Sunday, November 21, 2010

ശാന്താദേവി പോയി; ശാന്തമായ് !!

മറ്റൊരു വേര്‍പാടുകൂടി.. എനിയ്ക്ക് ശാന്താദേവിയെപ്പറ്റി പുതുതായി ഒന്നും പറയാനില്ല. ഒരു നല്ല നടിയായിരുന്നു. അത്രമാത്രം.

അടുത്ത ഇന്നലെകളില്‍ ഒത്തിരിപേര്‍ കടന്നുപോയി. രതീഷും രാജന്‍ പി ദേവും മുരളിയും അടൂര്‍ ഭവാനിയും അടൂര്‍ പങ്കജവും ഗിരീഷ് പുത്തഞ്ചേരിയും അയ്യപ്പനും അതിനും മുന്‍പേ മാധവിക്കുട്ടിയും ഒക്കെ...

കുറെ നാള്‍ നമ്മള്‍ നീര്‍മാതളം ചവച്ചുകൊണ്ടുനടന്നു, പിന്നെ പക്ഷിയെ വെയില്‍ തീറ്റിച്ചു. ഇടയ്ക്ക് സാംസ്കാരിക വകുപ്പിനെ തെറി വിളിച്ചു. സിനിമയും കലാലോകവും അവരെ തിരിച്ചറിഞ്ഞില്ലെന്നും തിരിഞ്ഞു നോക്കിയില്ലെന്നും നാം പഴിച്ചു.  മരണ ശേഷം പലരും ദിവ്യരായി. സ്വയം പുച്ഛം തോന്നത്തക്കവിധം നമ്മള്‍ ചെയ്യേണ്ടതു പലതും ചെയ്തില്ലെന്ന് മാധ്യമലോകം വിധിച്ചു.

അതു ശരിയോ ?

ഒരു വിശ്രമജീവിതം ഇല്ലെന്ന രീതിയില്‍ ജീവിച്ചവരല്ലെ പലരും. വിധിയുടെ അപ്രതീക്ഷിത പ്രഹരം ഏറ്റ ചുരുക്കം ചിലര്‍ ഇല്ലെന്നല്ല. നാളെയെപ്പറ്റി വീണ്ടുവിചാരവും കരുതലും ഇല്ലാതെ മിന്നുതെല്ലാം പൊന്നെന്നും ഇതെല്ലാം എന്നും ഉണ്ടാവുമെന്നും തോന്നിയ്ക്കുമാറ്, കൈവന്ന മുതല്‍ മുഴുവന്‍ ആര്‍ഭാടത്തിനും സുഖലോലുപതയ്ക്കും മുടിച്ചു തീര്‍ത്തവരാണ് ഭൂരിപക്ഷവും. തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ജോലിക്ക് മാര്‍ക്കറ്റിലെ ഏറ്റവും മെച്ചം കൂലി (ബലമായും) പറ്റിക്കൊണ്ടിരുന്നവരാണ് നല്ല ഒരു ശതമാനം. “സമ്പത്തുകാലത്തു തൈപത്തു വയ്ക്കാതെ ആപത്തുകാലത്തു കാപത്തു കിട്ടിയില്ലെന്ന്” നിലവിളിച്ച  ഇവരെക്കാള്‍ ഏറെ കരുതലും പ്രായോഗികബുദ്ധിയും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നമ്മെ ഇത്ര വളര്‍ത്തിയ, നമ്മുടെ വീടു പുലര്‍ത്തിയ നമ്മുടെ മാതാപിതാക്കള്‍ക്ക് (പ്രത്യേകിച്ച് അമ്മമാര്‍ക്ക്)  ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരെ നമുക്ക് കൂടുതല്‍ ബഹുമാനിക്കാം.

നമുക്ക് ഇവരെയും ബഹുമാനിയ്ക്കാം- ഒരു നല്ല കര്‍ഷകനെപ്പോലെ, ഒരു നല്ല മരം വെട്ടുകാരനെപ്പോലെ, ഒരു നല്ല അധ്യാപകനെപ്പോലെ, ഒരു നല്ല പാചകക്കാരനെപ്പോലെ സ്വന്തം ജോലി ഭംഗിയായി ചെയ്യുന്ന ഏതൊരുവനേയും എന്നപോലെ മാത്രം. അതിനപ്പുറമുള്ള ഒരു ആരാധന ഇവര്‍ അര്‍ഹിക്കുന്നുണ്ടോ? മാധ്യമങ്ങള്‍ വിളിച്ചുകൂവുന്നപോലെ ‘അര്‍ഹിക്കുന്ന പ്രാധാന്യം’, ‘അര്‍ഹിക്കുന്ന സ്ഥാനം ’ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ക്ക് അര്‍ത്ഥമുണ്ടോ? പലരും സ്വയം വരുത്തിവച്ച/ തിരഞ്ഞെടുത്ത അധ:പതനത്തില്‍ സഹതപിക്കേണ്ട കാര്യമുണ്ടോ ?


Thursday, November 11, 2010

പഴഞ്ചൊല്ലിൽ പതിരില്ല..

മറ്റ് ഏതു ഭാഷയ്ക്കും അവകാശപ്പെടാൻ കഴിയാത്തത്ര പഴഞ്ചൊല്ലുകൾ നമുക്കുണ്ട്. നമ്മെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്തവ ഇവിടെ പങ്കുവയ്ക്കാം.

1. പടച്ചോനേ പൂച്ചയ്ക്കും പത്തിരി വിളമ്പിയോ?, അതും പുള്ളിപ്പാത്രത്തിൽ ! - ഒരു പ്രമുഖ ബ്ലോഗർ മറ്റൊരു പ്രശസ്ത ബ്ലോഗറുടെ കമന്റ്കിട്ടിയപ്പോൾ പ്രതികരിച്ചത്.

2. മുടിഞ്ഞ കാലത്ത് ഒടഞ്ഞ ചട്ടിയ്ക്ക് ഒമ്പതു കിഴുത്ത (കിഴുത്ത = ദ്വാരം) - സ്കൂൾ പരീക്ഷയ്ക്ക് എന്റെ സുഹൃത്തിന്റെ മകൾ എഴുതിയ ഒന്ന് (അമ്മയിൽ നിന്നും കിട്ടിയതെന്നു പറഞ്ഞു)

3. ഈരു പൊട്ടിച്ചതിന് പേനിനെ ചോദിക്കുന്നു. (ഈര് = പേൻ‌മുട്ട) - ചെറിയജോലിക്ക് വലിയ പ്രതിഫലം ആഗ്രഹിക്കുന്നവരെ പറ്റി

4. എല്ലാരുടേം വീട് മേളോട്ട് നിൽക്കുമ്പം നമ്മടെ വീടു മാത്രം കീഴോട്ട് - കുരുവിയുടെ ദുഃഖം

5.  അണ്ണാന്‍ കുഞ്ഞും തന്നാലായത്.  - മേയ്പുഷ്പം വഹ കിട്ടി ബോധിച്ചു

6. ചക്കിക്കൊത്ത ചങ്കരന്‍ - ഒഴാക്കന്‍ വഹ കിട്ടി ബോധിച്ചു. 

