Sunday, August 7, 2011

ഇതു മതി !!

ഒട്ടും തമാശ പറയാതെ എന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചിട്ടുള്ളത് എന്റെ മമ്മിയാണ്.
വളരെ സീരിയസ്സായി ചെയ്യുന്ന പല കാര്യങ്ങളും എന്നില്‍ ചിരിയുണര്‍ത്തിയിട്ടുണ്ട്. ചെറുപ്പം മുതല്‍.  

സാമ്പിള്‍ 1. 
ഒരു 10-30 വര്‍ഷം പുറകിലേക്ക് പോകാം. പനി പിടിച്ച എന്നെ ഡോക്ടറേയും കാണിച്ച് മടങ്ങി വരുകയാണ് മമ്മി. പ്രൈവറ്റ് ബസ് ഇറങ്ങി ഒന്നര കിലോമീറ്റര്‍ നടക്കണം വീട്ടിലേക്ക്. വഴിയില്‍ കാണുന്ന എല്ലാവരോടും എന്റെ ദീനക്കാര്യം പറഞ്ഞാണ് നടപ്പ്. അത് എനിയ്ക്ക് അലോസരമുണ്ടാക്കുന്നുണ്ട്. ഒരുമാതിരി അടക്കിപ്പിടിച്ച് ഞാനും കൂടെ നടക്കുകയാണ്.  അതാ വഴിയില്‍ അനിയന്റെ ക്ലാസ്മേറ്റ് ശ്രീകുമാറിന്റെ അമ്മ അവരുടെ വീട്ടുപടിക്കല്‍

“എന്തായി സുമംഗലയുടെ കാര്യം?” മമ്മിയുടെ അന്വേഷണം. 
“കഷ്ടമായിപ്പോയി.. അവള്‍ക്ക് കാന്‍സറാ.. ഭര്‍ത്താവ് ഉപേക്ഷിക്കുന്ന മട്ടാ” ശ്രീകുമാറിന്റെ അമ്മ. 

എന്റെ പനിയുടെ അലോസരം എന്നെ വിട്ടുപോയി. അതിലും വലിയ അസുഖമുള്ള ആളുകളുടെ കാര്യം എന്നില്‍ ഉദ്വേഗമുണര്‍ത്തി. ഞാന്‍ മനസ്സില്‍ സുമംഗലയുടെ മുഖം തിരഞ്ഞു. ഇല്ല ഓര്‍മ്മ വരുന്നില്ല. ആരായാലും കഷ്ടമായിപ്പോയി. അതും രോഗാവസ്ഥയില്‍ ഉപേക്ഷിച്ചുപോകുന്ന ക്രൂരനായ ഒരു ഭര്‍ത്താവും കൂടെയാവുമ്പോള്‍. ദൈവമേ എല്ലാരേം കാത്തോണേ . ഞങ്ങള്‍ ശ്രീകുമാറിന്റെ അമ്മയെ വിട്ട് മുന്നോട്ടു നടന്നു.

“ആര്‍ക്കാ മമ്മീ അസുഖം”. 
“ അസുഖമോ ? ആര്‍ക്ക്?” 
“അല്ല .. മമ്മീം ശ്രീകുമാറിന്റെ അമ്മേം കൂടി പറഞ്ഞ സുമംഗല?” 
“ഓ .. അതോ.. അതു മനോരമേലെ കാനത്തിന്റെ നോവലാ.. ഈയാഴ്ച എന്തായെന്നു ചോദിച്ചതാ” 

പ്ലിം.. 

എന്റെ മുഖത്തേ സുരാജ് വെഞ്ഞാറന്മൂട് ഭാവം ശ്രദ്ധിക്കാതെ മമ്മി അടുത്ത പരിചയക്കാരിയെ മുട്ടി “എവനൊരു പനി.. ഡോക്റ്ററേ കാണിച്ചിട്ടു വരുകാ..’    


