Sunday, August 7, 2011

ഇതു മതി !!

ഒട്ടും തമാശ പറയാതെ എന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചിട്ടുള്ളത് എന്റെ മമ്മിയാണ്.
വളരെ സീരിയസ്സായി ചെയ്യുന്ന പല കാര്യങ്ങളും എന്നില്‍ ചിരിയുണര്‍ത്തിയിട്ടുണ്ട്. ചെറുപ്പം മുതല്‍.  

സാമ്പിള്‍ 1. 
ഒരു 10-30 വര്‍ഷം പുറകിലേക്ക് പോകാം. പനി പിടിച്ച എന്നെ ഡോക്ടറേയും കാണിച്ച് മടങ്ങി വരുകയാണ് മമ്മി. പ്രൈവറ്റ് ബസ് ഇറങ്ങി ഒന്നര കിലോമീറ്റര്‍ നടക്കണം വീട്ടിലേക്ക്. വഴിയില്‍ കാണുന്ന എല്ലാവരോടും എന്റെ ദീനക്കാര്യം പറഞ്ഞാണ് നടപ്പ്. അത് എനിയ്ക്ക് അലോസരമുണ്ടാക്കുന്നുണ്ട്. ഒരുമാതിരി അടക്കിപ്പിടിച്ച് ഞാനും കൂടെ നടക്കുകയാണ്.  അതാ വഴിയില്‍ അനിയന്റെ ക്ലാസ്മേറ്റ് ശ്രീകുമാറിന്റെ അമ്മ അവരുടെ വീട്ടുപടിക്കല്‍

“എന്തായി സുമംഗലയുടെ കാര്യം?” മമ്മിയുടെ അന്വേഷണം. 
“കഷ്ടമായിപ്പോയി.. അവള്‍ക്ക് കാന്‍സറാ.. ഭര്‍ത്താവ് ഉപേക്ഷിക്കുന്ന മട്ടാ” ശ്രീകുമാറിന്റെ അമ്മ. 

എന്റെ പനിയുടെ അലോസരം എന്നെ വിട്ടുപോയി. അതിലും വലിയ അസുഖമുള്ള ആളുകളുടെ കാര്യം എന്നില്‍ ഉദ്വേഗമുണര്‍ത്തി. ഞാന്‍ മനസ്സില്‍ സുമംഗലയുടെ മുഖം തിരഞ്ഞു. ഇല്ല ഓര്‍മ്മ വരുന്നില്ല. ആരായാലും കഷ്ടമായിപ്പോയി. അതും രോഗാവസ്ഥയില്‍ ഉപേക്ഷിച്ചുപോകുന്ന ക്രൂരനായ ഒരു ഭര്‍ത്താവും കൂടെയാവുമ്പോള്‍. ദൈവമേ എല്ലാരേം കാത്തോണേ . ഞങ്ങള്‍ ശ്രീകുമാറിന്റെ അമ്മയെ വിട്ട് മുന്നോട്ടു നടന്നു.

“ആര്‍ക്കാ മമ്മീ അസുഖം”. 
“ അസുഖമോ ? ആര്‍ക്ക്?” 
“അല്ല .. മമ്മീം ശ്രീകുമാറിന്റെ അമ്മേം കൂടി പറഞ്ഞ സുമംഗല?” 
“ഓ .. അതോ.. അതു മനോരമേലെ കാനത്തിന്റെ നോവലാ.. ഈയാഴ്ച എന്തായെന്നു ചോദിച്ചതാ” 

പ്ലിം.. 

എന്റെ മുഖത്തേ സുരാജ് വെഞ്ഞാറന്മൂട് ഭാവം ശ്രദ്ധിക്കാതെ മമ്മി അടുത്ത പരിചയക്കാരിയെ മുട്ടി “എവനൊരു പനി.. ഡോക്റ്ററേ കാണിച്ചിട്ടു വരുകാ..’    


സാമ്പിള്‍  2. 
ഇത് കഴിഞ്ഞവട്ടം ലീവിനുപോയപ്പോള്‍ കിട്ടീത്. ഞങ്ങളുടെ നല്ല അയല്‍ക്കാര്‍ ചില അത്യാവശ്യ പണം കടമിടപാ‍ടുകള്‍ പരസ്പരം നടത്താറുണ്ട്. ഇങ്ങനെ തിരിച്ചുകിട്ടാനുള്ള കാശിന്റെ കണക്കൊക്കെ മമ്മി ഫോണ്‍ ഡയറിത്താളുകളില്‍ കുറിച്ചിടും. 
എപ്പോഴും കാണാം - 

ചെല്ലപ്പന്‍ - 250, 
ശ്യാമള - 700,
കൊച്ചാട്ടന്‍ - 1000 , 
അനിയന്‍ - 1500... 