7. കഞ്ഞിക്കലം മറിഞ്ഞത് കണ്ടന് (കണ്ടന്‍പൂച്ച) - പ്രമുഖബ്ലോഗ് തലക്കെട്ടില്‍ കണ്ടത്.
8. ഞാവൽകാ പഴുത്തപ്പോ കാക്കയ്ക്ക് വായ്പ്പുണ്ണ് - ചിന്നവീടർ വക സംഭാവന (കാക്കമാർ ഇടിയ്ക്കരുത്)


9. മോരൊഴിച്ചുണ്ണരുത്, മൂത്രമൊഴിച്ചുണ്ണണം - വീക്കേയ്ക്ക് ഒരു കാർന്നോർ വിളമ്പിയത് (രുചി പിടിച്ചില്ലെങ്കിൽ ഈ കാർന്നോർ ഉത്തരവാദിയല്ല)


10. ഒരബദ്ധം പൊരുന്നപ്പിടക്കും പറ്റാം! (പൊരുന്നപ്പിട = അടയിരിക്കുന്ന കോഴി) - ഒഴാക്കൽ അപ്പച്ചന്റെ അടക്കോഴി മുട്ട പൊട്ടിച്ചെന്നാ തോന്നുന്നത്.


11. വയ്യാത്ത പട്ടി കയ്യാല കേറണോ? - ഇന്നു റ്റിവീന്ന് കിട്ടിയത്.


12. അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാം, മരുമോൾക്ക് പറമ്പിലും പാടില്ല. - നയൻ വഹ കിട്ടി ബോധിച്ചു.


13. അച്ചി വേലി ചാടിയാല്‍ എന്താ ഒരു കൊച്ചിനെ കിട്ടിയില്ലേ? - ഒരു ബ്ലോഗില്‍ നിന്നും


14. ചുമ്മാ ചവയ്ക്കണ മുത്തശ്ശി അവലുകിട്ടിയാൽ വിടുമോ? - കൊടിയേരി ഒരു ഇന്റർവ്യൂവിൽ.


15. (നിങ്ങളുടെ അവസരം)

Last update 15/12/2010

നല്ല കിടുക്കന്‍ രണ്ടെണ്ണം ഇങ്ങടെ കൈയ്യിലും ഇല്ലേ? ചുമ്മാ പൂശിഷ്ടാ !!
സംഭാവനകൾ കൂമ്പാരമാവുമ്പോൾ പരിപാടികൾ ഗംഭീരമാവും (വിഷ്ണുലോകം)











Saturday, November 6, 2010

ഡ്രൈവിങ് വീരഗാഥ - പാര്‍ട്ട് - 4 (Final)

PART - 1
PART - 2
PART - 3


സി ഐ ഡി ചീഫ് പേപ്പറുകൾ പരിശോധിച്ചു
‘ഓക്കെ .. കോടതിയുടെ അനുവാദം നമുക്കു കിട്ടിക്കഴിഞ്ഞു, ഇനി സമയം കളയാനില്ല’

പുതുതായി വന്ന ഉദ്യോഗസ്ഥനെ ചൂണ്ടി അദ്ദേഹം പറഞ്ഞു. ‘ ഇത് ഞങ്ങളുടെ റേഡിയോ സെക്ഷന്‍ ഓഫീസര്‍ മിസ്റ്റ …………………..’ 
(ഇദ്ദേഹം പാന്റും ഷര്‍ട്ടും ആണ് ധരിച്ചിരുന്നത്)

അദ്ദേഹം തന്റെ ബ്രീഫ്കേസ് തുറന്ന് ചില യന്ത്ര സാമഗ്രികളും ഒരു ടേപ്പ് റിക്കോര്‍ഡറും മേശപ്പുറത്തു വച്ചു.

സംഗതികള്‍ ഞാന്‍ വിചാരിച്ചതിലും കൂടുതല്‍ കുരുക്കുകള്‍ ഉള്ളതാണെന്ന് അപ്പോഴാണ് ഒരു മണമടിച്ചത്.

‘ഇതൊന്നും കണ്ട് ആശയക്കുഴപ്പത്തിലാകണ്ടാ, അപ്പോള്‍ നമ്മുടെ ഓപ്പറേഷന്‍ ഞാന്‍ താങ്കള്‍ക്ക് ഒന്നു വിശദീകരിച്ചുതരാം. ഇദ്ദേഹം ഈ വയര്‍ലെസ് സെറ്റ് താങ്കളുടെ ദേഹത്ത് പിടിപ്പിയ്ക്കും. അതിന്റെ പ്രവര്‍ത്തനരീതി താങ്കളെ പഠിപ്പിയ്ക്കും. പിന്നെ അയാള്‍ക്ക് കൊടുക്കേണ്ട തുക ഞങ്ങള്‍‍ തരാം. അയാള്‍ ടെസ്റ്റിന് പേരു വിളിക്കുന്മ്പോള്‍ തന്നെ വയര്‍ലെസ് സെറ്റ് ഓണാക്കിയതിനു ശേഷം അയാളെ സമീപിച്ച് പണം തരപ്പെടുത്തിയിട്ടുണ്ടെന്നും സഹായിക്കണമെന്നും അയാളെ ധരിപ്പിയ്ക്കണം. ആര്‍ത്തിയുള്ള ബുദ്ധിഹീനനാണെങ്കില്‍ ഒരാഴ്ച കഴിഞ്ഞുള്ള താങ്കളുടെ സമീപനത്തില്‍ അയാള്‍ക്ക് സംശയം തോന്നില്ല. താങ്കള്‍ ഞങ്ങളുടെ നിരീക്ഷണ പരിധിയിലായിരിക്കും. അയാള്‍ക്ക് സംശയം തോന്നി എന്നു ബോധ്യമായാല്‍ ഞങ്ങള്‍ ഇടപെട്ടുകൊള്ളാം. അല്ലാത്തപക്ഷം പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത രീതിയില്‍ സ്വാഭാവികമായി ടെസ്റ്റ് കൊടുക്കുക. ഞങ്ങള്‍ നിങ്ങളെ പിന്തുടരുന്നുണ്ടാവും. നിങ്ങളുടെ എല്ലാ സംഭാഷണങ്ങളും ഞങ്ങള്‍ റിക്കോര്‍ഡ് ചെയ്യും. ഇതാണ് ഞങ്ങളുടെ പ്രധാന തെളിവ്. അയാള്‍ നിങ്ങളെ പാസാക്കി പൈസ ആവശ്യപ്പെടുമ്പോള്‍ അയാള്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലും കൈയ്യില്‍ തന്നെ പൈസ കൊടുക്കണം. അല്ലാതെ വണ്ടിയില്‍ വച്ചിട്ട് പോരരുത്. തുക എത്രയെന്ന് എങ്ങനെയെങ്കിലും പറയണം.  കഴിയുമെങ്കില്‍ അത് അയാള്‍ പോക്കറ്റിലിട്ടു എന്ന് ഉറപ്പാക്കണം. അതു വരെ താങ്കള്‍ റിസല്‍ട്ട് നോക്കിയോ അയാള്‍ക്ക് നന്ദി പറഞ്ഞോ അവിടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കണം. ഒരു പക്ഷേ വയര്‍ലെസ് പ്രവര്‍ത്തിക്കാതെ വന്നാല്‍ ഞങ്ങള്‍ക്ക് ഒന്നും മനസ്സിലാവികയില്ലല്ലോ. അതിനാല്‍ അയാള്‍‍ പൈസ വാങ്ങിയിട്ടുണ്ടെങ്കില്‍ വണ്ടിയില്‍ നിന്നും ഇറങ്ങുമ്പോള്‍ താങ്കള്‍ ഞങ്ങള്‍ക്ക് ഒരു സിഗ്നല്‍ തരണം. ഞങ്ങളെ അന്വേഷിച്ച് ചുറ്റും നോക്കാതെ ദൈവത്തിന് നന്ദി പറയുമ്പോലെ പാസ്സ് റിപ്പോര്‍ട്ട് നെറ്റിയില്‍ വെച്ച് മുകളിലേക്ക് ഒന്നുയര്‍ത്തിയശേഷം നേരേ സ്കൂളിലേക്ക് പോവുക. (ഓണറുടെ) ഓഫീ‍സില്‍ റിപ്പോര്‍ട്ട് ചെയ്യുക. ബാക്കി ഞങ്ങള്‍ക്ക് വിട്ടുതരിക.’