സാമ്പിള്‍  2. 
ഇത് കഴിഞ്ഞവട്ടം ലീവിനുപോയപ്പോള്‍ കിട്ടീത്. ഞങ്ങളുടെ നല്ല അയല്‍ക്കാര്‍ ചില അത്യാവശ്യ പണം കടമിടപാ‍ടുകള്‍ പരസ്പരം നടത്താറുണ്ട്. ഇങ്ങനെ തിരിച്ചുകിട്ടാനുള്ള കാശിന്റെ കണക്കൊക്കെ മമ്മി ഫോണ്‍ ഡയറിത്താളുകളില്‍ കുറിച്ചിടും. 
എപ്പോഴും കാണാം - 

ചെല്ലപ്പന്‍ - 250, 
ശ്യാമള - 700,
കൊച്ചാട്ടന്‍ - 1000 , 
അനിയന്‍ - 1500... 

ഇങ്ങനെ കിട്ടിയതു വെട്ടീം കിട്ടാനുള്ളത് വെട്ടാതേം കുറേ കണക്കുകള്‍. കിഴക്കേ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന കൊച്ചേട്ടന് ഓര്‍മ്മ കുറവായതിനാല്‍ മക്കള്‍ വരുമ്പോള്‍ മമ്മിയുടെ കൈയ്യില്‍ 2000-3000 ഒക്കെ കൊച്ചാട്ടന്റെ ആവശ്യങ്ങള്‍ക്കും ഏല്‍പ്പിച്ചുപോകും. അതിന്റെ കണക്കും കാണും വേറേ. 
എന്നാല്‍ കഴിഞ്ഞ വട്ടം ഡയറി കണ്ടപ്പോഴാ ഞാന്‍ ശെരിക്കും ഞെട്ടിയത്. 

ജോബി - 522000, 
ശ്രീനാഥ് - 128000, 
പ്രീതി - 38000 ... !!! 

ദൈവമേ ഇത്രേം വലിയ അക്കങ്ങള്‍ ഇതുവരെ എന്റെ പാസ്ബുക്കില്‍ കണ്ടിട്ടില്ല. മമ്മിക്കിതെവിടുന്നാ ഇത്രേം കാശ്. ഇതൊക്കെ എങ്ങനെ റിസ്കില്ലാതെ കൈകാര്യം ചെയ്യാനാവും. പണ്ടത്തേപ്പോലെ ഓര്‍മ്മയില്ലാത്ത ആളാ. ചെലപ്പോ മൂക്കില്‍ കണ്ണടവച്ച് തപ്പിനടക്കുന്നതു കാണാം. 
“മമ്മീ...“ 
“എന്താടാ.?” 
“ മമ്മിയ്ക്കെവിടുന്നാ ഇത്രേം കാശ്?” 
“കാശോ? ഏതു കാശ്?“ 
“ഇത്രേം കാശൊക്കെ മമ്മി എങ്ങനാ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നേ?”
“നീയേതുകാശിന്റെ കാര്യമാ പറയുന്നത്?” 
“ദേണ്ട്..

ജോബി - 522000, ശ്രീനാഥ് - 128000, പ്രീതി - 38000..” 
“ങാഹാ അതോ.. അത് ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ  ഫൈനല്‍ എസ്സെമ്മെസ് റിസല്‍റ്റാടാ.. മൊത്തം കാണുന്നതിനു മുമ്പ് ഒറക്കം വന്നതു കൊണ്ട് പപ്പാ കേറിക്കെടന്നു. പിറ്റേന്നു പറയാന്‍ ഞാന്‍ എഴുതിവച്ചതാ.. നീയതങ്ങു വെട്ടിയേര്”
പ്ലിം നമ്പര്‍-2 
“ഹപ്പോ അതും കിട്ടിബോധിച്ചു”  


