Sunday, May 23, 2010

ഉപ്പില്ലാത്ത കഞ്ഞി .... !!

ഹൈസ്കൂള്‍ കാലഘട്ടത്തിലെ ഒരു ഓട്ടോഗ്രാഫ് ലിഖിതം.



“നീയില്ലാത്ത ജീവിതം എനിയ്ക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്, ഗ്യാസില്ലാത്ത സോഡ പോലെയാണ്, വള്ളിയില്ലാത്ത കളസം പോലെയാണ്”


ഇപ്പോ ഇത് ഓര്‍ക്കാന്‍ എന്താ കാരണമെന്നോ? പറയാം.

കമ്മ്യൂണിസം, സോഷ്യലിസം - ലോകം കണ്ട ഒരു നല്ല ആശയം. പിന്നെ എന്തുകൊണ്ട് ലോകം ഈ ആശയത്തേ തിരസ്കരിക്കുന്നു. പ്രായോഗിക തലത്തില്‍ അതിനെ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ പരാജയം ഒരു കാരണം.
ഇംഗ്ലീഷ് - ലോക ഭാഷ; ഹിന്ദി - രാഷ്ട്ര ഭാഷ; മലയാളം/തമിഴ് - പ്രാദേശിക ഭാഷകള്‍. ഇന്നത്തെ പാര്‍ട്ടികളേ ഇതേ രീതിയില്‍ തരം തിരിച്ചാല്‍ - ലോകം സ്വീകരിക്കേണ്ട പാര്‍ട്ടി/ആശയം - കമ്മ്യൂണിസം; രാഷ്ട്ര“പാര്‍ട്ടി” - കോണ്‍ഗ്രസ്സ്; പ്രാദേശിക പാര്‍ട്ടി-കേരള കോണ്‍ഗ്രസ്സ്/ഡിയെംകെ.... ലോകം രണ്ടും മൂന്നും ആശയങ്ങളെ നെഞ്ചിലേറ്റാന്‍ നിര്‍ബ്ബന്ധിതരാകുന്നത് ഒന്നാമതാകേണ്ട ഒരു ആശയത്തിന്റെ പരാജയം മൂലമല്ലേ ?? അതേ കാരണങ്ങള്‍ അവരെ പ്രാദേശികപാര്‍ട്ടികളുടേയും പിറകിലേക്ക് തള്ളുന്നു. 

സോഷ്യലിസം - മഹത്തായ ആശയം. ലോകം മുഴുവനും എല്ലാവര്‍ക്കും എല്ലാം ഒരു പോലെ. ഇതേ ആശയം അനുസരിച്ച് ലോകത്തിന്റെ എല്ലാ സമ്പത്തും ഒരിടത്ത് ഒന്നിച്ചുകൂട്ടി എല്ലാവര്‍ക്കും ഒരേപോലെ വീതം വച്ച് കൊടുക്കുക. അപ്പോള്‍ എല്ലാവരും ഭൌതികമായി തുല്യരാകുന്നു. പക്ഷേ ഒരു മാസം കഴിയുമ്പോള്‍ പഴയ സമ്പന്നര്‍ എല്ലാം വീണ്ടും സമ്പന്നര്‍ ആകും; പഴയ ദരിദ്രര്‍ എല്ലാം വിറ്റുമുടിച്ച് വീണ്ടും ദരിദ്രരുമാകുന്നു. പ്രായോഗിക തലത്തില്‍ ആശയം പരാജയപ്പെടുന്നു.

ഭൌതിക വാദം ദൈവം ഇല്ല എന്നു വിശ്വസിക്കുന്നു. ബാക്കി സമൂഹം വീണ്ടും രണ്ടു തട്ടില്‍ നില്‍ക്കുന്നു. 

1. ഞാന്‍ ഉള്‍പ്പെടുന്ന ഒരു സമൂഹം(വിവിധ മതങ്ങളിലുള്ളവര്‍) ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നു. തങ്ങള്‍ വിശ്വസിക്കുന്ന ദൈവം മാത്രമാണ് സത്യദൈവം എന്നു വിശ്വസിക്കുമ്പോഴും മറ്റു മതക്കാരെ ആദരിക്കുന്നതില്‍ മടിയില്ലാത്ത ഒരു വിഭാഗം (ചെറിയ ഒരു ശതമാനം മത തീവ്രവാദികള്‍ എല്ലാ മതത്തിലുമുളളത് മറക്കാം). 

