിയിരുന്ന എത്രയോ സുഹൃത്തുക്കളുടെ പ്രണയവും വിരഹവും പരിഭവങ്ങളും ഒക്കെ അതുവഴി നാട്ടിലേക്ക് ഒഴുകി.  എന്റെ ആ,  പ്രത്യേകിച്ച് പേരൊന്നും ഇല്ലാതിരുന്ന, പ്രോഗ്രാമായിരിക്കാം ഒരു പക്ഷേ കീമാന്റെയും കീമാജിക്കിന്റെയും ഒക്കെ മുന്‍‌ഗാമി. നാരായണപിള്ളയെ നന്ദിയോടെ ഓര്‍ക്കാം . ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

30 comments:

 1. പുതിയ അറിവ്. നാരായണപിള്ളയെ നന്ദിയോടെ ഓര്‍ക്കാം ..

  ReplyDelete
 2. വിവരം അത്ഭുതം തന്നെ കാർന്നോരെ, സമയമില്ലത്തതുകൊണ്ട് തൽക്കാലം ചുമടുമായി പോകട്ടെ, വീണ്ടും കാണാം.....

  ReplyDelete
 3. പുത്തന്‍ അറിവിന് നന്ദി.

  ReplyDelete
 4. എനിക്ക് കൂടുതൽ ദൂരം കാണാൻ കഴിയുന്നത് പൂർവ്വികരുടെ ചുമലിൽ ചവിട്ടി നിൽക്കുന്നത് കൊണ്ട് മാത്രം !

  ReplyDelete
 5. Karnor the great.

  (what a pity: I have no malayalam font today)

  ReplyDelete
 6. ഇതൊരു പുതിയ അറിവാണട്ടൊ..!
  നാരായണപിള്ളയെ നന്ദിയോടെ ഓര്‍ക്കണം.. ..

  ReplyDelete
 7. ഗൂഗിളില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിന് മുമ്പ് ഞാന്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഒരു സോഫ്റ്റ്വെയര്‍ ആണ് മാധുരി. Manorama, Keralite ഫോണ്ടുകളാണ് അതില്‍ ഉപയോഗിച്ചിരുന്നത്. അത്, എം. പി. പറഞ്ഞത് പോലെയായിരുന്നു ടൈപ്പ് ചെയ്യേണ്ടത്. :-)

  ReplyDelete
 8. നമ്മളെങ്ങനെ നമ്മളായെന്ന് പറഞ്ഞു തന്നതിന് ഒരു വല്യ താങ്ക്യൂ.. :)

  ReplyDelete
 9. ഇക്കാര്യം ആദ്യമായാണ് അറിയുന്നത് നന്ദി.

  ReplyDelete
 10. കൊള്ളാമല്ലോ ഈ പുതിയ അറിവ്.

  ReplyDelete
 11. വന്നു വായിച്ച എല്ലാർക്കും നന്ദി.. കമന്റിയോർക്ക് ഓരോ നന്ദി എക്സ്ട്രാ..
  @ ഹാഷിക്ക് :)
  ‌@ ചുമട്ടുകാരൻ - ഇവിടെ ആദ്യായിട്ടാ അല്ലേ .. :)
  @ പഥികൻ - വളരെ ശരി
  @ മനോ, അജിത്, വീക്കേ, ഷാബ്ബു, ലിപി, കുമാരൻ, അനിൽ :)

  ReplyDelete
 12. ഈ അറിവ് ഒരനുഭവം തന്നെയായി!

  ReplyDelete
 13. ഇത് അറിയില്ലായിരുന്നു കേട്ടോ. നന്ദി.

  ReplyDelete
 14. എനിക്കും അറിയില്ലായിരുന്നു.

  ഇത് ഫെയ്സ് ബുക്കിലും ബസ്സിലും ഷെയർ ചെയ്യാം.

  ReplyDelete
 15. ഇതൊരു പുതിയ അറിവാണല്ലോ !!! :) നാരായണ പിള്ള കീ ജയ്‌ ..!!!! :D

  ReplyDelete
 16. Thanks for sharing! (English-l thanne kidakkatte!) :)

  ReplyDelete
 17. ഓർമ്മകൾ ഉണ്ടായിരിക്കും,,,

  ReplyDelete
 18. ഇത് ബ്ലോഗ് സോവനീറിൽ ചേർത്തിട്ടില്ലങ്കിൽ കഷ്ടമായിപ്പോകം.......