സാമ്പിള്‍ നമ്പര്‍-3 . 
ഇതും കഴിഞ്ഞ അവധിക്കാലത്ത് സംഭവിച്ചു. അത്യാവശ്യം ചില പര്‍ച്ചേസ് നടത്താന്‍ മമ്മിയോടൊപ്പം സിറ്റി വരെ പോണം. 
“നമുക്ക് ജംഗ്ഷനീന്ന് ഒരു ഓട്ടോയ്ക്ക് പോയിട്ട് വേഗം തിരിച്ചു വരാം” 
“ഓ കേ” 
ഒരുങ്ങിയിറങ്ങി ജംഗ്ഷനിലെത്തിയപ്പോള്‍ 4-5 ഓട്ടോകള്‍ നിരന്നു കിടക്കുന്നു. ആരെയും പരിചയമില്ല. ആരെ വിളിക്കും. 10-15 മിനിറ്റ് വെയിറ്റ് ചെയ്യാന്‍ പറഞ്ഞാല്‍ മുഷിയാത്ത ആരെങ്കിലും വേണം. 
ഏറ്റവും പുറകില്‍ കിടന്ന ഓട്ടോയില്‍ നോക്കി മമ്മി പറഞ്ഞു “ഇതുമതി ഇതു മതി”
“എന്നാ വേഗം കേറ്” മമ്മിയെ വണ്ടിയില്‍ ഉന്തിക്കയറ്റി ഓട്ടോക്കാരനോട് ഞാന്‍ പറഞ്ഞു “വിട്ടോ ചെങ്ങന്നൂരേക്ക്.. 10 മിനിറ്റ് വെയിറ്റിങ്ങൊണ്ട് കേട്ടോ” 
മമ്മിയുടെ മുഖം കടന്നലു കുത്തിയപോലെ ദേഷ്യം കൊണ്ട് വീര്‍ത്തിരിക്കുന്നു. ശെടാ.. ധൃതിയ്ക്കിടെ ദേഹം എവിടേലും മുട്ടി വേദനിച്ചോ 
“എന്താ?”  
“ഒന്നുമില്ല..^*^^“ (എന്തോ പിറുപിറുപ്പ്). 
വേണ്ട കശപിശ. വണ്ടിയില്‍ നിന്നും ഇറങ്ങിയിട്ട് തിരക്കാം. 
സിറ്റിയിലെത്തി ഇറങ്ങി. വണ്ടിക്കാരന്‍ സൈഡൊതുക്കാന്‍ പോയി. 
“എന്താ മമ്മീ?” 
“നീയെന്തിനാ ഈ വണ്ടി പിടിച്ചത്? അവന്‍ ഒരു അറത്തുകൊല്ലിയാ. ആശുപത്രീപ്പോകാന്‍ മറ്റെല്ലാരും 80 വാങ്ങിക്കുമ്പം എവന് 100 വേണം. ഒരു വണ്ടീമില്ലേലേ ഞങ്ങള്‍ ഇവനെ വിളിക്കൂ” 
“ശെടാ.. മമ്മിയല്ലേ ഇതുപിടിച്ചാ മതിയെന്നു പറഞ്ഞത്.. നാട്ടിലില്ലാത്ത എനിയ്ക്ക് ഇവരെയൊക്കെ എങ്ങനെ അറിയാം?” 
“ഇവനെ വിളിക്കാന്‍ ഞാന്‍ പറഞ്ഞോ? നിനക്കെന്താ വട്ടാണോ?” 
“പിന്നെ ഇതുമതി ഇതുമതീന്നു പറഞ്ഞതോ?” 
“അതോ ഇവന്റെ ഓട്ടോയുടെ പൊറകില്‍ എഴുതിവച്ചിരുന്നത് വായിച്ചതല്ലേ..? നീ കണ്ടില്ലേ ? ‘ഇതുമതി ഇതുമതീ’ന്ന്” 
ഞാന്‍ പാര്‍ക്കു ചെയ്തിരുന്നാ ഓട്ടോയുടെ പുറകിലേക്ക് നോക്കി. അവിടെ എന്നെ പരിഹസിച്ചുകൊണ്ട് മഞ്ഞനിറത്തില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ കിടക്കുന്നു ‘ഇതു മതി.. ഇതു മതി..”
പ്ലിം നമ്പര്‍-3. 
(“അതങ്ങു മനസ്സില്‍ വായിച്ചാല്‍ പോരാരുന്നോ?”)