2. രണ്ടാം വിഭാഗം ദൈവം ഉണ്ടാവാം എന്നു വിശ്വസിക്കുന്നു. ഇത് ഒരു സാധ്യതയാണ്. ദൈവം ഉണ്ടെങ്കില്‍ വെറുതെ അവിശ്വാസിയായി നരകത്തീയില്‍ വീഴുന്നത് ഒഴിവാക്കാം. ഇനി അഥവാ ഇല്ലെങ്കിലും നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ.. പിന്നെ ഈ ഉണ്ടാവാന്‍ സാധ്യതയുള്ള പരാശക്തി എവിടെയാണ്? അമ്പലത്തിലോ?;പള്ളിയിലോ?;മസ്ജിതിലോ?;ഗുരുദ്വാരയിലോ? ഭൂരിപക്ഷമുള്ള  ഇത്തരം കണ്‍ഫ്യൂസ്ഡ് വിശ്വാസികള്‍ എല്ലാ ദൈവങ്ങളേയും ഒരേപോലെ 50% വീതം വിശ്വസിക്കുന്നു. ഒരേസമയം അമ്പലത്തിലും പള്ളിയിലും പോകുന്നു. ശബരിമലയില്‍ നെയ്തേങ്ങയുടക്കുന്ന അതേ മനസ്സോടെ പരുമലപ്പള്ളിയിലും ഭരണങ്ങാനത്തും മെഴുകുതിരി കത്തുക്കുന്നു; വാങ്ങുന്ന വണ്ടിയില്‍ യേശുവിന്റേയും അയ്യപ്പന്റേയും മസ്ജിതിന്റേയും പടം തൂക്കുന്നു (എല്ലാം ഒരു പടമല്ലേ ?); ഒരു സ്ഥാപനം തുടങ്ങാനോ സിനിമ പിടിയ്ക്കാനോ പൂജയ്ക്കും ഇതേ പടങ്ങള്‍ പൊടിതട്ടി നിരത്തി വിശ്വാസം പ്രദര്‍ശിപ്പിക്കുന്നു. ചുരുക്കത്തില്‍ അടിയുണ്ടാക്കുന്ന അച്ഛനമ്മമാരുടെ ഇടയില്‍ പെട്ട് അഭിപ്രായം പറയേണ്ടിവന്ന മകന്‍ പറഞ്ഞപോലെ ‘അച്ഛന്‍ പറയുന്നത് ശരിയും അമ്മ പറയുന്നത് നേരുമാണ്’ എന്ന രീതി. അവസാനം ചെന്ന് ഏതു ദൈവത്തിന്റെ മുന്നില്‍ നില്‍ക്കേണ്ടിവന്നാലും ഒരു മുഖപരിചയം പറഞ്ഞ് തടിതപ്പാന്‍ കഴിയുമെന്ന അന്ധവിശ്വാസം.

പേടിക്കാന്‍ എവിടെയോ ഏതോ ഒരു പരാശക്തിയുള്ള ഈ രണ്ടു വിഭാഗങ്ങള്‍ ആരെയും പേടിക്കാനില്ലാത്ത ഭൌതികവാദത്തെ എങ്ങനെ ഉള്‍ക്കൊള്ളും? 