  ReplyDelete
 19. കൊള്ളാമല്ലോ ഈ പുതിയ അറിവ്,,,,,

  ReplyDelete
 20. സജീം, അപ്പു, ഡോക്ടര്‍, രഞ്ജു, ബിജു, മിനിറ്റീച്ചര്‍, പ്രദീപ് - നന്ദി..

  കൊട്ടോട്ടിക്കാരാ - എവിടെവേണമെങ്കിലും ചേര്‍ത്തോളൂ. മുകളില്‍ പഥികന്‍ പറഞ്ഞതുപോലെ പൂര്‍വ്വികരുടെ ചുമലില്‍ ചവിട്ടി നില്‍ക്കുന്നതുകൊണ്ടല്ലേ നമുക്ക് മുന്നോട്ട് കൂടുതല്‍ ദൂരം കാണാന്‍ കഴിയുന്നത്. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

  ReplyDelete
 21. പുതിയ അറിവു പകര്‍ന്നു തന്നതിനു നന്ദി കാര്‍ന്നോരേ..!
  ആദ്യം ഞാന്‍ അക്ഷരങ്ങളൊക്കെയൊന്നു പഠിക്കട്ടെ എന്നിട്ടുവേണം
  വല്ലതുമെഴുതാന്‍..!!:)
  തീര്‍ച്ചയായും ഓർമ്മകൾ ഉണ്ടായിരിക്കും.

  ആശംസകള്‍..!!

  ReplyDelete
 22. അതേയതേ.. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം...
  നല്ല ഓര്‍മ്മപ്പെടുത്തല്‍ കാര്‍ന്നോരെ... :)

  ReplyDelete
 23. ഓര്‍മ്മകള്‍ ഉണ്ടായിരിക്കാന്‍ ഉണര്‍ത്തിയ ഈ പോസ്റ്റ് ഉപകാരമായി..
  വന്ന വഴികള്‍ മറന്ന്, കാര്‍ന്നോന്മാരെ മറന്ന് നടക്കുന്നവര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍ നന്നായി കാര്‍ന്നോരെ

  ReplyDelete
 24. ഇതു് ഒരു തോണ്ടലായി കണക്കാക്കരുതെ.

  ജനരഞ്ജനിക്കുവേണ്ടി ഫോര്‍ട്രാനുപയോഗിച്ചു് താങ്കള്‍ ഒരു ട്രാന്‍സ്ലിറ്ററേഷന്‍ അധിഷ്ഠിത ഇന്‍പുട്ട് മെഥേഡ് സൃഷ്ടിച്ചുകാണണം. എന്നാല്‍ ഇടയ്ക്കിടെ ഓര്‍മ്മകളുണ്ടായിരിക്കണം എന്നു പറഞ്ഞുള്ള ഈ പോസ്റ്റ് (കമന്റുകളും) വായിച്ചപ്പോള്‍ i felt, you are raising a claim to fame.

  ജനരഞ്ജിനി വരുമ്പോള്‍ അവര്‍ ക്യാരക്റ്റര്‍ മാപ്പില്‍ നിന്നു് ടൈപ്പ് ചെയ്യാനാവില്ലല്ലോ ഉദ്ദേശിച്ചിട്ടുണ്ടാവുക. there ought to have been some input method. എന്നാല്‍ അതിനു പുറമേ താങ്കള്‍ ടൈപ്പിങ് വശമില്ലാത്തവര്‍ക്കു് ഉപയോഗിക്കാനാവുന്ന ഒരു input രീതി ആവിഷ്കരിച്ചെങ്കില്‍ അന്നത്തെ സാങ്കേതിക പരിമിതിയില്‍ അതു് ഒരു വലിയ വിജയമായിരുന്നിരിക്കണം. പ്രത്യേകിച്ചു് താങ്കള്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയിലെ ഒട്ടധികം പേര്‍ അതുപയോഗിച്ചിട്ടുമുണ്ടെങ്കില്‍. അങ്ങനെയുള്ള നേട്ടം അന്നു് എന്തുകൊണ്ടു് പരസ്യപ്പെടുത്താനോ പത്രങ്ങളിലൂടെ അറിയിച്ചു് കൂടുതല്‍ പേര്‍ക്കു് പ്രാപ്യമാക്കാനോ അതല്ലെങ്കില്‍ ഏതെങ്കിലും മെയ്‌ലിങ് ലിസ്റ്റുകള്‍ വഴി പ്രചരിപ്പിക്കാനോ ശ്രമിച്ചില്ല?

