Monday, May 10, 2010

മാണിസാറ് മരത്തില്‍ കണ്ടത്... !!

നുമ്മ മനസില്‍ കാണുന്നത് മാണിസാര്‍ മരത്തില്‍ കാണും.
(മാ: = മാണി, ചെ:= ചെന്നിത്തല, ഉ:=ഉമ്മന്‍ ചാണ്ടി, ജോ:= പി ജെ ജോസഫ്)
05-05-2010

രംഗം ഒന്ന്.
മാ: ഹലോ... ഹലോ..രമേശ് ചെന്നിത്തലയല്ലേ ..?
ചെ: അതേ .. ആരാ .. മുരളിയാണോ.. ഞാന്‍ പറഞ്ഞില്ലേ ഇങ്ങനെ അരമണിക്കൂര്‍ എടവിട്ട് വിളിക്കണ്ടാന്ന്.. ശെരിയാകുമ്പം പറയാം..
മാ: രമേശാ ഇതു ഞാനാ.. മാണി
ചെ: എന്താ മാണിസാറേ?
മാ: അതേ രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങടെ പൊതുയോഗമൊണ്ട്.. അണികളെ കൈയ്യിലെടുക്കാന്‍ ഞാന്‍ നിങ്ങളെ ഒന്നു ചൊറിയും.. പരിഭവിക്കരുത്.. ബാക്കിയെല്ലാം നമ്മടെ മുന്‍ ധാരണപോലെ പോകുന്നൊണ്ട്.
ചെ: മൈക്കുകിട്ടിയാ മൂന്നാര്‍ മണിയെപോലെ മാണിസാര്‍ ആവുകേലെന്നറിയാം .. എന്നാലും പറേവാ.. ഒരു മയത്തില്‍ മതി..
മാ: നമ്മളു മൂന്നാര്‍ മണീം ജയരാജനും ഒന്നും ആവുകേല.. എന്നാ ശെരി.. ചാണ്ടിയോടുകൂടെ പറഞ്ഞേക്കണേ..
മാ: ഹലോ ജോസഫേ ഞാനാ .. മാണി.. നമ്മടെ പൊതുയോഗം ഒന്നു കഴിഞ്ഞോട്ടെ .. ഞാന്‍ ഒരു അലക്കലക്കുന്നൊണ്ട്.. ചെന്നിത്തലേം ചാണ്ടീം ഒക്കെ നമ്മളുവരച്ച വഴീല്‍ വരുമെന്നേ.. താന്‍ പേടിക്കാതെ.. ഇല്ലത്തൂന്ന് എറങ്ങീട്ട് അമ്മാത്ത് എത്താത്ത സ്ഥിതി ഒന്നും ഞാനായിട്ട് ആക്കുകേല. തന്റെ പേരിലും കുരുവിളേടെപേരിലും ഒരു കേസും അന്വേഷണോം വരുകേല.. പിന്നേ താന്‍ ഒറക്കത്തില്‍ ഞെട്ടുന്നൊണ്ടെന്നോ നെലവിളിച്ചെന്നോ ഒക്കെ നല്ലപാതി പറഞ്ഞെന്ന് ഇവിടെ അവളു പറേന്നേ കേട്ടു.. ഒക്കെ ശെരിയാകുമെടോ.. എന്നാ ശെരി വെക്കുവാ...

രംഗം രണ്ട്.
പൊതുയോഗം.
മാ: “നമ്മളു കൂട്ടുകൂടാന്‍ കൊള്ളാത്തവരാണെങ്കി.. കൂട്ടണ്ടാന്നേ..
സീറ്റില്ലേങ്കി വേണ്ടാന്നേ..
ആരും കൂട്ടിയില്ലേല്‍ ഒറ്റയ്ക്ക് നമക്ക് നിക്കാമെന്നേ
ഞാന്‍ നിയമം പറയാം, വസ്തുത പറയാം, ചരിത്രം പറയാം,
.. ...... ........ .........
...... ....... ........ .....
...... ...... ...... ......”

രംഗം മൂന്ന്.
മാ: ഹലോ.. ചാണ്ടീ.. ഇതു ഞാനാ മാണി.. രാവിലെ എന്തോ കഴിച്ചു..? ഇപ്പൊ എവിടാ ? പിന്നേ.. ഞാന്‍ ചെന്നിത്തലയോടു പറഞ്ഞപോലെ പൊതുയോഗത്തില്‍ നമ്പരിട്ടിട്ടൊണ്ട്.. ഇനി എല്ലാം നിങ്ങടെ കൈയ്യിലാ.. മുറുക്കാനൊള്ളത് മുറുക്കിക്കോണം..
ഉ: ആ .. ഞാന്‍ റ്റീവീല്‍ കണ്ടു.. ശെരി.. ഞാന്‍ ചെന്നിത്തലേ ഒന്നു വിളിച്ചിട്ട് നാളെ പ്രതികരിച്ചോളാം.. എന്നാ ശെരി ..
മാ: ശേരി.. ഞാനാ ജോസഫിനെ ഒന്ന് വിളിക്കട്ടെ..