എന്താണ് ഭൌതികവാദികളുടെ ദൈവം? തത്വസംഹിതകളും മനഃസാക്ഷിയും എന്ന് അവര്‍ അവകാശപ്പെടുന്നു. ഇതു രണ്ടും ശരിയായി പ്രവര്‍ത്തിക്കുമെങ്കില്‍ അതു മതി. പ്രവര്‍ത്തിക്കുമോ?? ... ആ ... ഒരു ഉറപ്പുമില്ല. മറ്റാരോടും കണക്കുബോധിപ്പിക്കേണ്ടിവരില്ലാത്ത ഒരു അവസ്ഥയില്‍ നാം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് സ്വയം ആലോചിച്ചാല്‍ മതി. അളവുകോല്‍ നമ്മുടെ മനഃസ്സാക്ഷി മാത്രമാവുമ്പോള്‍ അളവ് എങ്ങനെയാകും? ഒരിക്കലും മോഷ്ടിച്ചിട്ടില്ലാത്തവന്‍ വിശപ്പടക്കാന്‍ മോഷ്ടിച്ചവനോട് പൊറുക്കുമോ? വിശപ്പടക്കാന്‍ മാത്രം മോഷ്ടിക്കേണ്ടിവന്നവന്‍ തന്റെ വീടു തുരന്ന് മോഷ്ടിച്ചവനെ വെറുതേ വിടുമോ? അപ്പോള്‍ താന്‍ മാത്രമാണ് അളവുകോല്‍. താന്‍ ചെയ്യുന്നതും പറയുന്നതും ശരി. അതിനപ്പുറമുള്ളത് തെറ്റ്. തെറ്റിപ്പോകുന്നവെരെ എങ്ങനെ നേര്‍വഴിയില്‍ നടത്തും? ഉപദേശിക്കും, പ്രസംഗിക്കും, പഠിപ്പിയ്ക്കും. എന്നിടും ശരിയായില്ലെങ്കില്‍ - സാമം, ദാനം, ഭേദ്യം, ദണ്ഠം. അഴിമതിയും അക്രമവും ഇവിടെ രംഗത്തുവരുന്നു (എല്ലാം ലോകനന്മയ്ക്കു വേണ്ടി എന്നോര്‍ക്കുക - നിങ്ങളെ നേര്‍വഴി നയിക്കാന്‍ ഞങ്ങള്‍ക്ക് എന്തെല്ലാം നയങ്ങള്‍ സ്വീകരിക്കേണ്ടി വരുന്നു).  
വലതുപക്ഷ അഴിമതികഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ ഒരു കമ്യൂണിസ്റ്റ് കേരളം ഉണ്ടായിക്കാണണമെന്ന് നായനാരുടെ കാലം വരെ നിഷ്പക്ഷജനം ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ കേരള നിയമസഭാ ഇലക്ഷനും ഇടതുപക്ഷത്തിന്റെ വിജയത്തില്‍ അവര്‍/ഞങ്ങള്‍ ഉള്ളില്‍ സന്തോഷിച്ചു. പക്ഷേ ആ യുഗം നായനാരോടെ അവസാനിച്ചു എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഇനി ഒരു രാഷ്ട്രീയ നേതാവിനും സാമാന്യ ജനം ഹൃദയപുഷ്പാഞ്ജലികള്‍  അര്‍പ്പിച്ച്  അതുപോലെ ഒരു അന്ത്യ യാത്രയയപ്പ് നല്‍കില്ല.  ഭരണ നേട്ടങ്ങള്‍ക്കുപരി എന്തു കാരണത്താലാണ് അദ്ദേഹത്തെ ജനഹൃദയം കൈക്കൊണ്ടത്? 1. അദ്ദേഹത്തിന്റെ മക്കളെ ഞങ്ങള്‍ക്ക് അറിയില്ല; ഇന്നത്തെ പല രാഷ്ട്രീയനേതാക്കളുടേയും പുത്രീ പുത്രന്മാരെയും ഞങ്ങള്‍ക്ക് നന്നായി അറിയാം. ആ അറിവുകള്‍ ഞങ്ങളെ ആ പാര്‍ട്ടിയില്‍ നിന്നുതന്നേ അകറ്റുന്നു. 2. എതിരാളികള്‍ പോലും അദ്ദേഹത്തെ ആശയവൈരുദ്ധ്യങ്ങള്‍ മൂലമല്ലാതെ അഴിമതി ആരോപണങ്ങളോടെ നേരിട്ടിട്ടില്ല. പക്ഷേ ഇപ്പോഴോ?  വലതുപക്ഷ അഴിമതി കഥകളില്‍ ലക്ഷങ്ങള്‍ വരെ കേട്ടിരുന്ന ഞങ്ങള്‍ കോടികള്‍ കേട്ടുതുടങ്ങിയത് സാന്റിയാഗോ/ലിസ്/ദേശാഭിമാനി കേസുകളിലാണ്. 
കേരളജനത ഒന്നാകെ പിന്തുണച്ചതും ദേശീയമാധ്യമ ശ്രദ്ധ അഭിമാനകരമായരീതില്‍ നേടിയതുമായ ആദ്യ മനുഷ്യച്ചങ്ങല തീര്‍ത്ത ഡിവൈഎഫ്ഐ പ്രസ്ഥാനം ഇന്ന് എവിടെ എത്തിനില്‍ക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടാന്‍ കായികനേരിടല്‍ ഉചിതമെന്ന് ഒരു പ്രസ്ഥാനം തെറ്റിധരിക്കുമ്പോള്‍ അവരുടെ അധഃപതനം തുടങ്ങുന്നു.
 കമ്യൂണിസം “ഉപ്പില്ലാത്ത കഞ്ഞി” ആയി മാറിക്കഴിഞ്ഞിരുക്കുന്നു. ഇനി ഒന്നുകൊണ്ടും അതിന് രുചി വരുത്തുവാന്‍ കഴിയുമെന്ന് വിശ്വസിക്കാനാവില്ല. ആശയപരമായി എതിര്‍ക്കുന്നവരെ ആയുധവുമായി നേരിടുന്ന തത്വസംഹിത ഒഴിവാക്കി രണ്ടാം ഓപ്ഷനായ ദേശീയ പാര്‍ട്ടിയേയോ  മൂന്നാം ഓപ്ഷനായ പ്രാദേശിക പാര്‍ട്ടികളേയോ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നു. ഇനി ചുവപ്പുനിറം ചോരയുടെ നിറം മാത്രമായി ഒതുങ്ങും. കഴുത്തറ്റം അഴിമതിയില്‍ മുങ്ങിയ ജയലളിത/മായാവതി പോലെയുള്ളവരുമായി അധികാരക്കസേര പങ്കുവയ്ക്കാന്‍ സഖ്യ ചര്‍ച്ചയ്ക്കിരുന്നപ്പോള്‍ പൊതുജനം തങ്ങളുടെ മനസ്സില്‍ ചെങ്കൊടി താഴ്ത്താന്‍ തുടങ്ങി. നിങ്ങള്‍ തന്നെ കെട്ടിയേല്‍പ്പിച്ച സ്പീക്കര്‍ സ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ശരിയായ രീതിയില്‍ വെച്ചൊഴിയാന്‍ അനുവദിക്കാതെ “പാര്‍ട്ടിയാണ് ജനങ്ങളേക്കാളും ഉത്തരവാദിത്തങ്ങളേക്കാളും വലുത്” എന്നു പ്രഖ്യാപിച്ച് സോമനാഥചാറ്റര്‍ജിയെ പുറത്താക്കിയപ്പോള്‍/  അദ്ദേഹം അധികാരക്കസേരയില്‍ തൂങ്ങിക്കിടക്കാന്‍ ആഗ്രഹിക്കുന്ന നിങ്ങളില്‍ ഒരുവനെപ്പോലെയാണെന്ന് നിങ്ങള്‍ വ്യാഖ്യാനിച്ചപ്പോള്‍ ജനം നിങ്ങളെ തിരിച്ചറിഞ്ഞു. നിങ്ങളുടെ തൊഴിലാളി സംഘടനയിലെ ഒരു ഡ്രൈവര്‍, നിങ്ങള്‍ സമരം പ്രഖ്യാപിക്കുന്ന നിമിഷം, പകുതി ഓടിയ വണ്ടി അടുത്ത സ്റ്റാന്‍ഡിലോ ലക്ഷ്യത്തിലോ എത്തിയ്ക്കേണ്ട ബാധ്യത നിറവേറ്റിയശേഷം നിങ്ങളുടെ സമരത്തില്‍ പങ്കാളിയാകേണ്ടതിനു പകരം നിറയെ യാത്രക്കാരുമായി വാഹനം പെരുവഴിയില്‍ ഉപേക്ഷിച്ച് നിങ്ങളോടു ചേരണമായിരുന്നു; അല്ല എങ്കില്‍ അയാള്‍ പാര്‍ട്ടിവഞ്ചകനാണ് എന്നു പറയുന്നതുപോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. ഈ ചെറിയ ഉത്തരവാദിത്തം (അധികാരക്കണ്ണില്‍ കൂടി നോക്കുമ്പോള്‍) വിശ്വസ്ഥതയോടെ ജനങ്ങള്‍ക്ക് ബോധ്യം വരുന്ന വിധത്തില്‍ നിറവേറ്റാന്‍ കഴിയാഞ്ഞ ഒരു പാര്‍ട്ടിയെ ഭാരതത്തീന്റെ/കേരളത്തിന്റെ ഭരണമെന്ന വലിയ ഉത്തരവാദിത്തം എങ്ങനെ വിശ്വസിച്ച് ഏല്‍പ്പിക്കും.