ഒരു ചക്രവ്യൂഹത്തില്‍ പെട്ടപോലെ ഞാന്‍ ഇരുന്നു. പോയിന്റ് ഓഫ് നോ റിട്ടേണില്‍ ഇനി വഴി മുന്നോട്ടു മാത്രം. വരുന്നതു വരട്ടെ.

ആ ഉദ്യോഗസ്ഥന്‍ എന്നെ കഫേയുടെ ടോയ്ലറ്റിലേക്ക് നയിച്ചു. ഷര്ട്ട് ഊരി, സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒരു ചെറിയ സിഗരട് കൂടിന്റെ വലിപ്പമുള്ള വയര്‍ലെസ് സെറ്റ് എന്റെ ഇടതു വശത്ത് ഇടുപ്പിന് ഫിക്സ് ചെയ്തു(ഡ്രൈവിങില്‍ പോലീസ് വലതുവശത്ത് ഇരിക്കുമ്പോള്‍ സംശയാസ്പദമായ മുഴകള്‍ ശ്രദ്ധിക്കപ്പെടരുതല്ലോ). ഒരു ചെറിയ മൈക്രോഫോണ്‍ വലതുതോളില്‍ ഫിറ്റ് ചെയ്ത് കേബിള്‍ വഴി വയര്‍ലെസില്‍ പിടിപ്പിച്ചു. ഇപ്പോള്‍ പുറം മുഴുവന്‍ ടേപ്പ്. ഒരു ചെറിയ റിമോട്ട് കണ്ട്രോള്‍ എന്റെ കൈയ്യില്‍ തന്ന് ഓണ്‍/ഓഫ് സ്വിച്ച് കാണിച്ചുതന്നു. എല്ലാം ഉദ്ദേശിച്ചപോലെ വര്‍ക്കു ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കി ഡ്രസ് ചെയ്ത് പുറത്തു വന്നു. പൈസ തന്നു. ഓണറുടെ വാഹനത്തില്‍ ഞാനും വേറൊരു വാഹനത്തില്‍ ഓഫീസേഴ്സും സ്കൂളിലേക്ക്. ഹാളില്‍ ടെസ്റ്റിനുള്ള വിളിയും പ്രതീക്ഷിച്ച് ഇരിക്കുമ്പോള്‍ അല്പം പിറകിലായി വയര്‍ലെസ് ഓഫീസര്‍ (നോര്‍മല്‍ ഡ്രസ്) ഇരിപ്പുണ്ടായിരുന്നു. ചുള്ളന്‍ പരിചയഭാവമേ ഇല്ല. എന്റെ മനസ്സിന്റെ സ്ക്രീനില്‍ ഭാര്യയുടെയും ഒരു വയസ്സുപോലുമാകാത്ത മോളുടെയും മാതാപിതാക്കളുടേയും നാടിന്റെയും ഒപ്പം റ്റിവി ഗള്‍ഫ് റൌണ്ടപ്പില്‍ കണ്ട കാണാതായവരുടെയും മുഖങ്ങള്‍ ഫാസ്റ്റ് ഫോര്‍വേറ്ഡ് അടിച്ചുകൊണ്ടിരുന്നു. വീണ്ടും മനസ്സു പറഞ്ഞു വരുന്നതു വരട്ടെ. പഴയ പോലീസ് വന്നു. അങ്ങേരേക്കൊണ്ട് ആവുന്ന രീതിയില്‍ എന്റെ പേരു വിളിച്ചു. പാസ്പോർട്ടിലെ മുഴുവൻ പേര് അയാൾ വിളിച്ചുകേട്ടപ്പോൾ ഗിവൺ നേമിനും സർ നേമിനുമിടയിൽ കുടുംബപ്പേരിനു പകരം എന്തൊക്കെയോ ചായക്കടപലഹാരങ്ങളുടെ പേരുകൾ കൂടി കേട്ടപോലെ തോന്നി. നാലു പേരാണ് ഒരു ബാച്ചിൽ. കൂടെ മറ്റുമൂന്നു പേരുടെയും പേരുകള്‍ വിളിച്ചു. ദൈവത്തെ ഒന്നൂടെ വിളിച്ചിട്ട് എണീറ്റു. നെഞ്ചിനുള്ളില്‍ ശിവമണിയുടെ പെര്‍ഫോമന്‍സ്. വയറ്ലസ് ഓഫീസറ് ഇരുന്ന ഭാഗത്ത് ചുള്ളന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ഞാന്‍ മാനുവല്‍ മോഡില്‍ നിന്നും ഓട്ടോപൈലറ്റ് മോഡിലേക്ക് മാറി. ഇനി എല്ലാം പ്രോഗ്രാം ചെയ്ത് വച്ചപോലെ നടക്കട്ടെ. ഒന്നും എന്റെ നിയന്ത്രണത്തിലല്ല. കീ കൊടുത്തുവിട്ടപോലെ മറ്റുള്ളവരെക്കാള്‍ മുന്‍പേ പോലീസിന്റെ അടുത്തെത്തി.

