Wednesday, February 3, 2010

ബ്ലോഗാറ്റിന്‍ കരയിലേക്കൊരു തീര്‍ത്ഥയാത്ര.

2009 അവസാനം.

ബ്ലോഗാറ്റിങ്കരയിലേക്കു പുറപ്പെട്ട ഞാന്‍ വഴിയില്‍ ബ്രേക്ക് ഡൌണായ വണ്ടിയില്‍ നിന്നും പോങ്ങുമ്മൂട്ടില്‍ ഇറങ്ങി.

കൈലിയും മാടിക്കുത്തി ഇടതുകൈകൊണ്ടു മൂടുചൊറിഞ്ഞു നിന്ന നട്ടപ്രാന്തനോട് വഴി ചോദിച്ചു. വലതുകൈയ്യുടെ തള്ളവിരല്‍ നേരേ മൊട്ടത്തലയുടെ പുറകിലേക്ക് ചൂണ്ടി മിണ്ടാതെ പോയ പഹയന്‍ ബര്‍ലിത്തരങ്ങളില്‍ കൊണ്ടു ചാടിച്ചു.

പണ്ടു ഫോര്‍വേര്‍ഡ് ചെയ്തു കിട്ടിയ ഒണക്കക്കച്ചിയുടെ ഒറിജിനല്‍ വിളഞ്ഞുനില്‍ക്കുന്ന വിശാലമായ പാടം.

ഭേഷാ മേഞ്ഞു.

കമന്റുവേലിയില്‍ കറണ്ടടിക്കുന്നതുവരെ.

ഒടയോനും വഴിപോക്കരും ചേര്‍ന്ന് എനിയ്ക്കു മുന്‍പ് മേഞ്ഞ് ചാണകമിട്ടവരെ ചതച്ച് നീരെടുക്കുന്നതു കണ്ടു.
ആദ്യമാദ്യം ചത വാങ്ങിയ ചാകാറായ ശേഷിപ്പുകള്‍ വഴി നീളെ കിടക്കുന്നു...
പണ്ടു കുടിച്ച മുലപ്പാല്‍ വരെ വായില്‍ വന്നു. കുടലുവെറച്ചു.

ആരുടേയും കണ്ണില്‍ പെടാതെ നേരേ കല്ലേരിപ്പാടത്തുചാടി ഓടി.
“ഡാ ... ഡാ ... നില്ലവിടെ...” പിന്‍ വിളിയോ തോന്നലോ ? തിരിഞ്ഞുനോക്കാന്‍ പോയില്ല.

വഴിയില്‍ വാപൊത്തി ചിരിച്ചുനിന്ന ത്രേസ്യക്കൊച്ചിനെ കണ്ടില്ലെന്നു നടിച്ചു. നമുക്ക് പ്രാണനല്ലേ വലുത്?

അടുത്ത ജങ്ഷന്‍ കല്ലേരിപ്പാടത്തിന്റെ കാവല്‍ക്കാരന്‍ നന്ദന്‍ മൂപ്പരുടെ മാടക്കട.

ഒരുവിധം ഓടിയണച്ച് അവിടെവരെ എത്തി

“ഒരു ഷോഡ, രണ്ടു പഴോം”

തോളില്‍ നിന്നും ഈരിഴത്തോര്‍ത്തെടുത്ത് വീശി സോഡക്കുപ്പിയുടെ പുറത്തേ ഈച്ചേ ഓടിച്ചശേഷം ഒരെണ്ണം ഗോലി റിലീസ് ചെയ്ത് നീട്ടി. പഴക്കുലയില്‍ ഞാന്ന് ഞാന്‍ തന്നെ രണ്ടു പഴം റിലീസ് ചെയ്തെടുത്തു. വിഴുങ്ങാന്‍ ലേശം സമയമെടുത്തു. ശ്വാസം നോര്‍മ്മലാവുന്നേയുള്ളു.

തണുത്ത കാറ്റ്.

ആശ്വാസം.

കടയുടെ ചുവരിലും ചുറ്റിലും പോസ്റ്ററുകള്‍.

മാതായില്‍ പുണ്യപുരാണം “കൊടകരപുരാണം”,
ചിത്രയില്‍ “കുറുമാന്‍ - 3ഡി”,
കവിതേല്‍ കോമഡി - “വാഴക്കോടന്‍”..