കേരളം പതിവുപോലെ അടുത്ത തിരഞ്ഞെടുപ്പില്‍ വലതുപക്ഷത്തിന് അവസരം കൊടുക്കും. അഴിമതിയില്ലാത്താ ഉറച്ച ഒരു ഭരണം കേരളജനതയ്ക്ക് കിട്ടും എന്ന അന്ധവിശ്വാസത്താലല്ല. നമ്മുടെ ഖജനാവില്‍ നിന്നും ഒരു രൂപ അടിസ്ഥാന സൌകര്യവികസനത്തിന് ചിലവായാല്‍ 70 പൈസ പലരുടേയും വായില്‍ പോയാലും ഒരു 30 പൈസയുടെ വികസനം നമ്മുടെ റോഡ്/വാഹന/ആരോഗ്യ മേഖലകളിലും ഐറ്റി/തുറമുഖ/വാണിജ്യ/മറ്റുതൊഴില്‍ മേഖലകളിലും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ പേടികൊണ്ടാണെങ്കില്‍ പോലും മുഖത്ത് പുച്ഛവും ധാര്‍ഷ്ഠ്യവും ഇല്ലാത്ത ഒരു രാഷ്ട്രീയ നേതൃത്വത്തേ പ്രതീക്ഷിക്കുന്നു. ലോകം മാനിക്കുന്നവരെ അവജ്ഞയോടെ പരാമര്‍ശിക്കുന്ന/വിവരക്കേട് പറയുന്ന  മാനസികനില തെറ്റിയ നേതൃത്വം ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്കും ഭൂഷണമല്ല. ചില നേതാക്കന്മാരുടെ വാക്കുകള്‍ ഓര്‍ക്കാം.
1. എ പി ജെ അബ്ദുല്‍ കലാമിനെപ്പറ്റി - “ ഓ അയാള്‍ ആകാശത്തേക്ക് വാണം വിടുന്നവനല്ലേ?”
2. “കേന്ദ്രത്തീന്ന് കൊറേ കൊജ്ഞാണന്മാര്‍ വന്ന് അണ്ടിപ്പരിപ്പും തിന്ന് കരിക്കും കുടിച്ചേച്ച് പോം. അതാ ദുരിതാശ്വാസ നിരീക്ഷണം”
3. “ആരെങ്കിലും ഞങ്ങടെ പാര്‍ട്ടിയാഫീസ് തൊട്ടാല്‍ അവന്റെ കൈ വെട്ടും” - ഇത് പക്വതയില്ലാത്ത ഒരു അണി പറഞ്ഞതല്ല.
4. “ഹര്‍ത്താലിന്റെ ദിവസം ഏതെങ്കിലും ഒരു സ്ത്രീയുടെ കൊച്ചു ചത്താല്‍ അത് സ്വാഭാവികമാ അതില്‍ പാര്‍ട്ടിയ്ക്ക് ഒന്നും ചെയ്യാനില്ല” [കുറഞ്ഞപക്ഷം ഖേദം പ്രകടിപ്പിച്ചുകൂടെ?  അനുശോചിച്ചുകൂടെ?]
5. “കേന്ദ്ര അന്വേഷണം എന്നു പറഞ്ഞാല്‍ നമുക്ക് ഈ രോമം പോലാ” (ആക്ഷന്‍ സഹിതം)
6. “തലയില്‍ മുണ്ടിടു ഷാപ്പില്‍ കയറി രഹസ്യമായി കഴിക്കേണ്ട ഗതികേടുമാറി മദ്യം തീന്മേശയില്‍ മാന്യമായി കഴിക്കാവുന്ന ഗതി വരണം”
7. “കേരള ജനങ്ങള്‍ പട്ടിണിപറഞ്ഞു കരയാതെ മുട്ടയും പാലും കഴിച്ചുകൂടെ.. വേണമെങ്കില്‍ ഒരു കോഴിയേയും കൊന്നു കറിവച്ചാല്‍ ഊണും കുശാല്‍” (എന്തൊരു യാഥാര്‍ത്ഥ്യബോധം!!)