44 comments:

  1. കൊള്ളാം.. ഇത്തരം ലഘു നര്മങ്ങള്‍ അല്ലെ നമ്മുടെ ജീവിതത്തെ വിരസതയില്‍ നിന്നും രക്ഷിക്കുന്നത്. ആസ്വദിച്ച് വായിച്ചു .

    ReplyDelete
  2. സാമ്പിൾ 2 നന്നായിഷ്ടപ്പെട്ടു..

    ReplyDelete
  3. എനിക്ക് ആ സ്റ്റാര്‍ സിങ്ങര്‍ ജോക്ക് നല്ല ഇഷ്ടായി .
    ഇടക്കുള്ള ഇത്തരം നല്ല നര്‍മ്മങ്ങള്‍ ആസ്വാദകാരം.
    ആശംസകള്‍

    ReplyDelete
  4. അടിപൊളി.

    ReplyDelete
  5. മമ്മിയുടെ മകൻ തന്നെ....

    ReplyDelete
  6. സുമംഗലയുടെ കാര്യം കഷ്ടമായി. വാരികകളിലെ കഥകളിലും
    സീരിയലുകളിലും ലയിച്ചിരിക്കുന്നവര്‍ക്ക് ഇതെല്ലാം
    ആനക്കാര്യങ്ങളാണേ.

    ReplyDelete
  7. ഹ ഹ !!
    കാർന്നോരെ, രസികൻ പോസ്റ്റ്.

    ReplyDelete
  8. ഹഹഹഹ... ഐഡിയ സ്റ്റാര്‍ സിംഗര്‍ തകര്‍ത്തു. എന്റെ മമ്മിയ്ക്കുമുണ്ട് ആ സൂക്കേട് :-)

    ReplyDelete
  9. കലക്കീ കാർന്നോരെ..!!
    അപ്പൊ.. ഇന്നത്തെക്ക് ‘ ഇതു മതി.. ഇതു മതി..’ !

    ആശംസകൾ...

    ReplyDelete
  10. വിറ്റുണ്ടാക്കാൻ മമ്മിയും ,വിറ്റടിക്കുവാൻ ഒത്ത മോനും...
    കലക്കിൻണ്ട്ട്ടാ‍ാ..

    ReplyDelete
  11. ആ മമ്മിയെ ഒന്ന് പരിചയപ്പെടണമല്ലോ..

    ReplyDelete
  12. അപ്പൊ കാര്‍ന്നോര്‍ സ്ഥാനം പേരിലെ ഉള്ളു അല്ലെ?

    ReplyDelete
  13. നന്നായിരിക്കുന്നു. ഇഷ്ടായി..

    ReplyDelete
  14. അപ്പൊ സ്റ്റാര്‍ സിങ്ങര്‍ ഒക്കെ ഇത്ര സീരിയസ് ആണ് അല്ലേ :)

    ചിരിപ്പിച്ചു :))

    ReplyDelete
  15. ഹ ഹ ഒരുപാട് ചിരിച്ചു..
    അമ്മ തകർത്തു.. ഹി ഹി

    ReplyDelete
  16. ഇതുമതി ഇതുമതി...കാര്‍ന്നോരേ, മമ്മിയോടൊരു ബ്ലോഗ് തുടങ്ങാന്‍ പറയൂ. (മമ്മിക്കെന്റെ ഹായ്)

    ReplyDelete
  17. മമ്മിയാണ് താരം.!!!!!!