  അതൊരു കുറ്റമോ കുറവോ ആയി പറയുകയല്ല, പക്ഷെ അത്തരമൊരു enthusiasm താങ്കളുടെ ഭാഗത്തുനിന്നു് ഉണ്ടാവാഞ്ഞതുകൊണ്ടുതന്നെ, അതു് രേഖപ്പെടുത്തപ്പെടാതെ പോയി. അല്ലെങ്കില്‍ അത്തരം രേഖകളുടെ പിന്‍ബലത്തോടെയല്ല, താങ്കള്‍ ഈ കുറിപ്പു് ഇട്ടിരിക്കുന്നതു്. ഇപ്പോള്‍ 2011ല്‍ ഇട്ട ഈ പോസ്റ്റ് താങ്കളുടെ അവകാശവാദം മാത്രമാണു്. സ്വതന്ത്രമായ മൂന്നാംകക്ഷി അവലംബം അതിനില്ല. അതുപയോഗിച്ച ആരും അവിടെ വന്നു് താങ്കളുടെ അവകാശവാദത്തെ സ്വാഭാവികമായി സെക്കന്‍ഡ് ചെയ്തിട്ടില്ല. ഇനിയിപ്പോള്‍ ആരെയെങ്കിലും താങ്കള്‍തന്നെ ഹാജരാക്കിയാലല്ലാതെ. ആ സ്ഥിതിക്കു് ആ ഓര്‍മ്മകളുണ്ടായിരിക്കണം എന്ന പ്രസ്താവം (ആ പ്രസ്താവം കണ്ടതുകൊണ്ടുമാത്രമാണു്, ഇതെഴുതുന്നതു്, കൂടാതെ കടമ്മനിട്ടയുടെ വരികളുപയോഗിച്ചുള്ള തലവാചകവും) വിലകുറഞ്ഞുപോയില്ലേ എന്നു സംശയം.

  മരിച്ചുപോയ ബ്ലോഗര്‍ ചന്ദ്രകുമാര്‍ (അങ്കിള്‍) എന്ന മുന്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ 1985ല്‍ തന്നെ കമ്പ്യൂട്ടറില്‍ മലയാളം അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തതിനെക്കുറിച്ചു് എഴുതിയിട്ടു്. അന്നു് മെയിന്‍ഫ്രെയിമിലോ മറ്റോ അതിനായി പ്രത്യേക സംവിധാനം അദ്ദേഹം ഒരുക്കുകയായിരുന്നു. കേരളഫാര്‍മറുടെ (ചന്ദ്രശേഖരന്‍ നായര്‍) ബ്ലോഗില്‍ ഇതേക്കുറിച്ചു് വിശദമായി എഴുതിയിട്ടുണ്ടു്, അക്കാലത്തു് ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന വിശദമായ വാര്‍ത്ത സഹിതം. അതുകൊണ്ടുതന്നെ അതിനു് വിശ്വാസ്യതയുണ്ടു്. അതേ സമയം താങ്കളുടെ അവകാശവാദത്തിന്റെ വിശ്വാസ്യത, താങ്കള്‍ കള്ളം പറയില്ല എന്ന അനുമാനത്തിന്റെ മാത്രം ബലത്തിലാണു് നിലനില്‍ക്കുന്നതു്. താങ്കളുടെ പരിശ്രമത്തേയോ നേട്ടത്തെയോ ഒരു തരത്തിലും കുറച്ചുകണ്ടുകൊണ്ടല്ല ഇതു പറയുന്നതു് എന്നു പ്രത്യേകം എടുത്തുപറയട്ടെ.