നമ്മള്‍ എന്താ ഇങ്ങനെ? എന്താണ് ഒരു പോംവഴി?
1. സ്വാതന്ത്ര്യം എന്നാല്‍ കയറൂരിവിടല്‍ എന്ന് അര്‍ത്ഥമില്ല. നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാകണം.
2. വിനയവും വിദ്യാഭ്യാസവും ദിശാബോധവുമില്ലാത്ത ഒരു നേതാവ്, അതിവേഗം പുരോഗമിക്കുന്ന ഈ നൂറ്റാണ്ടില്‍, അന്ധനായ വഴികാട്ടിയ്ക്ക് തുല്യനാണ് 
3. ബന്ദിനും ഹര്‍ത്താലിനും പോലീസിന്റെ നെഞ്ചത്ത് കയറുന്നതിനും പകരം പുതിയ സമരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ഉദാഹരണമായി : - നമ്മുടെ അച്ചുതാനന്ദനോ കരുണാകരനോ ഒരു ദിവസം നിരാഹാരം കിടക്കുന്ന ശക്തി ഒരു കേന്ദ്രവിരുധഹര്‍ത്താലിനോ ട്രയിന്‍ തടയലിനോ ഉണ്ടോ? അവരുടെ പ്രായവും ആരോഗ്യാവസ്ഥയും കേന്ദ്രത്തിന്റെ ഉറക്കം കെടുത്തില്ലേ? സംഘടിതമായി സമരം വേണ്ടിവരുമ്പോള്‍ അവധിയെടുത്തും ജോലി ചെയ്യാം/ 24 മണിക്കൂറും ജോലി ചെയ്യാം/ ആഹാരം കഴിക്കാതെ ജോലി ചെയ്യാം (ഏതോ വിദേശത്ത് ഒരു ചെരിപ്പു കമ്പനിയില്‍ ഇടത് കാലിലെ ചെരിപ്പുമാത്രം നിര്‍മ്മിച്ച് തൊഴിലാളികള്‍  സമരം ചെയ്തത് കേട്ടിട്ടുണ്ട്. അവര്‍ തൊഴില്‍ മുടക്കിയില്ല. സമരം തീര്‍ന്നപ്പോള്‍ വലതുകാലിലെ ചെരിപ്പുകള്‍ നിര്‍മ്മിച്ച് ജോലി മുഴുമിച്ചു. കമ്പനിയ്ക്കോ നാടിനോ നഷ്ടമില്ല. പൊതുമുതല്‍ നശിപ്പിച്ചില്ല). ഈ മാര്‍ഗ്ഗങ്ങള്‍ പൊതുജനപിന്തുണയും മാധ്യമശ്രദ്ധയും നേടില്ലേ? ഇന്ന് നമ്മള്‍ സമരം ചെയ്യുന്നത് ഇംഗ്ലീഷുകാരോടല്ലല്ലോ. കണ്ണു തുറപ്പിക്കുക എന്ന സമരലക്ഷ്യം പിടിച്ചുവാങ്ങുക(അര്‍ഹമായതും അനര്‍ഹമായതും) എന്ന ധാര്‍ഷ്ട്യത്തിന് വഴി മാറുമ്പോള്‍ നഷ്ടം നാടിനുമാത്രം.
4. കടമകളേപ്പറ്റി ബോധമില്ലാത്തവന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതില്ല. തൊഴിലെടുക്കുന്നവന്‍ സംരക്ഷിക്കപ്പെടേണ്ടപ്പോള്‍ തന്നെ തൊഴിലെടുക്കാത്തവന്‍ ശിക്ഷിക്കപ്പെടാനും നിയമമുണ്ടാവണം. ഒരു വര്‍ഷം നിര്‍ബ്ബന്ധിത പട്ടാളജോലി ആയാലും കുഴപ്പമില്ല. നമ്മള്‍ തിരഞ്ഞെടുത്ത് കയറ്റുന്നവരെ തിരിച്ചിറക്കാനും നമുക്ക് സ്വാതന്ത്ര്യവും അവസരവും ഉള്ളപ്പൊഴേ ജനാധിപത്യം പൂര്‍ണ്ണമാകൂ. പത്തു ശതമാനം പോലും ജനപിന്തുണ നേടാന്‍ കഴിയാഞ്ഞ സ്ഥാനാര്‍ത്ഥികളേയും പാര്‍ട്ടികളേയും വീണ്ടും അവസരം നല്‍കുന്നതില്‍ നിന്നും നിരോധിച്ചാല്‍ കുതിരക്കച്ചവടം അവസാനിച്ച് രാഷ്ട്രീയം ശുദ്ധമാകും. എഞ്ചിനീരറിങ്/ഡോക്ടറ് തുടങ്ങിയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സര്‍ക്കാരിന്റെ സൌജന്യ നിരക്കിലും സംവരണം മൂലവും ലഭിക്കുന്നവര്‍ 5 വര്‍ഷമെങ്കിലും കേരളത്തില്‍/ഇന്ത്യയില്‍ തന്നെ സേവനം ചെയ്യണം എന്ന് നിയമമുണ്ടായാല്‍ ഈ അടിസ്ഥാന മേഖലകളിലെ വിദഗ്ദ്ധരുടെ ക്ഷാമവും അവികസിത സ്ഥലങ്ങളിലെ സ്ഥിരം അവധിബാധയും അനാവശ്യ ശമ്പളവര്‍ധന സമരങ്ങളും കുറയില്ലേ?
5. കോടികള്‍ ലാഭമുണ്ടാക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വായ്പകൊടുക്കുന്ന ബാങ്കുകള്‍ക്കും കാര്‍ഷിക വിളകള്‍ ഇന്‍ഷുര്‍ ചെയ്യാന്‍ ബാധ്യതയുണ്ടെന്നുവന്നാല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റം വരില്ലേ? എന്നും നമുക്കാവശ്യമായ അന്നം ഉല്പാദിപ്പിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്ന നമ്മുടെ നാട്ടില്‍ അല്പം മാത്രം ഉപയോഗമുള്ള സ്വര്‍ണ്ണം വില്‍ക്കുന്നവന്‍ കൊഴുത്തു തടിക്കുന്നത് എന്തൊരു വിരോധാഭാസം.
6. സൌജന്യ വിദ്യാഭ്യാസം/ സംവരണം ഇവ ഏത് തലം വരെ വേണം.