‘സാര്‍  സാര്‍ ’
‘എന്താ’
‘സാര്‍ കഴിഞ്ഞ പ്രാവശ്യം സാര്‍ ആവശ്യപ്പെട്ടപ്രകാരം ഞാന്‍ ഒരുങ്ങിയിട്ടുണ്ട്. ഇപ്രാവശ്യം സഹായിക്കണം’

അയാള്‍ എന്നെ അടിമുടി ഒന്നു നോക്കി. ഞാന്‍ ദാസനേക്കാള്‍ വിനയനായി.
ഈശ്വരാ പണി പാളിയോ ??

‘എന്താണ് തനിക്കുവേണ്ടത്?”

‘സാറ് കഴിഞ്ഞയാഴ്ച സാറ് പൈസയുടെ കാര്യം പറഞ്ഞിരുന്നു. അന്ന് എന്റെ കൈയ്യില്‍ ഒന്നുമില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ ഒരുങ്ങിയാണ് വന്നിരിക്കുന്നത്. ഞാന്‍ നന്നായി ഡ്രൈവും ചെയ്യും സാര്‍ ’

‘ഒന്നും സംസാരിക്കാതെ എന്റെ പുറകേ വരൂ’

ഞങ്ങള്‍ പാര്‍ക്കിങ്ങില്‍ കാറിന്റെ അടുത്തേക്ക് നടന്നു. മറ്റു മൂന്നു പേരും കൂടെയെത്തി. അയാള്‍ എന്റെ നേരേ തിരിഞ്ഞു

‘ഓക്കെ യൂ ഡ്രൈവ് ഫസ്റ്റ്’

എല്ലാവരും കയറി. ഞാന്‍ ഡ്രൈവിങ് സീറ്റില്‍. കണ്ണാടി ലെവെല്‍ ചെയ്തു. സീറ്റ് ബെല്‍റ്റിട്ടു. കീ തിരിച്ച് സ്റ്റാര്‍ട്ട് ചെയ്തു. ഇന്‍ഡിക്കേടര്‍ ഇട്ടു. റിവേഴ്സ് ഗിയറിട്ടു. ഹാന്‍ഡ് ബ്രേക്ക് റിലീസ് ചെയ്ത് പാര്‍ക്കിങ്ങില്‍ നിന്നും പുറത്തേക്ക്

‘വെരി ഗുഡ് വെരിഗുഡ്, നൌ ലെറ്റ് അസ് ഗോ ഔട്ട് റ്റു മെയിന്‍ റോഡ്’

ഇന്‍ഡിക്കേറ്റര്‍ ഇട്ട് ഗേറ്റിനു വെളിയില്‍ മെയിന്‍ റോഡിലേക്ക്.

‘ഗുഡ് ഗുഡ്, നൌ ലൈന് ചേഞ്ച്’
……………………..
‘ഗുഡ് യു ഡ്രൈവ് നൈസ്‌ലി
………………….
‘നൌ പാര്‍ക്ക് അഫ്റ്റര്‍ ദെ സിഗ്നല്‍’
‘ഓക്കെ സാര്‍’

………………….
‘ഗുഡ് ഗുഡ് , ഓക്കെ നെക്സ്റ്റ്’

ബാക്കി മൂന്നു പേരേക്കൊണ്ടും വിദഗ്ദ്ധര്‍ക്കുപോലും ഓടിക്കാനാവാത്ത വഴികളിലൂടെ അനാവശ്യ ലൈന്‍ ചേഞ്ചുകളും സ്റ്റോപ്പുകളും പറഞ്ഞ് ഓടിച്ച്, സ്കൂളില്‍ പതിവു പാര്‍ക്കിങ്ങില്‍ നിന്നും മാറി ഒരു ഒറ്റപ്പെട്ട സ്ഥലത്ത് വണ്ടി നിര്‍ത്തിച്ചു. ഈ സമയമത്രയും ഒരു വണ്ടിയും ഞങ്ങളെ നിരീക്ഷിക്കുന്നതോ പിന്തുടരുന്നതോ കാണാന്‍ കഴിഞ്ഞില്ല. മറ്റു മൂന്നു പേരേയും തോല്‍പ്പിച്ച് കടലാസും കൊടുത്തുവിട്ടു. അവര്‍ അസൂയയോടെ എന്നെ നോക്കിയിട്ട് നടന്നു മറഞ്ഞപ്പോള്‍ എന്തായിരുന്നു എന്റെ മനസ്സില്‍ എന്ന് ഇപ്പോ ഓര്‍ക്കാന്‍ കഴിയുന്നില്ല.

‘ഓക്കെ എന്തായിരുന്നു കഴിഞ്ഞയാഴ്ച നമ്മള്‍ സംസാരിച്ചത്?’
‘സാര്‍ ഒരു 2000 കഴിഞ്ഞ പ്രാവശ്യം ചോദിച്ചിരുന്നു. അന്ന് ഒപ്പിക്കാന്‍ പറ്റിയില്ല. ഇപ്രാവശ്യം ഞാന്‍ റെഡിയാണു സാര്‍ ’

‘ഓക്കെ .. നിങ്ങള്‍ പാസ്സായി. പൈസ എടുത്തോളൂ’
അയാള്‍ പൈസ വാങ്ങി, അതേപോലെ അറബിക്കുപ്പായത്തിന്റെ സൈഡ് പോക്കറ്റില്‍ തിരുകി.
‘ഇതു നമ്മള്‍ രണ്ടുപേരുമല്ലാതെ മൂന്നാമതൊരു ചെവി അറിയരുത് .. അറിഞ്ഞാല്‍ …. ‘
‘ഞാന്‍ ആരോടും പറയില്ല സാര്‍’

‘നല്ലത്, പൊയ്ക്കൊള്ളൂ. ആ പേപ്പര്‍ സ്കൂള്‍ ഓഫീസില്‍ കൊടുത്താല്‍ ബാക്കി അവര്‍ പറഞ്ഞുതരും’

‘താങ്ക്യു സാര്‍’

