Thursday, October 27, 2011

ഞങ്ങൾ സന്തുഷ്ടരാണ്.. :-)

പടനായകന്റെ വിവാഹാഘോഷം കഴിഞ്ഞു. വരനും വധുവും രണ്ടു കുതിരകളെ പൂട്ടിയ രഥത്തിലേറി മധുവിധുവിന് മലമുകളിലെ കൊട്ടാരത്തിലേക്ക് യാത്രയായി. കണവന്റെ രൂപവും ഭാവവും ഗൌരവവും വധുവിനെ ഒരേസമയം അഭിമാനിയും വ്രീളാവിവശയുമാക്കി. 

താളത്തില്‍ ഓടിക്കൊണ്ടിരുന്ന രഥം പെട്ടെന്ന് ഒന്ന് ഉലഞ്ഞു. ഇടത്തെ രഥചക്രം ഒരു പാറയില്‍ കയറിയിറങ്ങിയതാണ്. പടനായകന്‍ ഉഗ്രകോപത്തോടെ അലറി ‘ഒന്ന്’. 

രഥം വീണ്ടും മുന്നോട്ട്. പാതിവഴി കഴിഞ്ഞിരിക്കുന്നു. ഒരിക്കല്‍കൂടി രഥം ശക്തിയായി ഉലഞ്ഞു. ഇത്തവണ ഇടതേ ചക്രപ്പാതയിലുണ്ടായിരുന്ന ഒരു കുഴിയായിരുന്നു കുഴപ്പമുണ്ടാക്കിയത്. പടനായകന്റെ ശബ്ദം വീണ്ടും മുഴങ്ങി ‘രണ്ട്’.

ഒന്നും മനസ്സിലാകാതെ വധു പടനായകന്റെ നോക്കി. ഗൌരവത്തിന് ഒരു കുറവുമില്ല. വീണ്ടും രഥം മുന്നോട്ട്. ഇനിയും അല്പദൂരം കൂടിയേയുള്ളു കൊട്ടാരത്തിലേക്ക്. രഥം മൂന്നാമതും ശക്തമായി കുലുങ്ങിയുലഞ്ഞു. ‘ മൂന്ന്’ പടനായകന്റെ ഉഗ്രശബ്ദം ഉയര്‍ന്നു. ഒപ്പമുയര്‍ന്നുതാണ വാള്‍ ഇടതേ കുതിരയുടെ ഗളം ഛേദിച്ചു. വധു ആ കാഴ്ച കാണാനാവാതെ കണ്ണുപൊത്തി. താഴെയിറങ്ങിയ സേനാനായകന്‍ ഒറ്റക്കുതിരയെ നടുക്ക് മാറ്റിക്കെട്ടി വീണ്ടും രഥമേറി. 

മുന്നോട്ട് വീണ്ടും യാത്ര. കൊട്ടാരമെത്തി. രഥത്തില്‍ നിന്നുമുറങ്ങി മുന്നേ പോകുന്ന പടനായകന്റെ അനുഗമിച്ച നവവധു പരിഭവസ്വരത്തില്‍ മൊഴിഞ്ഞു ‘ഹോ എന്നാലും ഭയങ്കര ദേഷ്യക്കാരന്‍ തന്നെ.. നല്ലൊരു കുതിരയായിരുന്നു. ഇത്ര ചെറിയ ഒരു കാരണത്തിന്റെ പേരില്‍ അതിനേ കൊല്ലേണ്ടിയിരുന്നില്ല’. 

പിന്തിരിഞ്ഞ സേനാനായകന്‍ വധുവിന്റെ കണ്ണില്‍ നോക്കി ഉറച്ച സ്വരത്തില്‍ നിര്‍വ്വികാരനായി ശബ്ദിച്ചു 

‘ഒന്ന്’'. 

അവര്‍ 80 കൊല്ലം സന്തുഷ്ടകുടുംബജീവിതം നയിച്ചു. 

(കഥ കൊള്ളാമോ? സമാധാനം ഇങ്ങനെയും ആവാമല്ലേ ?!)എന്നോ കേട്ട ഒരു കഥ.