Monday, May 10, 2010

മാണിസാറ് മരത്തില്‍ കണ്ടത്... !!

നുമ്മ മനസില്‍ കാണുന്നത് മാണിസാര്‍ മരത്തില്‍ കാണും.
(മാ: = മാണി, ചെ:= ചെന്നിത്തല, ഉ:=ഉമ്മന്‍ ചാണ്ടി, ജോ:= പി ജെ ജോസഫ്)
05-05-2010

രംഗം ഒന്ന്.
മാ: ഹലോ... ഹലോ..രമേശ് ചെന്നിത്തലയല്ലേ ..?
ചെ: അതേ .. ആരാ .. മുരളിയാണോ.. ഞാന്‍ പറഞ്ഞില്ലേ ഇങ്ങനെ അരമണിക്കൂര്‍ എടവിട്ട് വിളിക്കണ്ടാന്ന്.. ശെരിയാകുമ്പം പറയാം..
മാ: രമേശാ ഇതു ഞാനാ.. മാണി
ചെ: എന്താ മാണിസാറേ?
മാ: അതേ രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങടെ പൊതുയോഗമൊണ്ട്.. അണികളെ കൈയ്യിലെടുക്കാന്‍ ഞാന്‍ നിങ്ങളെ ഒന്നു ചൊറിയും.. പരിഭവിക്കരുത്.. ബാക്കിയെല്ലാം നമ്മടെ മുന്‍ ധാരണപോലെ പോകുന്നൊണ്ട്.
ചെ: മൈക്കുകിട്ടിയാ മൂന്നാര്‍ മണിയെപോലെ മാണിസാര്‍ ആവുകേലെന്നറിയാം .. എന്നാലും പറേവാ.. ഒരു മയത്തില്‍ മതി..
മാ: നമ്മളു മൂന്നാര്‍ മണീം ജയരാജനും ഒന്നും ആവുകേല.. എന്നാ ശെരി.. ചാണ്ടിയോടുകൂടെ പറഞ്ഞേക്കണേ..
മാ: ഹലോ ജോസഫേ ഞാനാ .. മാണി.. നമ്മടെ പൊതുയോഗം ഒന്നു കഴിഞ്ഞോട്ടെ .. ഞാന്‍ ഒരു അലക്കലക്കുന്നൊണ്ട്.. ചെന്നിത്തലേം ചാണ്ടീം ഒക്കെ നമ്മളുവരച്ച വഴീല്‍ വരുമെന്നേ.. താന്‍ പേടിക്കാതെ.. ഇല്ലത്തൂന്ന് എറങ്ങീട്ട് അമ്മാത്ത് എത്താത്ത സ്ഥിതി ഒന്നും ഞാനായിട്ട് ആക്കുകേല. തന്റെ പേരിലും കുരുവിളേടെപേരിലും ഒരു കേസും അന്വേഷണോം വരുകേല.. പിന്നേ താന്‍ ഒറക്കത്തില്‍ ഞെട്ടുന്നൊണ്ടെന്നോ നെലവിളിച്ചെന്നോ ഒക്കെ നല്ലപാതി പറഞ്ഞെന്ന് ഇവിടെ അവളു പറേന്നേ കേട്ടു.. ഒക്കെ ശെരിയാകുമെടോ.. എന്നാ ശെരി വെക്കുവാ...