വണ്ടിയില്‍ നിന്നും ഇറങ്ങി. ഇടംകണ്ണിട്ട് ചുറ്റും ഒന്നു നോക്കി. ആരേയും കാണുന്നില്ല. എന്നാലും അവര്‍ പറഞ്ഞുവിട്ടിരുന്നതുപോലെ ആ പേപ്പര്‍ നെഞ്ചിലും നെറ്റിയിലും മുട്ടിച്ച് മുകളിലേക്ക് ഉയര്‍ത്തി ദൈവത്തോടും നന്ദി പറഞ്ഞ് വേഗം സ്കൂള്‍ ഓഫീസിലേക്ക് വലിഞ്ഞു നടന്നു. ഓട്ടോ പൈലറ്റില്‍ നിന്നും മാനുവല്‍ മോഡിലേക്ക് ഞാന്‍ മാറി. ഇപ്പോഴാണ് കൈയ്യും കാലും വിറക്കാന്‍ തുടങ്ങിയത്. ഓഫീസിലെത്തിയപ്പോൾ തന്നെ ഓണർക്ക് സി ഐ ഡി ഓഫീസറുടെ ഫോൺ വന്നു. എല്ലാം റിക്കോർഡ് ചെയ്യാൻ കഴിഞ്ഞതായും എന്റെ ഡ്രൈവിങ്ങിനെ പറ്റി നല്ല കമന്റുകൾ പോലീസ് പറഞ്ഞിരുന്നുവെന്നും അഭിനന്ദനാര്‍ഹമായരീതിയില്‍ അവർ പ്രതീക്ഷിച്ചതിൽ ഭംഗിയായി എനിയ്ക്ക് പെർഫോം ചെയ്യാൻ കഴിഞ്ഞതായും പറഞ്ഞുവെന്ന് അറിയിച്ചു. (ആരും എസ് എം എസ് അയയ്ക്കണ്ട.. കമന്റടിച്ചാൽ മതിയാകും). ഒപ്പം ആ പാസ് സര്‍ട്ടിഫിക്കറ്റ് അദ്ദേഹം കീറിക്കളഞ്ഞു. 

‘നാളെ ലൈസന്‍സിങ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചീഫ് താങ്കള്‍ക്ക് പ്രത്യേക ടെസ്റ്റ് തരും’

ഈശ്വരാ.. ഇതുവരെ ജീവന്‍ കൈയ്യില്‍ പിടിച്ച് റിസ്ക് എടുത്തിട്ട് !!
  
അടുത്ത ദിവസം രാവിലെ തന്നെ പ്രത്യേക ടെസ്റ്റ് നടന്നു. വഴിയില്‍ വച്ച് ഒരു പ്രാവശ്യം ഓഫായിപ്പോയെങ്കിലും മറ്റു പ്രശ്നമൊന്നും ഇല്ല്ലാതിരുന്നതുകൊണ്ടോ പ്രത്യേക പരിഗണനയ്ക്ക് ആരെങ്കിലും പറഞ്ഞിരുന്നതുകൊണ്ടോ അദ്ദേഹം എന്നെ പാസ്സാക്കി. 

ഫ്ലാഷ്ബാക്ക് തീര്‍ന്നു. അങ്ങനെ ഞാനും ഡ്രൈവറായി !!!

ഇനി സമ്മതിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ - മോഹന്‍ലാല്‍ അല്ല താരം..

 Warning = കമന്റാതെ പോയാല്‍ സുട്ടിടുവേന്‍ =

x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x-x

Tuesday, November 2, 2010

ഡ്രൈവിങ് വീരഗാഥ - പാര്‍ട്ട് - 3


വീണ്ടും ആറു പ്രാവശ്യം കൂടി സന്ധ്യയും ഉഷഃസ്സും വന്നു. ഒരോ അഞ്ചു മിനിറ്റിലും ഞാന്‍ മൊബൈലില്‍  മിസ്സ്കാള്‍ വല്ലതും ഉണ്ടോ എന്ന് നോക്കിക്കൊണ്ടിരുന്നു. ഒന്നും സംഭവിച്ചില്ല.


ഏഴാം ദിവസം. പ്രഭാതം പൊട്ടിവിടര്‍ന്നു. ( സൂര്യനുദിച്ചതും കോഴികൂവിയതും പത്രക്കാരന്‍ പത്രമിട്ടതും തുടങ്ങിയ പ്രകൃതിവര്‍ണ്ണനകൾ ആസ്വദിക്കേണ്ടവര്‍ക്ക് സത്യന്‍ അന്തിക്കാടിന്റെയോ കമലിന്റെയോ പടം കാണുകയോ പ്രമുഖ ബ്ലോഗുപുലികളുടെ ബ്ലോഗുകള്‍ സന്ദര്‍ശിക്കയോ ചെയ്തിട്ട്  വേഗം തിരികെ വരാം. യു എ ഇയില്‍ എന്തര് അരുണോദയം, എന്തര് ക്വാഴി ! )

സമയം 8:00 , ഡ്രൈവിങ് സ്കൂള്‍ , പഴയ മലയാളി മാനേജരുടെ ഓഫീസ്.

‘ഇന്നാണ് എന്റെ ടെസ്റ്റ്’

‘അതേയോ ആള്‍ ദെ ബെസ്റ്റ്’

‘നിങ്ങള്‍‍ ആരും വിളിക്കുകയോ എന്റെ പരാതിയില്‍ എന്തെങ്കിലും നടപടി എടുത്തതായി അറിയിക്കുകയോ ചെയ്തില്ലല്ലോ’

‘ഓണര്‍ വിളിച്ചില്ലേ? അദ്ദേഹം ചില വിവരങ്ങള്‍ പിന്നേം അന്വേഷിച്ചിരുന്നല്ലോ’

‘എന്നെ ആരും വിളിച്ചില്ല. എന്തായാലും ഇന്നു നിര്‍ത്തുകാ. ഇനി കളയാന്‍ പൈസയും സമയവും ഇല്ല. ‘

‘താങ്കള്‍ നമ്പര്‍ ഒന്നു കൂടി തരൂ. ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ’

‘ഇന്നു രണ്ടുമണിയ്ക്കാ സാറെ ടെസ്റ്റ്, ഇതാ എന്റെ നമ്പര്‍’

……………………………………………….

സമയം 10:30 . ട്രീം … ട്രീം … അല്‍കാറ്റെല്‍ കരഞ്ഞു

‘ഹലോ’

‘ഇത് ……… സ്കൂളിന്റെ ഓണര്‍ …………. ആണ്. ഒരു പരാതി തന്നിരുന്ന ………. അല്ലേ?’

‘അതേ’

‘താങ്കള്‍ അത്യാവശ്യമായി ജുമേരയിലുള്ള …………… കഫേ വരെ ഒന്നു വരൂ’

‘സാർ 2 മണിയ്ക്കാണ് ടെസ്റ്റ്’

‘അതേ എനിയ്ക്ക് അറിയാം. അതിനു മുന്‍പ് ചില കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. വേഗം വരാന്‍ കഴിയുമോ?’

‘ഓഫീസില്‍ നിന്നും അനുവാദം വാങ്ങി വരാം സാർ’

‘ എന്റെ നമ്പർ ……….  ശരി, ഞങ്ങള്‍ കാത്തിരിക്കുന്നു, ഇവിടെ എത്തി വിളിക്കൂ’ 

 - ഫോണ്‍ ഡിസ്കണക്റ്റ് ആയി.