    ReplyDelete
  18. @ മിനേഷ്, പഥികന്‍, ചെറുവാടി, ഇടവഴി, പാവം, - നന്ദി
    @ പാലക്കാടേട്ടന്‍ - നോവലിസ്റ്റ് കാനം എന്നെക്കെ അന്നാണ് ആദ്യമായി കേള്‍ക്കുന്നത്.
    ‌@ അനില്‍, ഷാബു, ജുവൈരിയ, വീക്കെ, എം മുകുന്ദന്‍, പൊന്മളക്കാരന്‍, ഷാജി, കണ്ണന്‍, അജിത്, ഹാഷിക്ക് - നന്ദി.
    @ മെയ്പുഷ്പം - ചെങ്ങന്നൂര്‍ക്ക് പോന്നോളൂ .. പരിചയപ്പെടാം
    @ ഇന്‍ഡ്യ ഹെറിറ്റേജ് - പേരിലെല്‍ങ്കിലും ഇരിക്കട്ടെ ഒരു കാര്‍ന്നോര്‍ - കൊച്ചിമീറ്റ് വീഡിയോയിലും ഫോട്ടോയിലും എന്നേം കുഞ്ഞുങ്ങളേം കണ്ടില്ലേ..

    http://kaarnorscorner.blogspot.com/2011/07/3.html

    ReplyDelete
  19. ഞാന്‍ വരും മുന്നേ നന്ദി കിട്ടി. അതു ഞാന്‍ വരവു വെച്ചിരിക്കുന്നു :)

    കാര്‍ന്നോരെ പോസ്റ്റ് രസകരം. ചിരിപ്പീച്ചു.

    ReplyDelete
  20. ഹഹ...മമ്മി അടിപൊളി....ശെരിക്കും ചിരിച്ചു പോയി...

    ReplyDelete
  21. ശോ രണ്ടു പഥികന്മാര്‍ എന്നെ കാണാന്‍ എത്തി - കണ്‍ഫ്യൂഷനായല്ലോ.. പഥികന്‍ രണ്ടാമനും നന്ദി. മഞ്ജൂനും നന്ദി. ഇനി ഇവിടെയെത്തുന്ന എല്ലാര്‍ക്കും അഡ്വാന്‍സ് നന്ദി :) (ഈയാഴ്ച നാട്ടില്‍ പോകുന്നു. തിരികെവരുമ്പോഴേക്കും ഇനീം കിട്ടും എന്തെങ്കിലുമൊക്കെ :))

    ReplyDelete
  22. ആ രണ്ടാമത്തെ വിറ്റാണ് തകര്‍ത്തത് ..വളരെ സിമ്പിളായ രചനാ രീതിയാണ്‌ ഈ പോസ്റ്റിന്റെ രസം

    ReplyDelete
  23. അപ്പോള്‍ കാര്ന്നോര്‍ മമ്മിയുടെ മോനാനല്ലേ?!
    ‘ ഇതു മതി.. ഇതു മതി..’ :)

    ReplyDelete
  24. നര്‍മ്മം ഉള്‍ക്കൊണ്ടു.

    ReplyDelete
  25. ഇടയ്ക്കിടെ മമ്മീടെ അടുത്ത് പോയി വരൂട്ടോ... ഇതുപോലെ നല്ല വിറ്റുകള്‍ കേള്‍ക്കാല്ലോ :)
    രണ്ടാമത്തെതാ ശരിക്കും കലക്കീത് :D

    ReplyDelete
  26. ജോറായിറ്റ്ണ്ട്.

    ReplyDelete
  27. കാര്‍ന്നോരേ..
    ഇഷ്ടായീട്ടോ..!
    മമ്മിക്കു പകരം മമ്മിമാത്രം..!
    ആശംസകള്‍..!

    ReplyDelete
  28. കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഈ പോസ്റ്റിന്റെ ലിങ്ക് ഞങ്ങൾ ഈ ആഴ്ച്ചയിലെ ‘ബിലാത്തി മലയാളിയുടെ ‘ വരാന്ത്യത്തിൽ ചേർത്തിട്ടുണ്ട് കേട്ടൊ കാർന്നോരെ

    ദേ..ഇവിടെ https://sites.google.com/site/bilathi/vaarandhyam

    ReplyDelete
  29. നറ്മ്മം കലക്കി..രണ്ടാമത്തെ നറ്മ്മം വായിച്ച് കുറെ ചിരിച്ചു...രസകരമായി ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്..