മാ: ആ.. ജോസഫേ ഞാനാ.. മാണി.. ഇപ്പം തനിക്ക് ഏങ്ങനൊണ്ട്.. ചുക്കുകാപ്പി കുടിച്ചേച്ച് ഒന്ന് ആവി പിടി.. ആ വെറയല്‍ അങ്ങു മാറും.. പി റ്റി തോമസും കൂറുമാറ്റോം ഒന്നും വിഷയമല്ലെന്നേ .. നമക്കറിയാത്ത ഏതു നിയമമാ.. പിന്നെ.. ചാണ്ടീം രമേശും ഒന്ന് കിടുങ്ങീട്ടൊണ്ട്.. അത്തരം അലക്കല്ലേ ഞാന്‍ പൊതുയോഗത്തില്‍ കാച്ചിയത്. രണ്ടും ‘ക’ ‘മ’ ന്ന് മിണ്ടീട്ടില്ലല്ലോ.. സംഗതി നമ്മടെ വഴിക്കുവരും.. നമ്മടെ ശക്തി അവര്‍ക്കറിയാം.. അടുത്ത മന്ത്രിസഭേലും മാണീം ജോസഫും ഒണ്ടാവുമെടോ.. ങാ.. പിന്നേ.. നമ്മടെ ലയനചര്‍ച്ച ഒരു 4-5 ദെവസം കഴിഞ്ഞു മതി, കോട്ടയത്ത് മാതാ അമൃതാനന്ദമയി ഒക്കെ വന്നുപോയി തെരക്കൊഴിയട്ടെ. .. ഏ.. ഏ.. വേറേ എവിടേലും വെച്ചെന്നോ.. ഓ അതിപ്പം നമ്മളു 5-8 പേരു മതിയെങ്കിലും ഇപ്പം കോട്ടയത്തൂന്ന് മാറിയാല്‍ ശെരിയാവുകേല.. പിന്നെ നമ്മളു രണ്ടുപേരുമാവുമ്പം എന്നാ കണക്കു പറയാനാ.. ജോസഫിനൊള്ളത് ജോസഫിന്.. എന്നാ ശെരി.. വെക്കട്ടെ.. ങേ.. ങേ .. കേക്കാന്‍ വയ്യ.. കട്ടായി...

രംഗം നാല്.
ചെ: ഞാന്‍ വളരെ വ്യക്തമായും ശക്തമായും പറയട്ടെ.. ഇപ്പോള്‍ ജോസഫിനെ യുഡിഎഫില്‍ എടുക്കേണ്ട യാതൊരു സാഹചര്യവുമില്ല. ജനങ്ങള്‍ക്ക് ബോധ്യപ്പെടാത്ത ഒരു കൂട്ടുകെട്ട് യുഡിഎഫിനു ഗുണം ചെയ്യില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കൂടാതെ മുന്നണി കൂട്ടായി എടുക്കാത്ത തീരുമാനങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. അതിനായി അധികം സീറ്റും വിട്ടുകൊടുക്കില്ല. ജനങ്ങള്‍ക്ക് അനഭിമതരായ സ്ഥാനാര്‍ത്തികളേയും മുന്നണി പിന്തുണയ്ക്കില്ല....

ഉ: ഞാന്‍ വളരെ വ്യക്തമായും ശക്തമായും പറയട്ടെ.. ഇപ്പോള്‍ ജോസഫിനെ യുഡിഎഫില്‍ എടുക്കേണ്ട യാതൊരു സാഹചര്യവുമില്ല. ജനങ്ങള്‍ക്ക് ബോധ്യപ്പെടാത്ത ഒരു കൂട്ടുകെട്ട് യുഡിഎഫിനു ഗുണം ചെയ്യില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കൂടാതെ മുന്നണി കൂട്ടായി എടുക്കാത്ത തീരുമാനങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. അതിനായി അധികം സീറ്റും വിട്ടുകൊടുക്കില്ല. ജനങ്ങള്‍ക്ക് അനഭിമതരായ സ്ഥാനാര്‍ത്തികളേയും മുന്നണി പിന്തുണയ്ക്കില്ല....