രംഗം രണ്ട്.
പൊതുയോഗം.
മാ: “നമ്മളു കൂട്ടുകൂടാന്‍ കൊള്ളാത്തവരാണെങ്കി.. കൂട്ടണ്ടാന്നേ..
സീറ്റില്ലേങ്കി വേണ്ടാന്നേ..
ആരും കൂട്ടിയില്ലേല്‍ ഒറ്റയ്ക്ക് നമക്ക് നിക്കാമെന്നേ
ഞാന്‍ നിയമം പറയാം, വസ്തുത പറയാം, ചരിത്രം പറയാം,
.. ...... ........ .........
...... ....... ........ .....
...... ...... ...... ......”

രംഗം മൂന്ന്.
മാ: ഹലോ.. ചാണ്ടീ.. ഇതു ഞാനാ മാണി.. രാവിലെ എന്തോ കഴിച്ചു..? ഇപ്പൊ എവിടാ ? പിന്നേ.. ഞാന്‍ ചെന്നിത്തലയോടു പറഞ്ഞപോലെ പൊതുയോഗത്തില്‍ നമ്പരിട്ടിട്ടൊണ്ട്.. ഇനി എല്ലാം നിങ്ങടെ കൈയ്യിലാ.. മുറുക്കാനൊള്ളത് മുറുക്കിക്കോണം..
ഉ: ആ .. ഞാന്‍ റ്റീവീല്‍ കണ്ടു.. ശെരി.. ഞാന്‍ ചെന്നിത്തലേ ഒന്നു വിളിച്ചിട്ട് നാളെ പ്രതികരിച്ചോളാം.. എന്നാ ശെരി ..
മാ: ശേരി.. ഞാനാ ജോസഫിനെ ഒന്ന് വിളിക്കട്ടെ..

മാ: ആ.. ജോസഫേ ഞാനാ.. മാണി.. ഇപ്പം തനിക്ക് ഏങ്ങനൊണ്ട്.. ചുക്കുകാപ്പി കുടിച്ചേച്ച് ഒന്ന് ആവി പിടി.. ആ വെറയല്‍ അങ്ങു മാറും.. പി റ്റി തോമസും കൂറുമാറ്റോം ഒന്നും വിഷയമല്ലെന്നേ .. നമക്കറിയാത്ത ഏതു നിയമമാ.. പിന്നെ.. ചാണ്ടീം രമേശും ഒന്ന് കിടുങ്ങീട്ടൊണ്ട്.. അത്തരം അലക്കല്ലേ ഞാന്‍ പൊതുയോഗത്തില്‍ കാച്ചിയത്. രണ്ടും ‘ക’ ‘മ’ ന്ന് മിണ്ടീട്ടില്ലല്ലോ.. സംഗതി നമ്മടെ വഴിക്കുവരും.. നമ്മടെ ശക്തി അവര്‍ക്കറിയാം.. അടുത്ത മന്ത്രിസഭേലും മാണീം ജോസഫും ഒണ്ടാവുമെടോ.. ങാ.. പിന്നേ.. നമ്മടെ ലയനചര്‍ച്ച ഒരു 4-5 ദെവസം കഴിഞ്ഞു മതി, കോട്ടയത്ത് മാതാ അമൃതാനന്ദമയി ഒക്കെ വന്നുപോയി തെരക്കൊഴിയട്ടെ. .. ഏ.. ഏ.. വേറേ എവിടേലും വെച്ചെന്നോ.. ഓ അതിപ്പം നമ്മളു 5-8 പേരു മതിയെങ്കിലും ഇപ്പം കോട്ടയത്തൂന്ന് മാറിയാല്‍ ശെരിയാവുകേല.. പിന്നെ നമ്മളു രണ്ടുപേരുമാവുമ്പം എന്നാ കണക്കു പറയാനാ.. ജോസഫിനൊള്ളത് ജോസഫിന്.. എന്നാ ശെരി.. വെക്കട്ടെ.. ങേ.. ങേ .. കേക്കാന്‍ വയ്യ.. കട്ടായി...

രംഗം നാല്.
ചെ: ഞാന്‍ വളരെ വ്യക്തമായും ശക്തമായും പറയട്ടെ.. ഇപ്പോള്‍ ജോസഫിനെ യുഡിഎഫില്‍ എടുക്കേണ്ട യാതൊരു സാഹചര്യവുമില്ല. ജനങ്ങള്‍ക്ക് ബോധ്യപ്പെടാത്ത ഒരു കൂട്ടുകെട്ട് യുഡിഎഫിനു ഗുണം ചെയ്യില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കൂടാതെ മുന്നണി കൂട്ടായി എടുക്കാത്ത തീരുമാനങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. അതിനായി അധികം സീറ്റും വിട്ടുകൊടുക്കില്ല. ജനങ്ങള്‍ക്ക് അനഭിമതരായ സ്ഥാനാര്‍ത്തികളേയും മുന്നണി പിന്തുണയ്ക്കില്ല....