  ReplyDelete
 25. സെബിൻ.. വന്നതിനു നന്ദി.. ഇത് അവിടുന്നു കോപ്പി ചെയ്ത് ഇവിടേം പേസ്റ്റിയിരുന്നോ? എല്ലാവരും പ്രശസ്തിയ്ക്ക വേണ്ടി മാത്രമല്ലല്ലോ പ്രവർത്തിക്കുന്നത്. അത് എന്റെ ഒരു ഹോബിയെന്നേ എനിയ്ക്ക് കണക്കാക്കാനാവൂ. ഓർമ്മകൾ ഉണ്ടായിരിക്കണം.. എന്നെയല്ല.. എം പി നാരയണപിള്ളയെ :) [അവകാശവാദത്തിനു തെളിവുകൾ തന്നാൽ ഒരു പൊന്നാടയ്ക്ക് വകുപ്പുണ്ടോ :)18 വർഷം മുൻപത്തേ ക്ലയന്റ് ലിസ്റ്റ് ഒന്നു തപ്പട്ടെ :)]

  ReplyDelete
 26. എം.പി. നാരായണപ്പിള്ളയെക്കുറിച്ച് എഴുതിയിരിക്കുന്നതു ശരിയാവണം. കാരണം ഇന്റർനെറ്റൊന്നുമില്ലാതിരുന്ന 1992 കാലത്തു് കമ്പ്യൂട്ടർ ഉപയോഗിച്ച് മലയാളത്തിലും ടൈപ്സെറ്റ് ചെയ്യാമെന്നും അതിനുമപ്പുറം മലയാളം വാക്കുകൾ ലിപിയുടെ പരിമിതികളില്ലാതെ യന്ത്രമുപയോഗിച്ച് (ടെലിപ്രിന്റർ) "കടൽ കടത്താ"മെന്നും ഉള്ള ആശയം അതിനു വലിയ ഭാവിസാദ്ധ്യതകളുണ്ടെന്നും മനസ്സിലാക്കിയിരുന്ന, അത്തരമൊരു ആശയം ഉൾക്കൊള്ളാൻ തയ്യാറായിരുന്ന, ഞാൻ കണ്ട ആദ്യത്തെ മനുഷ്യനായിരുന്നു നാരായണപിള്ള.

  1992ലെ ചരിത്രപ്രധാനമായ ബഡ്ജറ്റിനെക്കുറിച്ച് (രൂപയുടെ വിനിമയമൂല്യം താഴ്ത്തിയതും സ്വർണ്ണത്തിന്റെ വൻ ഇറക്കുമതിനികുതി ഇല്ലാതാക്കിയതും അതുവഴി മുംബൈ അധോലോകസാമ്രാജ്യത്തിന്റെ തന്നെ സാമ്പത്തികനട്ടെല്ലുതകർത്തതും ആ ബഡ്ജറ്റിലായിരുന്നു.)നാരായണപിള്ള കലാകൗമുദി ദിനപത്രത്തിൽ ലളിതവും എന്നാൽ അർത്ഥപുഷ്ടവുമായ ഒരു ദീർഘലേഖനം എഴുതിയിരുന്നു. ഇതുവായിച്ച ആവേശത്തിലാണു് അദ്ദേഹത്തെ എങ്ങനെയെങ്കിലും കാണണമെന്നുറച്ച് ഞാൻ ആ യഥാർത്ഥജീനിയസ്സിന്റെ ഓഫീസിൽ എത്തിപ്പെട്ടതു്. എന്നാൽ ഞങ്ങളുടെ സംസാരവിഷയം എന്റെ ജോലിമേഖലയായ കമ്പ്യൂട്ടറിലേക്കും അതുപയോഗിച്ച് നാട്ടുഭാഷകൾ കൈകാര്യം ചെയ്യുന്നതിലേക്കും തിരിഞ്ഞു. എത്ര മാത്രം ആവേശത്തോടെയും ദീർഘദർശിത്വത്തോടെയുമാണു് അദ്ദേഹം സംസാരിക്കുന്നതെന്നോർത്ത് അത്ഭുതം പൂകാനേ എനിക്കായുള്ളൂ. (എന്റെ മുൻജോലിയിൽ, ചില ഓഫീസ്-സൈറ്റ് ആശയവിനിമയങ്ങളിൽ ട്രാൻസ്‌ലിറ്ററേഷൻ (മങ്ലീഷ് / ഹിങ്ഗ്ലീഷ്) അപ്പോഴേക്കും തികച്ചും പ്രയോജനപ്രദമായി ഉപയോഗിച്ചു ശീലമാക്കിയിരുന്നു. ഇംഗ്ലീഷ് കഷ്ടി വായിക്കാൻ മാത്രമറിയാവുന്ന മലയാളി/യു.പി./ബിഹാറി ഫാബ്രിക്കേഷൻ തൊഴിലാളികൾക്കു് ഓട്ടോകാഡ് ഡ്രോയിങ്ങുകളിലും അസംബ്ലി ചെൿ ലിസ്റ്റുകളിലും മറ്റും നാടൻ വാക്കുകൾ ഇംഗ്ലീഷിൽ ചേർത്ത് അയച്ചുകൊടുപ്പിക്കുന്നതായിരുന്നു ഈ 'ആപ്ലിക്കേഷൻ'. അതിനുവേണ്ടി മലയാളം/ഹിന്ദി ഫോണ്ടുകൾതന്നെ ഷേപ്പ് ഫയലുകളായി ചിലതുണ്ടാക്കിയിരുന്നെങ്കിലും അവയൊന്നും പൂർണ്ണമായി വികസിപ്പിച്ചിരുന്നില്ല.)