ധന്യേല്‍ പാണ്ടിപ്പടം “കുമാരസംഭവം ”,



ഇനീം ണ്ട് ... കണ്ണു പിടിയ്ക്കുന്നില്ല..
.......
.......
.......

പഞ്ചാരച്ചാക്കില്‍ വീണ ഉറുമ്പിന്റെ അവസ്ഥ.
എവിടന്നു തിന്നു തൊടങ്ങണംന്ന് ആഹെ കണ്‍ഫ്യൂഷന്‍.
ഇതു തീര്‍ത്തിട്ടു മതി ബാക്കി. ഒരു സൈഡില്‍ നിന്നും തൊടങ്ങാം.

മാറ്റിനിയ്ക്ക് ഇനീം സമയമൊണ്ട്.

വീണ്ടും കടയിലേക്ക് കണ്ണെത്തി.

ബാലരമേം പൂമ്പാറ്റേം അമ്പിളി അമ്മാവനും ഒറ്റവരിരാമനും തൂങ്ങുന്നു.
ഒരു ഒറ്റവരിരാമനും നാലു നാരങ്ങാമുട്ടായീം വാങ്ങി.

മൊത്തം ചില്ലറ  കടം പറഞ്ഞു.

“പറ്റില്ലാതെ പറ്റിയ്ക്കാന്‍ വന്നേക്ക്വാ“ .

തലചൊറിഞ്ഞു നിന്നു.

മൂപ്പര്‍ക്കു ദയ തോന്നി.

“ഉം പൊക്കോ.. ഒരു വേലേം കൂലീം ആയാല്‍ വെക്കം ഈടത്തെ കടം വീട്ട്വോഡാ ശവീ..”

“ഉം ഉം”

“ഉം.. തെക്കനാണ് അത്ര നമ്പാന്‍ പറ്റില്യാ.. കിട്ട്യാ കിട്ടി.. ഇനി കടം പറയണ്‍ന്ന് ച്ചാ നിന്നെപ്പിഡിച്ച് ബര്‍ലിക്കു കൊടുക്കും ട്ടോ....”

കര്‍ത്താവേ ആ ഒറ്റയാന്റെ പേരുകേക്കുമ്പം പിന്നേം കൊടലു വെറയ്ക്കുന്നു.

എന്തിനാണാവോ?


പ്രതിയ്ക്കു ബോധിപ്പിയ്ക്കാനുള്ളത്...
മേല്‍ പരാമര്‍ അടിച്ചിട്ടുള്ള ശ്ശെ... പരാമര്‍ശിച്ചിട്ടുള്ള വ്യക്തികള്‍ മരിച്ചവരോ ജനിയ്ക്കാന്‍ പോകുന്നവരോ ജീവിച്ചിരുന്നവരോ ജീവിയ്ക്കാന്‍ സാധ്യതയുള്ളവരോ അല്ല. എല്ലാവരും ബ്ലോഗേഴ്സ് മാത്രമാണ്. സാദൃശ്യം യാദൃശ്ചികം മാത്രം.

ആയതിനാല്‍ കുടുംബത്തിന്റെ ഒരേ ഒരാശ്രയമായ പ്രതിയെ സാഹചര്യത്തെളിവുകളുടെ അഭാവം കണക്കിലെടുത്തും ദയ തോന്നിയും നിരുപാധികം വിട്ടയയ്ക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.... ദാറ്റ്സ് ആള്‍ യുവര്‍ ഓണര്‍ .. വിട്ടില്ലെങ്കില്‍ “കല്ലിവല്ലി”...

2 comments:

  1. 2009 അവസാനം.

    ബ്ലോഗാറ്റിങ്കരയിലേക്കു പുറപ്പെട്ട ഞാന്‍ വഴിയില്‍ ബ്രേക്ക് ഡൌണായ വണ്ടിയില്‍ നിന്നും പോങ്ങുമ്മൂട്ടില്‍ ഇറങ്ങി.

    ReplyDelete
  2. Testing - ലിങ്കാമോന്ന് നോക്കട്ടെ - ഹോം

    ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..