ഉ: ഞാന്‍ വളരെ വ്യക്തമായും ശക്തമായും പറയട്ടെ.. ഇപ്പോള്‍ ജോസഫിനെ യുഡിഎഫില്‍ എടുക്കേണ്ട യാതൊരു സാഹചര്യവുമില്ല. ജനങ്ങള്‍ക്ക് ബോധ്യപ്പെടാത്ത ഒരു കൂട്ടുകെട്ട് യുഡിഎഫിനു ഗുണം ചെയ്യില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കൂടാതെ മുന്നണി കൂട്ടായി എടുക്കാത്ത തീരുമാനങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. അതിനായി അധികം സീറ്റും വിട്ടുകൊടുക്കില്ല. ജനങ്ങള്‍ക്ക് അനഭിമതരായ സ്ഥാനാര്‍ത്തികളേയും മുന്നണി പിന്തുണയ്ക്കില്ല....

രംഗം അഞ്ച്.
മാ: എന്റെ ജോസഫേ .. സംഗതി കൈവിട്ടു പോയെന്നാ തോന്നുന്നത്.
ജോ: ഇതെന്നാ മാണിച്ചാ ഈ നേരത്ത് ഇങ്ങനെ പറയുന്നത്.
മാ: എന്നു പറഞ്ഞാ ഞാന്‍ എന്തോ ചെയ്യണം. ഒക്കുന്നതുപോലൊക്കെ ഞാന്‍ പയറ്റി നോക്കിയത് ജോസഫിനും അറിയാമല്ലോ. ഒറ്റയ്ക്ക് നിക്കാമെന്നൊക്കെ വാശിക്ക് പറഞ്ഞെങ്കിലും ആ കരുണാകരനും മുരളീം ജേക്കബ്ബും കൂടെ ഡിഐസി ഒണ്ടാക്കിയത് നമ്മളും കണ്ടതാണല്ലോ. നമ്മടെ യോഗത്തിന്റെ പത്തെരട്ടി ആളുമൊണ്ടാരുന്നു. എന്നിട്ടെന്തായി. എന്തുമ്മാത്രം കൈയ്യും കാലുമിട്ടടിച്ചിട്ടാ കരുണാകരന്‍ കോണ്‍ഗ്രസിലും ജേക്കബ്ബ് മുന്നണീലും തിരിച്ചു കേറിപ്പറ്റീതെന്ന് നമ്മളു കണ്ടതല്ലേ? അതീപ്പിന്നെ ആ മുരളി ഇതുവരെ ഗതി പിടിച്ചിട്ടുമില്ല. എനിയ്ക്കും ആ ഗതി വന്നു കാണാനാണോ ജോസഫ് ആശിക്കുന്നേ..
ജോ: ഇതിപ്പം വിളിച്ചെറക്കീട്ട് അത്താഴമില്ലായോ?
മാ: അതിന് ഞാന്‍ തന്നെ കൈ വിട്ടിട്ടില്ലല്ലോ? പിന്നെ നമ്മടെ ലയന വ്യവസ്ഥകളില്‍ ചില മാറ്റങ്ങള്‍ വേണമെന്നു മാത്രം
ജോ: അതു നമ്മള്‍ മുന്നേ സംസാരിച്ചതല്ലേ.. ?
മാ: ആ സാഹചര്യമാണോ ജോസഫേ ഇപ്പോ.. ചാണ്ടി പറേണപോലെ ഇപ്പോ താന്‍ നിന്നാ ഞങ്ങക്ക് കിട്ടാനുള്ള സീറ്റും പോകും. കുരുവിളേടെ കാര്യോം അതു തന്നാ.. അതുകൊണ്ട് ഈ വരുന്ന എലക്ഷന് നിങ്ങള്‍ കൂടെ നിന്നാ മതി.. മത്സരിക്കണ്ട.. പിന്നെ വല്ല ബൈയെലക്ഷനും വരുവല്ലോ. അപ്പോ നോക്കാം.
ജോ: ഇതൊരുമാതിരി മറ്റേടത്തേ പണിയായിപ്പോയല്ലോ മാണിച്ചാ.
മാ: പിന്നേ .. കണ്ട കന്നംതിരിവൊക്കെ കാണിയ്ക്കുമ്പം ഓര്‍ക്കണമാരുന്നു. ആ പെണ്ണുമ്പിള്ള ഒന്നും വീഡിയോയില്‍ പിടിക്കാഞ്ഞത് ഭാഗ്യം
ജോ: എന്നാ പിന്നെ അന്നു വീറു പറഞ്ഞതു പോലെ വിട്ടേച്ച് ഞങ്ങടെ കൂടെ. എടതുപക്ഷത്തേക്ക് വാ.. അടവുനയമാരുന്നെന്ന് വിജയന്‍ പറഞ്ഞോളും.. മാണിച്ചനെ അവര്‍ക്കും താല്പര്യമാ..
മാ: അതെനിക്കറിയാം പക്ഷേ ഇനി ജീവിതകാലം മുഴുവന്‍ ഞാന്‍ പ്രതിപക്ഷത്തിരുന്നു ചൊറികുത്തുന്നത് ജോസഫിനു കാണണോ?. തല്‍ക്കാലം അതിന് ഞാനില്ല.
ജോ: അപ്പോ ഞാന്‍....
മാ: നിക്കണോ പോണോന്ന് താന്‍ തന്നെ തീരുമാനിക്ക്. ജോസ്മോനേ.. വെള്ളം ചൂടായോ? നല്ല ക്ഷീണം... ഒന്ന് കുളിക്കണം
ജോ: ????????
.....
...
..
.