  2007ൽ ഞാൻ ഒരാഴ്ച്ച നാട്ടിൽ ലീവിനു വന്നിരുന്നു. ഏറെക്കാലമായി കണ്ടുമുട്ടണമെന്നാഗ്രഹിച്ചിരുന്ന അങ്കിളിനേയും കുടുംബത്തേയും തിരുവനന്തപുരത്തുചെന്നുകാണുക എന്നതായിരുന്നു അതിലൊരു പ്രധാന ലക്ഷ്യം. യാത്രയിൽ അഞ്ജലി ഓൾഡ് ലിപിയുടെ സ്രഷ്ടാവായ കെവിനേയും കൂടെ കൂട്ടിയിരുന്നു. SMCയിലെ അനിവർ, ഹുസ്സൈൻ മാഷ്, ബ്ലോഗർമാരായ ആദർശ്, ചന്ദ്രശേഖരൻനായർ,പ്രതീഷ് എന്നിവരും ആ വിലപ്പെട്ട രാത്രിയിൽ ഞങ്ങളോടൊപ്പം കൂടി. മലയാളം യുണികോഡ് ഫോണ്ടുകളുടെ ചരിത്രത്തെപ്പറ്റി പറയുന്നതിനിടയിൽ, മുകളിൽ എഴുതിയ സംഭവത്തിന്റെ കാര്യവും അയവിറക്കികൊണ്ടിരിക്കുമ്പോളാണു് അങ്കിൾ (ചന്ദ്രകുമാർ) പഴയൊരു (1986) പത്രക്കടലാസുതുണ്ട് എടുത്തുകൊണ്ടുവന്നു് ഞങ്ങളെ കാണിച്ചതു്. അതിലാണു് സെബിൻ മുകളിലെഴുതിയ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നതു്. (http://vyakthiparichayam.blogspot.in/2011/01/blog-post.html)


  ഇപ്പോൾ ഇക്കാര്യങ്ങൾ ഇവിടെ ഒന്നിച്ചുചേർത്ത് എഴുതിയിടാൻ നല്ല കൗതുകം തോന്നുന്നു. എങ്ങനെയാണു് ചരിത്രത്തിന്റെ പഴയ ഏടുകളും നൂലുകളും ആകസ്മികമായി പരസ്പരം കണ്ടെത്തിപ്പിടിക്കുന്നതെന്നും അന്യോന്യം തുന്നിക്കൂടുന്നതെന്നും ഓർത്തു് അത്ഭുതം കൊള്ളുവാൻ രസം തോന്നുന്നു.