    ReplyDelete
  30. കാര്‍ന്നോരെ ചിരിക്കാതിരിക്കാന്‍ മസില്‍ പിടിച്ച് നോക്കി. പക്ഷെ ചിരിച്ച് പോയി ..

    ReplyDelete
  31. കലക്കീട്ടോ കാര്ന്നോപ്പാടെ....നര്‍മ്മം ഒട്ടുമം ഒലിച്ചു പോകാതെയുള്ള ആ എഴുത്തിനു 100 മാര്ര്‍ക്ക്...താങ്ക് യു പറയാന്‍ മറക്കല്ലെട്ടോ..

    ReplyDelete
  32. നല്ല രസമായി അവതരിപ്പിച്ചു...സാമ്പിള്‍ 2 വളരെ ഇഷ്ടമായി...:)

    ReplyDelete
  33. thanks - muraleemukundan, anaswara, oruvan, aanamarutha(ssO pEtiPiKAthe), vEnalpaxi

    ReplyDelete
  34. മമ്മി യുടെ ഇടി വെട്ടു തമാശകള്‍ ..ഭയങ്കരമായി ചിരിപ്പിച്ചു .ഹ ഹ

    ReplyDelete
  35. മമ്മിയാണ് താരം...പണ്ട് സ്കൂളില്‍ പോകുമ്പോള്‍ പാടത്ത് കൊയ്ത്തിനു വരുന്ന പെണ്ണുങ്ങള്‍ പറയുന്നത് കേട്ടിട്ടുണ്ട്,എടീ നമ്മുടെ ഓപ്പോള്‍ എന്തായി (നന്ദിനി ഓപ്പോള്‍ -സുധാകര്‍ മംഗളോധയം),ഗൌതം രെക്ഷപെട്ടോ (അസ്ത്രം-ബാറ്റന്‍ ബോസ്സ്)..അന്ന് ഈ മാസികകലായിരുന്നു ഏക മാര്‍ഗ്ഗം..ഇന്നിപ്പോ ടീവീ സീരിയലുകള്‍ ആയി..

    ReplyDelete
  36. കൊള്ളാം..മമ്മീ ശ്യാമളയ്ക്ക് പഠിക്കുവാണ് അല്യോ...?

    ReplyDelete
  37. അമ്മ ഒരു സംഭവമാണല്ലോ.. ഹി.ഹി.. ഇനിം പോരട്ടെ..

    ReplyDelete
  38. മമ്മിയുടെ നര്‍മ്മം മര്‍മ്മത്ത് കൊള്ളുന്ന നര്‍മ്മം
    തന്മയത്വത്തോടെ അവതരിപ്പിച്ചു.

    "ജോബി - 522000, ശ്രീനാഥ് - 128000, പ്രീതി - 38000..”
    “ങാഹാ അതോ.. അത് ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ ഫൈനല്‍ എസ്സെമ്മെസ് റിസല്‍റ്റാടാ.. മൊത്തം കാണുന്നതിനു മുമ്പ് ഒറക്കം വന്നതു കൊണ്ട് പപ്പാ കേറിക്കെടന്നു. പിറ്റേന്നു പറയാന്‍ ഞാന്‍ എഴുതിവച്ചതാ.. നീയതങ്ങു വെട്ടിയേര്”

    ഒരോരോ കണക്കുകള്‍ പോകുന്ന പോക്കേ!!

    ReplyDelete
  39. ഇതിപ്പോഴാ വായിച്ചേ! ഇതങ്ങ് കലക്കിയല്ലോ അനിയാ....അഭിനന്ദനങ്ങള്‍

    ReplyDelete
  40. (“അതങ്ങു മനസ്സില്‍ വായിച്ചാല്‍ പോരാരുന്നോ?”)
    പ്ലിം.. എഴുത്ത് ഇഷ്ടായി.. :)

    ReplyDelete
  41. കാര്‍ന്നോര് ജി,

    ഇഷ്ട്ടമായി, പ്രതേകിച്ചും സ്റ്റാര്‍ സിങ്ങറിന്റെ കണക്ക്,,,,,

    ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..