?? ഞങ്ങളോ ? അതാരാവും.  നമ്മുടേതല്ലാത്ത നാട്. നാട്ടുകാര്‍. പോണോ വേണ്ടയോ? വല്ല അപകടവും മണക്കുന്നുണ്ടോ? . അവസാനം ഓഫീസ് ഡ്രൈവറേയും കൂട്ടി പോകാന്‍ തീരുമാനിച്ചു. ഒരു സാക്ഷിയെങ്കിലും വേണമല്ലോ?

കഫേയുടെ മുന്നിലെത്തി വിളിച്ചു

‘ഹലോ എങ്ങനെയെത്തി’
‘കമ്പനി വണ്ടിയില്‍ . ഞങ്ങള്‍ കഫേയുടെ മുന്നിലുണ്ട്. എങ്ങോട്ട് വരണം?’

‘ഡ്രൈവര്‍ തിരിച്ചുപൊക്കോട്ടെ. താങ്കളെ ഞങ്ങള്‍ ഡ്രോപ് ചെയ്യാം. അകത്തേക്ക് പോരൂ. ലോബിയില്‍ പ്രൈവറ്റ് ഏരിയയില്‍ ഞങ്ങളുണ്ട്. എന്നെ ഓര്‍മ്മയുണ്ടാകുമല്ലോ’

‘ഓക്കെ’

കമ്പനി ഡ്രൈവര്‍ മടങ്ങിപ്പോയി.

ഒറ്റയ്ക്ക് ബാലന്‍ കെ നായരുടെ കൊള്ളസങ്കേതത്തിലേക്ക് പോകുന്ന ജയഭാരതിയെപ്പോലെ ഞാന്‍ കഫേയിലേക്ക് കയറി. റിസപ്ഷനില്‍ നിന്നും ഡ്രൈവിങ് സ്കൂള്‍ ഓണര്‍ എന്നെയും കൂട്ടി ഒരു പ്രൈവറ്റ് റൂമിലേക്ക് കയറി. അവിടെ മറ്റു രണ്ട് അറബികള്‍ കൂടി ഉണ്ടായിരുന്നു.

‘വരൂ ഇരിക്കൂ. എന്താണ് കുടിക്കാൻ’

‘ഒന്നും വേണമെന്നില്ല’

‘ഒരു ഓറഞ്ച് ജ്യൂസ് പറയാമല്ലോ?’

‘ഓക്കെ സാർ’

‘ഇവരെ പരിചയപ്പെട്ടില്ലല്ലോ. ഇത് മിസ്റ്റര്‍ …………………….. ദുബയ് സി ഐ ഡി വിങ്ങിന്റെ സെക്കന്റ് ചീഫ് ഓഫീസർ. ഇത് അദ്ദേഹത്തിന്റെ ഇന്വെസ്റ്റിഗേഷന്‍ അസ്സിസ്റ്റന്റ് മിസ്റ്റര്‍ …………………. ‘

‘ഹലോ’

‘താങ്കള്‍ എന്നോടു പറഞ്ഞതെല്ലാം ഇവരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് അതെല്ലാം താങ്കളില്‍ നിന്നും ഒന്നു വിശദമായി അറിയാന്‍ താല്പര്യമുണ്ട്’

‘ പറയാം സാർ’
………………………………………….
………………………………………….

എല്ലാം വിശദമായി ചോദിച്ച് അറിഞ്ഞശേഷം സംസാരം സി ഐ ഡി ചീഫ് ഏറ്റെടുത്തു.

‘താങ്കള്‍ പറഞ്ഞതെല്ലാം സത്യമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ ഇവിടത്തേ ഭരണാധികാരിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ജോലി ചെയ്യുന്ന വിഭാഗമാണ്. അല്ലാതെ പോലീസിന്റെ ഭാഗമല്ല. ഇവിടെ ദേശീയ, വര്‍ഗ്ഗ, വര്‍ണ്ണ, ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും ഒരേ സാമൂഹ്യനീതി ഉറപ്പാക്കണമെന്നാണ് ഭരണാധികാരികള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ താങ്കളെ ഉപദ്രവിച്ചതുപോലെയുള്ള ഒരു ചെറിയ വിഭാഗം ഞങ്ങളുടെ സദുദ്ദേശത്തിന് തുരങ്കം വയ്ക്കുന്നുണ്ട്. നേരായ മാര്‍ഗ്ഗത്തിലൂടെയല്ലാത്ത താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് പലരും ഇവര്‍ക്ക് അടിപ്പെടുന്നുമുണ്ടാവാം. താങ്കളെ പോലെ അനീതി ചോദ്യം ചെയ്യാന്‍ മനസ്സുള്ളവരുടെ സഹായമുണ്ടെങ്കിലേ ഞങ്ങള്‍ക്ക് ഇതിനു തടയിടാനാവൂ. താങ്കള്‍ ഞങ്ങളോട് സഹകരിക്കുമെന്ന് വിശ്വസിക്കുന്നു’

ഈശ്വരാ … എന്താണാവോ ഇവര്‍ ഉദ്ദേശിക്കുന്നത്.

‘സാര്‍ എന്താണ്‍ ഉദ്ദേശിക്കുന്നതെന്ന് എനിയ്ക്കു മനസ്സിലായില്ല. ഞാന്‍ നേരിട്ട പ്രശ്നം വിശദീകരിച്ചല്ലോ.’

‘താങ്കള്‍ ഞങ്ങളോടൊപ്പം ഒരു സ്റ്റിങ് ഓപ്പറേഷനില്‍ സഹകരിച്ചാല്‍ മാത്രമേ ഈ കുറ്റവാളിയെ കൈയ്യോടെ പിടികൂടി നടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയൂ”

??????????????????

‘സാര്‍, ഒരു ചെറിയ കൂടും കുടുംബവുമായി കഴിയുന്ന സാധാരണക്കാരനാണു ഞാൻ. ലൈസന്‍സ് ഒരു ആഗ്രഹമായിരുന്നതുകൊണ്ടും നേരായ മാര്‍ഗ്ഗത്തില്‍ നേടണമെന്ന ആഗ്രഹത്താലും ഇതില്‍ വന്നു ചാടി. ഇനി കൂടുതല്‍ റിസ്ക് എടുക്കാന്‍ തക്ക സാഹചര്യമോ ധൈര്യമോ ഉണ്ടെന്നു തോന്നുന്നില്ല. ഇതുവരെ ഉണ്ടായ നഷ്ടം ഞാന്‍ സഹിച്ചോളാം’

‘ഞാന്‍ നേരത്തേ പറഞ്ഞുവല്ലോ, ഞങ്ങള്‍ പോലീസിന്റെ കൂടെ ജോലി ചെയ്യുന്നവരല്ല. അതിനാല്‍ തന്നെ ഞങ്ങളുടെ ഒരു ഓപ്പറേഷന്‍ വിവരങ്ങളും പുറത്തു പോവില്ല. താങ്കളുടെ പേര്‍ എവിടെയും രേഖപ്പെടുത്തുന്നുമില്ല. പിന്നെ താങ്കള്‍ക്ക് സ്വന്തം ഡ്രൈവിങില്‍ 70% ആത്മവിശ്വാസമെങ്കിലും ഉണ്ടെങ്കില്‍ താങ്കള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കാനും എനിയ്ക്ക് സഹായിക്കാനാവും.’