രംഗം അഞ്ച്.
മാ: എന്റെ ജോസഫേ .. സംഗതി കൈവിട്ടു പോയെന്നാ തോന്നുന്നത്.
ജോ: ഇതെന്നാ മാണിച്ചാ ഈ നേരത്ത് ഇങ്ങനെ പറയുന്നത്.
മാ: എന്നു പറഞ്ഞാ ഞാന്‍ എന്തോ ചെയ്യണം. ഒക്കുന്നതുപോലൊക്കെ ഞാന്‍ പയറ്റി നോക്കിയത് ജോസഫിനും അറിയാമല്ലോ. ഒറ്റയ്ക്ക് നിക്കാമെന്നൊക്കെ വാശിക്ക് പറഞ്ഞെങ്കിലും ആ കരുണാകരനും മുരളീം ജേക്കബ്ബും കൂടെ ഡിഐസി ഒണ്ടാക്കിയത് നമ്മളും കണ്ടതാണല്ലോ. നമ്മടെ യോഗത്തിന്റെ പത്തെരട്ടി ആളുമൊണ്ടാരുന്നു. എന്നിട്ടെന്തായി. എന്തുമ്മാത്രം കൈയ്യും കാലുമിട്ടടിച്ചിട്ടാ കരുണാകരന്‍ കോണ്‍ഗ്രസിലും ജേക്കബ്ബ് മുന്നണീലും തിരിച്ചു കേറിപ്പറ്റീതെന്ന് നമ്മളു കണ്ടതല്ലേ? അതീപ്പിന്നെ ആ മുരളി ഇതുവരെ ഗതി പിടിച്ചിട്ടുമില്ല. എനിയ്ക്കും ആ ഗതി വന്നു കാണാനാണോ ജോസഫ് ആശിക്കുന്നേ..
ജോ: ഇതിപ്പം വിളിച്ചെറക്കീട്ട് അത്താഴമില്ലായോ?
മാ: അതിന് ഞാന്‍ തന്നെ കൈ വിട്ടിട്ടില്ലല്ലോ? പിന്നെ നമ്മടെ ലയന വ്യവസ്ഥകളില്‍ ചില മാറ്റങ്ങള്‍ വേണമെന്നു മാത്രം
ജോ: അതു നമ്മള്‍ മുന്നേ സംസാരിച്ചതല്ലേ.. ?
മാ: ആ സാഹചര്യമാണോ ജോസഫേ ഇപ്പോ.. ചാണ്ടി പറേണപോലെ ഇപ്പോ താന്‍ നിന്നാ ഞങ്ങക്ക് കിട്ടാനുള്ള സീറ്റും പോകും. കുരുവിളേടെ കാര്യോം അതു തന്നാ.. അതുകൊണ്ട് ഈ വരുന്ന എലക്ഷന് നിങ്ങള്‍ കൂടെ നിന്നാ മതി.. മത്സരിക്കണ്ട.. പിന്നെ വല്ല ബൈയെലക്ഷനും വരുവല്ലോ. അപ്പോ നോക്കാം.
ജോ: ഇതൊരുമാതിരി മറ്റേടത്തേ പണിയായിപ്പോയല്ലോ മാണിച്ചാ.
മാ: പിന്നേ .. കണ്ട കന്നംതിരിവൊക്കെ കാണിയ്ക്കുമ്പം ഓര്‍ക്കണമാരുന്നു. ആ പെണ്ണുമ്പിള്ള ഒന്നും വീഡിയോയില്‍ പിടിക്കാഞ്ഞത് ഭാഗ്യം
ജോ: എന്നാ പിന്നെ അന്നു വീറു പറഞ്ഞതു പോലെ വിട്ടേച്ച് ഞങ്ങടെ കൂടെ. എടതുപക്ഷത്തേക്ക് വാ.. അടവുനയമാരുന്നെന്ന് വിജയന്‍ പറഞ്ഞോളും.. മാണിച്ചനെ അവര്‍ക്കും താല്പര്യമാ..
മാ: അതെനിക്കറിയാം പക്ഷേ ഇനി ജീവിതകാലം മുഴുവന്‍ ഞാന്‍ പ്രതിപക്ഷത്തിരുന്നു ചൊറികുത്തുന്നത് ജോസഫിനു കാണണോ?. തല്‍ക്കാലം അതിന് ഞാനില്ല.
ജോ: അപ്പോ ഞാന്‍....
മാ: നിക്കണോ പോണോന്ന് താന്‍ തന്നെ തീരുമാനിക്ക്. ജോസ്മോനേ.. വെള്ളം ചൂടായോ? നല്ല ക്ഷീണം... ഒന്ന് കുളിക്കണം
ജോ: ????????
.....
...
..
.