ഇങ്ങനെ കിട്ടിയതു വെട്ടീം കിട്ടാനുള്ളത് വെട്ടാതേം കുറേ കണക്കുകള്‍. കിഴക്കേ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന കൊച്ചേട്ടന് ഓര്‍മ്മ കുറവായതിനാല്‍ മക്കള്‍ വരുമ്പോള്‍ മമ്മിയുടെ കൈയ്യില്‍ 2000-3000 ഒക്കെ കൊച്ചാട്ടന്റെ ആവശ്യങ്ങള്‍ക്കും ഏല്‍പ്പിച്ചുപോകും. അതിന്റെ കണക്കും കാണും വേറേ. 
എന്നാല്‍ കഴിഞ്ഞ വട്ടം ഡയറി കണ്ടപ്പോഴാ ഞാന്‍ ശെരിക്കും ഞെട്ടിയത്. 

ജോബി - 522000, 
ശ്രീനാഥ് - 128000, 
പ്രീതി - 38000 ... !!! 

ദൈവമേ ഇത്രേം വലിയ അക്കങ്ങള്‍ ഇതുവരെ എന്റെ പാസ്ബുക്കില്‍ കണ്ടിട്ടില്ല. മമ്മിക്കിതെവിടുന്നാ ഇത്രേം കാശ്. ഇതൊക്കെ എങ്ങനെ റിസ്കില്ലാതെ കൈകാര്യം ചെയ്യാനാവും. പണ്ടത്തേപ്പോലെ ഓര്‍മ്മയില്ലാത്ത ആളാ. ചെലപ്പോ മൂക്കില്‍ കണ്ണടവച്ച് തപ്പിനടക്കുന്നതു കാണാം. 
“മമ്മീ...“ 
“എന്താടാ.?” 
“ മമ്മിയ്ക്കെവിടുന്നാ ഇത്രേം കാശ്?” 
“കാശോ? ഏതു കാശ്?“ 
“ഇത്രേം കാശൊക്കെ മമ്മി എങ്ങനാ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നേ?”
“നീയേതുകാശിന്റെ കാര്യമാ പറയുന്നത്?” 
“ദേണ്ട്..

ജോബി - 522000, ശ്രീനാഥ് - 128000, പ്രീതി - 38000..” 
“ങാഹാ അതോ.. അത് ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ  ഫൈനല്‍ എസ്സെമ്മെസ് റിസല്‍റ്റാടാ.. മൊത്തം കാണുന്നതിനു മുമ്പ് ഒറക്കം വന്നതു കൊണ്ട് പപ്പാ കേറിക്കെടന്നു. പിറ്റേന്നു പറയാന്‍ ഞാന്‍ എഴുതിവച്ചതാ.. നീയതങ്ങു വെട്ടിയേര്”
പ്ലിം നമ്പര്‍-2 
“ഹപ്പോ അതും കിട്ടിബോധിച്ചു”  