‘സാര്‍ ഞാന്‍ എന്താണു ചെയ്യേണ്ടത്?”

‘അയാള്‍ ആവശ്യപ്പെട്ടപോലെ, യാതൊരു സംശയവും ജനിപ്പിക്കാതെ നമ്മള്‍ അയാള്‍ക്ക് പണം കൊടുക്കുന്നു. ബാക്കി ഞങ്ങള്‍ വേണ്ടതു ചെയ്തുകൊള്ളാം’

‘സാര്‍ ഇനി ഒരിക്കല്‍ കൂടി അയാളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്’

‘താങ്കള്‍ക്ക് അറിയാമലോ, ഇപ്പോള്‍ ഇതു ചെയ്യാന്‍ താങ്കള്‍ക്ക് മാത്രമേ കഴിയൂ”

‘സാർ വാദി പ്രതി ആയാലോ? അയാള്‍ക്ക് സംശയം തോന്നിയാല്‍ ഞാന്‍ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് അയാള്‍ക്ക് എന്നെ അകത്താക്കിക്കൂടെ.‘

‘അങ്ങനെ ഒരു പ്രശ്നമുണ്ടാകില്ല. താങ്കളുടെ സമ്മതം ഇപ്പോള്‍ തന്നെ ഇവിടെ ദുബൈ കോടതിയെ അറിയിച്ച് അവരുടെ അനുവാദത്തോടെയാവും നമ്മള്‍ മുന്നോട്ടു പോവുക.’

‘സാര്‍ ഞാന്‍ … എന്നെ ഒഴിവാക്കിത്തരണം. ലൈസന്‍സ് സ്വപ്നം ഞാന്‍ മറന്നോളാം’

‘താങ്കള്‍ സഹകരിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കുറ്റവാളി ഇനിയും കുറ്റം ചെയ്തുകൊണ്ടിരിക്കും. ഇത് ഇവിടെവരെ റിപ്പോര്‍ട്ട് ചെയ്യാന്‍ താങ്കള്‍ തയ്യാറായതിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. താങ്കള്‍ക്ക് ഇതിനു കഴിയും. ദയവായി സഹകരിക്കണം. താങ്കള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകയില്ലെന്ന് ഞാന്‍ വാക്കുതരുന്നു. താങ്കളുടെ സമ്മതം കിട്ടിയിട്ടുവേണം എനിയ്ക്ക് കോടതി പെര്‍മിഷന് അപേക്ഷിക്കുവാന്‍ ’

‘എനിയ്ക്ക് ഒന്ന് ഓഫീസിലേക്ക് വിളിയ്ക്കണം’

‘നമുക്ക് സമയം കുറവാണ്. ഒഫീസില്‍ വിളിച്ച് ഉച്ച കഴിഞ്ഞേ എത്തൂ എന്ന് അറിയിച്ചുകൊള്ളു’

‘………’

‘അപ്പോള്‍ നമ്മള്‍ പ്രൊസീഡ് ചെയ്യുകയല്ലേ?’
‘…………………….’
‘ഒക്കെ മൌനം സമ്മതം’

അദ്ദേഹം അസിസ്റ്റന്റിനു നേരേ തിരിഞ്ഞു. ‘ താങ്കള്‍ കോര്‍ട്ട് പേപ്പേഴ്സ് വേഗം ശരിയാക്കി, എല്ലാ പ്രിപ്പറേഷന്‍സും ഉടന്‍ പൂര്‍ത്തിയാക്കൂ, എറ്റിയെമ്മില്‍ നിന്നും ഒരു 2000 ദിര്‍ഹംസ് കൂടി എടുത്തോളൂ.’


അല്പനേരം അദ്ദേഹം എന്റെ ജോലി/ കുടുംബ പൊതുവിവരങ്ങള്‍ മനസ്സിലാക്കാന്‍ ഉപയോഗിച്ചു. അവരുടെ ഉദ്ദേശലക്ഷ്യങ്ങളും  പ്രവര്‍ത്തന രീതികളും വിശദീകരിച്ചുതരികയും ചെയ്തു.

‘ങാ താങ്കള്‍ ജ്യൂസ് ഫിനിഷ് ചെയ്യൂ. ദേ അവര്‍ എത്തി’

മുന്‍പ് പുറത്തുപോയ അസിസ്റ്റന്റും മറ്റൊരു ഉദ്യോഗസ്ഥനും കുറെ അറബിപേപ്പറുകളും 'മറ്റു'മായി മടങ്ങിയെത്തി.

( ഇതിനാണോ ബ്രൈന്‍വാഷ് എന്നു പറയുന്നത്? അടുത്ത ഭാഗത്തോടെ അവസാനിപ്പിക്കാന്‍ ശ്രമിയ്ക്കാം - ജയന്‍ ജീ മാപ്പ് )

= വളരെ പാടുപെട്ട് ഇരുന്ന് എഴുതിക്കൂട്ടിയതാ.. വായിച്ചിട്ട് കമന്റാതെ പോയാൽ -- സുട്ടിടുവേൻ = 
പാർട്ട് 4 (ഫൈനൽ) ഇവിടെ

Monday, November 1, 2010

ഡ്രൈവിങ് വീരഗാഥ - പാര്‍ട്ട് - 2

പുനര്‍വിവാഹത്തിനുള്ള മാട്രിമോണിയല്‍ പരസ്യം പോലെ തന്റേതല്ലാത്ത കാരണത്താല്‍ പരാജയപ്പെട്ട ഞാന്‍ പോലീസേമാന്‍ കാഷ്ഠമിട്ട കടലാസുമായി നേരേ ഡ്രൈവിങ് സ്കൂളിന്റെ ഓഫീസിലേക്ക് വിട്ടു.  

അക്കൌണ്ട് മാനേജര്‍ ഒരു മലയാളി. എന്റെ ദേഷ്യവും സങ്കടവും എല്ലാം ഞാന്‍ അയാളുടെ മുന്നില്‍ ഇറക്കിവച്ചു.  