  ഇപ്പറയുന്ന സംഭവങ്ങൾക്കൊന്നും നമുക്കൊരിക്കലും ആധികാരികമായ അവലംബങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞെന്നുവരില്ല. എങ്കിലും, മറ്റെല്ലായിടത്തുമെന്ന പോലെ ഐതിഹ്യങ്ങൾക്കും ചരിത്രങ്ങൾക്കുമിടയിലുള്ള ഭൂതകാലസാദ്ധ്യതകളായെങ്കിലും നമുക്കിവയെ ഓർത്തെടുത്തെഴുതിവെക്കാം.

  കമ്പ്യൂട്ടറുകൾ ഏറെക്കുറെ പ്രചാരത്തിലായതിനുശേഷം, എന്നാൽ ഇന്റർനെറ്റ് വരുന്നതിനുമുമ്പ്, പല അവനവൻദ്വീപുകളിലുമിരുന്നു് നൂറുകണക്കിനാളുകൾ ഇതുപോലെ തന്റേതായ മാതൃഭാഷാ/ലിപി/ഇൻപുട്ട് ശ്രമങ്ങൾ നടത്തിയിട്ടുണ്ടാവാം. അവയിൽ പലതും ആരോരുമറിയാതെ വിസ്മൃതമായിപ്പോയിട്ടുമുണ്ടാവാം....

  ReplyDelete
 27. വിശ്വപ്രഭ..
  ദീർഘമായ കമന്റിനും ഈ വിലയേറിയ വിവരങ്ങൾക്കും നന്ദി. 1990 കളിൽ ഡോസ് മാറി വിൻഡോസ് വന്നപ്പോൾ ഉണ്ടായ സന്തോഷവും പിന്നെ ആദ്യമായി ഒരു മലയാളം ഫോണ്ട് കണ്ടപ്പോഴുണ്ടായ സന്തോഷവും ഒക്കെ ഇപ്പോൾ ഇത്രയും വളർന്ന് നിൽക്കുന്ന ഇ-മലയാളത്തിനു മുന്നിൽ പറഞ്ഞ് അറിയിക്കാൻ ബുദ്ധിമുട്ടാണ്. 1994-95 കളിൽ സ്ഥിരമായി വായിക്കാറും കളക്റ്റ് ചെയ്യാറും ഉണ്ടായിരുന്നൊരു പക്തിയായിരുന്നു ശ്രീ എം പി യുടെ കൗമുദി കോളം. ഇപ്പോഴും അന്നത്തേ കളക്ഷൻ എന്റെ കൈയ്യിലുണ്ട്. പലവിഷയങ്ങളേ കുറിച്ചും അദ്ദേഹത്തിന്റെ ചിന്ത പോകുന്ന വഴി ആലോചിച്ച് അന്തം വിട്ട് ഇരുന്നിട്ടുണ്ട്. ഈ മാറ്റർ കണ്ട് ആശയത്തിൽ ആവേശം കൊണ്ട് അങ്ങനെ ഒരു ചെറിയ പ്രോഗ്രാം വഴി ഒരു കത്തും എഴുതി അതിൽ ഒരു മലയാളം കവിതയോ മറ്റോ ആദ്യം മംഗ്ലീഷിലും പിന്നെ മലയാളത്തിലും പ്രിന്റ് ചെയ്ത് അദ്ദേഹത്തിന് അയയ്ക്കാൻ വച്ചിരുന്നു. അബുദാബിയിൽ നിന്നും 3-4 മണിക്കൂർ യാത്രവേണ്ട ഹബ്ഷാൻ മരുഭൂമിയിൽ നിന്നും പുറം ലോകവുമായി ബന്ധപ്പെടാൻ സാധ്യത കുറവായിരുന്നതിനാൽ അഡ്രസ് തപ്പിപ്പിടിക്കാനോ അയയ്ക്കാനോ സാധിച്ചില്ല എന്നാണ് ഓർമ്മ. വീണ്ടും നന്ദി. :)

  ReplyDelete
 28. https://www.facebook.com/groups/malayalamblogers/permalink/790582930952206/

  ReplyDelete
 29. തീര്‍ച്ചയായും... ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ആദരവോടെ നമസ്‌കരിക്കുന്നു. ഈ അറിവ് പങ്കുവെച്ചതിന് നന്ദി.

  ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..