സാമ്പിള്‍ നമ്പര്‍-3 . 
ഇതും കഴിഞ്ഞ അവധിക്കാലത്ത് സംഭവിച്ചു. അത്യാവശ്യം ചില പര്‍ച്ചേസ് നടത്താന്‍ മമ്മിയോടൊപ്പം സിറ്റി വരെ പോണം. 
“നമുക്ക് ജംഗ്ഷനീന്ന് ഒരു ഓട്ടോയ്ക്ക് പോയിട്ട് വേഗം തിരിച്ചു വരാം” 
“ഓ കേ” 
ഒരുങ്ങിയിറങ്ങി ജംഗ്ഷനിലെത്തിയപ്പോള്‍ 4-5 ഓട്ടോകള്‍ നിരന്നു കിടക്കുന്നു. ആരെയും പരിചയമില്ല. ആരെ വിളിക്കും. 10-15 മിനിറ്റ് വെയിറ്റ് ചെയ്യാന്‍ പറഞ്ഞാല്‍ മുഷിയാത്ത ആരെങ്കിലും വേണം. 
ഏറ്റവും പുറകില്‍ കിടന്ന ഓട്ടോയില്‍ നോക്കി മമ്മി പറഞ്ഞു “ഇതുമതി ഇതു മതി”
“എന്നാ വേഗം കേറ്” മമ്മിയെ വണ്ടിയില്‍ ഉന്തിക്കയറ്റി ഓട്ടോക്കാരനോട് ഞാന്‍ പറഞ്ഞു “വിട്ടോ ചെങ്ങന്നൂരേക്ക്.. 10 മിനിറ്റ് വെയിറ്റിങ്ങൊണ്ട് കേട്ടോ” 
മമ്മിയുടെ മുഖം കടന്നലു കുത്തിയപോലെ ദേഷ്യം കൊണ്ട് വീര്‍ത്തിരിക്കുന്നു. ശെടാ.. ധൃതിയ്ക്കിടെ ദേഹം എവിടേലും മുട്ടി വേദനിച്ചോ 
“എന്താ?”  
“ഒന്നുമില്ല..^*^^“ (എന്തോ പിറുപിറുപ്പ്). 
വേണ്ട കശപിശ. വണ്ടിയില്‍ നിന്നും ഇറങ്ങിയിട്ട് തിരക്കാം. 
സിറ്റിയിലെത്തി ഇറങ്ങി. വണ്ടിക്കാരന്‍ സൈഡൊതുക്കാന്‍ പോയി. 
“എന്താ മമ്മീ?” 
“നീയെന്തിനാ ഈ വണ്ടി പിടിച്ചത്? അവന്‍ ഒരു അറത്തുകൊല്ലിയാ. ആശുപത്രീപ്പോകാന്‍ മറ്റെല്ലാരും 80 വാങ്ങിക്കുമ്പം എവന് 100 വേണം. ഒരു വണ്ടീമില്ലേലേ ഞങ്ങള്‍ ഇവനെ വിളിക്കൂ” 
“ശെടാ.. മമ്മിയല്ലേ ഇതുപിടിച്ചാ മതിയെന്നു പറഞ്ഞത്.. നാട്ടിലില്ലാത്ത എനിയ്ക്ക് ഇവരെയൊക്കെ എങ്ങനെ അറിയാം?” 
“ഇവനെ വിളിക്കാന്‍ ഞാന്‍ പറഞ്ഞോ? നിനക്കെന്താ വട്ടാണോ?” 
“പിന്നെ ഇതുമതി ഇതുമതീന്നു പറഞ്ഞതോ?” 
“അതോ ഇവന്റെ ഓട്ടോയുടെ പൊറകില്‍ എഴുതിവച്ചിരുന്നത് വായിച്ചതല്ലേ..? നീ കണ്ടില്ലേ ? ‘ഇതുമതി ഇതുമതീ’ന്ന്” 
ഞാന്‍ പാര്‍ക്കു ചെയ്തിരുന്നാ ഓട്ടോയുടെ പുറകിലേക്ക് നോക്കി. അവിടെ എന്നെ പരിഹസിച്ചുകൊണ്ട് മഞ്ഞനിറത്തില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ കിടക്കുന്നു ‘ഇതു മതി.. ഇതു മതി..”
പ്ലിം നമ്പര്‍-3. 
(“അതങ്ങു മനസ്സില്‍ വായിച്ചാല്‍ പോരാരുന്നോ?”)

Monday, August 1, 2011

നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് .. !

ഇത് എഴുതുന്ന ഞാനും വായിക്കുന്ന താങ്കളും ഇന്ന് പരസ്പരം അറിയുന്നെങ്കില്‍, സാഹിത്യലോകത്ത് ഇടമില്ലാതിരുന്ന എത്രയോ പേര്‍ ബ്ലോഗുലകത്തില്‍ പുലികളായെങ്കില്‍, ആഗോളവ്യാപകമായി ഇങ്ങനെ ഒരു കൂട്ടായ്മ ഉരുത്തിരിഞ്ഞെങ്കില്‍, ഒരു പക്ഷേ അതിനു കാരണക്കാരനായ ഒരു ദീര്‍ഘദര്‍ശിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ബ്ലോഗും ബ്ലോഗിലെ മലയാളം എഴുത്തും ഇന്ന് സാധ്യമാകുന്ന ട്രാന്‍സിലിറ്ററേഷന്‍റെ പിതാവ് ഒരു പക്ഷേ ഇദ്ദേഹമാവാം. ഇംഗ്ലീഷിലെ 26 സ്മോള്‍ ലെറ്റേഴ്സും 26 കാപ്പിറ്റല്‍ ലെറ്റേഴ്സും ഇംഗ്ലീഷുകാര്‍ക്ക് മുഴുവനായി പ്രൊഡക്റ്റീവായി ഉപയോഗിക്കാന്‍ ആ ഭാഷയില്‍ സ്കോപ്പില്ലെന്നിരിക്കെ ഈ 52 അക്ഷരങ്ങളും പ്രയോജനപ്പെടുത്തി എങ്ങനെ ഒരു പുതിയ ലിപി ഉണ്ടാക്കാം എന്ന് ആദ്യം ചിന്തിച്ചത് ഇദ്ദേഹമാണെന്നു തോന്നുന്നു. ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ശ്രീ എം.പി.നാരായണപിള്ളയുടെ റൈറ്റ്-അപ്പ് 'അക്ഷരങ്ങളേക്കാള്‍ ഭാഷയെ സ്നേഹിക്കുന്നവരോട്’ കലാകൌമുദി മാഗസിന്റെ 1995 മേയ് 28ന്റെ ലക്കത്തില്‍ ആദ്യമായി വായിച്ചപ്പോള്‍ അത് വലിയൊരു പ്രചോദനമായിരുന്നു.