‘ എന്റെ സാറെ നേരേ ചൊവ്വേ പഠിച്ച് പാസാകാന്‍ വേണ്ടിയാ ഒരു വണ്ടി വാങ്ങാന്‍ വേണ്ട കാശ് നിങ്ങടെ ഫീസായി കൊടുത്തു തുലച്ചത്. ഇനി കൈക്കൂലീം കൂടി കൊടുത്താലേ പാസാകൂ എന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ ഇങ്ങോട്ടുള്ള വരവ് ഒഴിവാക്കാമാരുന്നു. പോയതു പോട്ടെ. എനി ലൈസന്‍സും വേണ്ട ഒരു മാങ്ങാത്തൊലീം വേണ്ട. ഇത്രേം മുടിച്ചതിന് ഒരു നന്ദീം കൂടെ പറഞ്ഞിട്ട് പോകാന്‍ വന്നതാ’   

‘ എടോ നല്ല ശതമാനം ഇന്ത്യക്കാര്‍ക്കും പോലീസ് അടുത്തിരിക്കുമ്പം മുട്ടിടിയ്ക്കും. നിങ്ങള്‍ അബദ്ധം കാണിക്കുന്നതുകൊണ്ടാ അവരു പാസ്സാക്കാത്തത്’  

‘ സാറേ ഇത് പത്താമത്തെ ടെസ്റ്റാ. ഒരു 7 ടെസ്റ്റ് വരെ സാറു പറഞ്ഞ മുട്ടിടി എനിയ്ക്കുമൊണ്ടാരുന്നു. ഇന്ന് കാശു ചോദിച്ചത് കൊടുക്കാഞ്ഞതുകൊണ്ടാ ആ  #^%$^%മോന്‍ പാസ്സാക്കാഞ്ഞത്’   

‘നിങ്ങളു പറഞ്ഞത് ഒള്ളതാണെങ്കില്‍ ഞാന്‍ നിങ്ങളെ സ്കൂളിന്റെ ഓണര്‍ ലോക്കലിന്റെ  അടുത്ത് കൊണ്ടു പോകാം, അവിടെ പറയാമോ?’  

‘അങ്ങേരും ആ പോലീസും എല്ലാം ഇവിടത്തുകാര്‍ തന്നെ അല്ലേ’  

‘ഹേയ് ഇദ്ദേഹം ഒരു നല്ല മനുഷ്യനാ’   

‘ മൂക്കോളം മുങ്ങി ഇനി എവിടെ വേണേലും ഞാന്‍ പറയാം, പകുതി ഫീസെങ്കിലും ഇങ്ങു തിരികെ തരുമോ? ലൈസന്‍സ് വേണ്ട’  

‘ ഇതുവരെ ഇവിടെ ഇങ്ങനെ ഒരു പരാതി വന്നിട്ടില്ല, ഓണറു പറയും പോലെ ചെയ്യാം.’   

പ്രൌഢഗംഭീരനായ ഒരു ലോക്കല്‍ അറബിയുടെ മുറിയിലേക്ക് ഞാന്‍ ആനയിക്കപ്പെട്ടു. ഇരിക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹം എനിയ്ക്ക് ഒരു ചായ വരുത്തി തന്നു. ചെറിയ കുശലത്തിനു ശേഷം പ്രശ്നം ആരാഞ്ഞു. 10 കാണ്ഡം ലൈസന്‍സ് ചരിതം അദ്ദേഹത്തിന്റെ മുന്നില്‍ ചൊല്ലിയാടിയപ്പോല്‍ അദ്ദേഹത്തിന്റെ മുഖം ശാന്തത്തില്‍ നിന്നും ഭീകരത്തിലേക്കും പിന്നെ ബീഭത്സത്തിലേക്കും ഭാവപ്പകര്‍ച്ച നടത്തി. കോളിങ് ബെല്ലമര്‍ത്തി കാര്യസ്ഥനെ വരുത്തി, എന്റെ ടെസ്റ്റ് നടത്തിയ പോലീസിന്റെ ഊരും പേരും വിശദവിവരങ്ങളും ശേഖരിക്കാന്‍ വിട്ടു.  

‘ഇങ്ങനെ ഒരു പരാതി എന്റെ സ്ഥാപനത്തില്‍ ആദ്യമാണ്. ഇത് ഈ സ്കൂളിന്റെ സല്പേരിനു കളങ്കം ചാര്‍ത്തുന്ന കാര്യം കൂടി ആയതിനാല്‍ ഇത് നിങ്ങളെക്കാളധികം എന്റെ പ്രശ്നമാണ്. നിങ്ങള്‍ പാസ്സാകാഞ്ഞതുകൊണ്ട് കള്ളം പറയുന്നതല്ലല്ലോ അല്ലേ?’  

‘ ഞാന്‍ പറഞ്ഞത് നൂറു ശതമാനം സത്യമാണ്’  

‘ ശരി നിങ്ങളുടെ പേരും മൊബൈല്‍ നമ്പരും തരൂ’  

‘ സാറെ എന്റെ കാശു പോകേണ്ടതു പോയി, കഴിഞ്ഞ 3-4 പ്രാവശ്യമായി ഈ പോലീസുതന്നാ ടെസ്റ്റിടുന്നത്. അവസാനമായി ഒരു വട്ടം വേറേ ആരെയെങ്കിലും കൊണ്ട് ഒരു ടെസ്റ്റ് ഇടുവിച്ച് നോക്കാന്‍ സാറു വിചാരിച്ചാല്‍ പറ്റുമോ? എനിയ്ക്ക് വേറേ പരാതിയില്ല’  

‘ നിങ്ങളെ ന്യായമായി എങ്ങനെ സഹായിക്കാന്‍ പറ്റുമെങ്കിലും ഞാന്‍ ചെയ്യും. ഞാന്‍ പറഞ്ഞില്ലേ ഇത് നിങ്ങള്‍ ഒരാളുടേത് എന്നതിലുപരി ഈ സ്ഥാപനത്തിന്റെ പ്രശ്നമാ’  

ഞാന്‍ പേരും നമ്പരും കുറിച്ചു കൊടുത്തു. കാര്യസ്ഥന്‍ പോലീസിന്റെ വിവരം കുറിച്ച് കൊണ്ടു കൊടുത്തു. അദ്ദേഹം അത് വായിച്ചു നോക്കി.  

‘ ഓ ഇയാളോ !!?’   


..............................................................

‘ സാര്‍ ഞാന്‍ ഇനി എന്തു ചെയ്യണം?’ 

 ‘ താങ്കള്‍ക്ക് അടുത്ത തിങ്കളാഴ്ച വീണ്ടും ടെസ്റ്റുണ്ടാവും അതിനു മുന്‍പ് ഞാന്‍ താങ്കളെ വിളിക്കും. ഇപ്പോള്‍ പൊയ്ക്കൊള്ളൂ. ഈ വിവരം ഇവിടെയും പുറത്തും ആരോടും ദയവായി പറയരുത്. എനിയ്ക്ക് അല്പം സമയം വേണം ’  

‘ ശെരി സാർ’ 


അടുത്ത ടെസ്റ്റിന് ഇനിയും ഒരാഴ്ച ...    പാർട്ട് 3 ഇവിടെ