19 comments:

  1. അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍ അല്ലേ...:)..സംഭവം ഗംഭീരമായി

    ReplyDelete
  2. കാര്‍ന്നോരേ....ഇത് കൂട്ടത്തില്‍ ഒന്ന് പോസ്റ്റ്. സൂപ്പറായിട്ടുണ്ട്. നല്ല മൈലേജ് കിട്ടും.. www.koottam.com

    ReplyDelete
  3. പാവം ജോസഫ്.... മാണിയുടെ ചൂണ്ടയില്‍ കിടന്ന് പെടക്കണ പെട കണ്ടാ.... ഒരു വെടിക്ക് അഞ്ചാറ് പക്ഷിയുമായിട്ട് മാണി സാറ് ഡെല്‍ഹിയില്‍ നിന്ന് യാത്ര തിരിക്കും :)

    ReplyDelete
  4. മാണിയാരാ മോന്‍??? ഒന്നൂല്ലെങ്കിലും ഞങ്ങടെ നാട്ടുകാരനല്യോ...

    ReplyDelete
  5. കളികള്‍... ആരുമറിയാത്ത കളികള്‍...

    ReplyDelete
  6. അടിതുടങ്ങി അറിഞ്ഞില്ലേ?!!
    വീണ്ടും പോസ്റ്റിയത് ഉചിതമായി.

    ReplyDelete
  7. ഈ പോസ്സ്ടു ഇപ്പോള്‍ വളരെ പ്രസക്തമാണ്.ജോസ്സഫിന്‍റെ രാഷ്ട്രി യ ജീവിതത്തിന്‍റെ അന്ത്യം കുറിക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പാണിത്. തൊടുപുഴയില്‍ മത്സരിച്ചാല്‍ പി ടി തോമസ്സും പി സി ജോര്‍ജ്ജും കൂടി തോപ്പിക്കും, നിന്നില്ലെങ്കില്‍ അത് കൂടി ക്ലീന്‍ ഔട്ട്‌ .ഈ കത്തോലിക്ക സഭയിലെ ചില പ്രമാണിമാര്‍ പറ്റിച്ച പണിയാ . ഇനി യിപ്പോ എന്ത് പറയാനാ ഇല്ല്ത്തുന്നു ഇറങ്ങി അമ്മാ ത്തൊട്ട് എത്തിയുമില്ല

    ReplyDelete
  8. രാഷ്ട്രീയത്തില്‍ ഇതൊക്കെ സര്‍വ സാധാരണമല്ലേ?
    കണ്ടാമൃഗം തോറ്റു പോകുന്ന തൊലിക്കട്ടിയുള്ളപ്പോള്‍ ഇതും ഇതിനപ്പുറവും സംഭവ്യം..
    വളരെ രസകരമായി എഴുതി..

    ReplyDelete
  9. NOOOOOOOOOOO ഞങ്ങളുടെ മാണിസാറെ പറഞ്ഞാല്‍ ഞാന്‍ സഹിക്കില്ല അങ്ങേര് ഞങ്ങളുടെ ദൈവമാണ് !! :)

    ReplyDelete
  10. രാഷ്ട്രീയക്കാര്‍ അടിയോട് അടി തുടങ്ങി. ഇനി തെരഞ്ഞെടുപ്പ് കഴിയുന്നത്‌ വരെ അടിയും തടവുമായിരിക്കും.

    അതാണ്‌ നുമ്മ കേരള രാഷ്ട്രീയം കേട്ടാ.....

    ReplyDelete
  11. ഞമ്മക്കീ രാഷ്ട്രീയക്കളിയൊന്നും പുടീല്ല. പക്ഷേങ്കി വായിച്ചു ചിരിച്ചു നന്നായി. ഹി ഹി....ഇത്തിരി ആരോഗ്യോം വർദ്ധിച്ചു......

    ReplyDelete
  12. ജാസ്മിക്കുട്ടി, മനോജ്, റെജിമോൻ, മലയാളി, അജിത്, തിരിച്ചിലാൻ, തെച്ചിക്കോടൻ, സത്യം, മെയ്പുഷ്പം, ചെകുത്താൻ (യ്യോ...), അക്ബർ, ഗീത - നന്ദി വീണ്ടും വരണം

    ReplyDelete
  13. കിടിലം :-)
    അതി കൂടുതല്‍ ഇനി എന്നാ പറയാനാ...!!

    ReplyDelete
  14. ഹ ഹ ഹ ഹ :))
    ഞാനിത്തിരി വൈകി!!!

    ബസ്സില്‍ ഇറക്കിയില്ലായിരുന്നോ???? ങെ ങെ, കേക്കാന്‍ വയ്യ, കട്ടായി!!

    ReplyDelete
  15. മാനിസ്സാറിന്റെ വാക്ക്‌ കേട്ട് അക്കിടി പറ്റാത്തവര്‍ ചുരുങ്ങും.
    നന്നായ് പറഞ്ഞു.

    ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..