 ‘ജനരഞ്ജിനി’ എന്ന് ആദ്യ മലയാളം ഫോണ്ട് കണ്ട് കണ്ണുതള്ളി നില്‍ക്കുന്ന സമയം. കൈയ്യോടെ അന്നത്തെ വിന്‍ഡോസ് 3.1-ഇല്‍ ഫോക്സ്പ്രോയുടെ ആദ്യ വേര്‍ഷനില്‍ ഒരു ചെറിയ ഡാറ്റാബേസ് ഫയലില്‍ അക്ഷരങ്ങളെ ഒതുക്കി ഒരു പ്രോഗ്രാം തട്ടിക്കൂട്ടി. ഒരു വരി മംഗ്ലീഷില്‍ റ്റൈപ്പ് ചെയ്ത് ‘എന്റര്‍’ അടിക്കുമ്പോള്‍ അത് മലയാളത്തില്‍ സ്ക്രീനില്‍ തെളിയും. തെറ്റുണ്ടെങ്കില്‍ തിരുത്താം. വേണമെങ്കില്‍ ഒരു ഫങ്ക്ഷന്‍ കീ ഞെക്കി ട്രാന്‍സിലിറ്ററേഷന്‍ ചെയ്തുകിട്ടിയ ലൈന്‍ ഒരു നോട്ട്പാഡ് ഫയലില്‍ ആഡ് ചെയ്ത് അടുത്ത വരി മംഗ്ലീഷ് അടിയ്ക്കാം. ഒടുവില്‍ ഈ നോട്ട്പാഡ് ഫയല്‍ വേര്‍ഡില്‍ തുറന്ന് ഫോണ്ടും ഫോര്‍മാറ്റും സെറ്റ് ചെയ്താല്‍ മലയാളം ഡോക്യുമെന്റ് റെഡി. അനേകം തിരുത്തിയെഴുത്തുകള്‍ക്ക് ശേഷം ട്രയല്‍ റണ്ണിന് കൂട്ടുകാരെ വിളിച്ചുവരുത്തിയപ്പോള്‍ ആ പാര രവിപ്പിള്ള ആദ്യം പറഞ്ഞ് ട്രയല്‍‌വാക്ക് ഇപ്പോഴും ഓര്‍ക്കുന്നു - ‘മഞ്ജുമഞ്ജീരശിഞ്ജിതമോടെ..’ പിള്ളയുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിയതോടെ കമ്പനിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന എല്ലാ മലയാളികളും സോഫ്റ്റ്വെയര്‍ കോപ്പിയ്ക്കായി എത്തി. ഹിന്ദി, തമിഴ് സുഹൃത്തുക്കള്‍ അവരുടെ സാധ്യതകള്‍ അന്വേഷിച്ചും.  കേരളത്തിനു പുറത്ത് ജനിച്ചുവളര്‍ന്ന, മലയാളം സംസാരിക്കാന്‍ മാത്രം അറിയുമായിരുന്ന സ്നേഹിതന്‍ ആന്റണി ആദ്യമായി അമ്മയ്ക്ക് മലയാളത്തില്‍ എന്റെ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഒരു എഴുത്ത് എഴുതി പോസ്റ്റ് ചെയ്തപ്പോള്‍ അങ്ങേരുടെ മുഖത്ത് തെളിഞ്ഞ പുഞ്ചിരി ഇപ്പോഴും മനസില്‍ തെളിയുന്നു. ഈമെയില്‍ ഇല്ലാതിരുന്ന, ഇന്റര്‍നെറ്റ് ഇല്ലാതിരുന്ന ആ കാലത്ത്, പിന്നെ ഓഫീസ് ജോലിക്കിടെ ബോസിന്റെ കണ്ണുവെട്ടിച്ച് കത്തെഴുതാന്‍ ബുദ്ധിമുട്ടിയിരുന്ന എത്രയോ സുഹൃത്തുക്കളുടെ പ്രണയവും വിരഹവും പരിഭവങ്ങളും ഒക്കെ അതുവഴി നാട്ടിലേക്ക് ഒഴുകി.  എന്റെ ആ,  പ്രത്യേകിച്ച് പേരൊന്നും ഇല്ലാതിരുന്ന, പ്രോഗ്രാമായിരിക്കാം ഒരു പക്ഷേ കീമാന്റെയും കീമാജിക്കിന്റെയും ഒക്കെ മുന്‍‌ഗാമി. നാരായണപിള്ളയെ നന്ദിയോടെ ഓര്‍ക്കാം . ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.