Sunday, January 30, 2011

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു ?


അങ്ങനെ ഞാനും വയസ്സറിയിക്കുന്നു. ഒരു ബ്ലോഗ് രജിസ്റ്റര്‍ ചെയ്തിട്ട് ഒരു വര്‍ഷമാകുന്നു.  ഈ  ബ്ലോഗിക്കുപ്പായത്തിനുള്ളില്‍ ഒരു കവിഹൃദയവും കലാകാരനും ഗായകനുമുണ്ടെന്ന് ആരും തിരിച്ചറിയാതെ പോയതിനാല്‍ ആദ്യപോസ്റ്റ് ആരും വായിക്കാതെ പോയി. പോസ്റ്റിയതിനു ശേഷം പലവട്ടം, എന്നെ അത്ഭുതപ്പെടുത്തിയ പലരുടേയും ബ്ലോഗുലിങ്കുകള്‍ അതില്‍ ഉള്‍പ്പെടുത്തി, എഡിറ്റി. പുലികള്‍ സ്വന്തം ബ്ലോഗില്‍ കമന്റുകളുടെ എണ്ണം കണ്ട് ഞെട്ടിയപ്പോള്‍ ഇവിടെ ഒരു കമന്റുപോലും കാണാതെ ഞാനും ചുമ്മാ ഞെട്ടി. നിരാശനാകാതെ രണ്ടാം പോസ്റ്റ്. ഇത്തവണ രാഷ്ട്രീയത്തില്‍ കയറിപ്പിടിച്ചു. എന്റെ ആദ്യ കമന്ററായി ‘ഒഴാക്കനെ’ത്തി. (ഒരു അഗ്രിഗേറ്റിലും രജിസ്റ്റര്‍ ചെയ്യാതിരുന്ന എന്നെ അദ്ദേഹം എങ്ങനെ കണ്ടെത്തിയെന്ന് എനിയ്ക്കിപ്പഴും മനസ്സിലായിട്ടില്ല). അതിന്റെ നന്ദിസൂചകമായി ആ പയ്യന് ഒരു പെണ്ണാലോചിക്കാമെന്ന് വാക്കുകൊടുത്തെങ്കിലും പിന്നീട് ‘അതു മണ്ടത്തരമാകുമെന്ന്’ ചാണ്ടി വെരുട്ടിയതിനാല്‍ വാക്കുവിഴുങ്ങി. മ്പടെ ഉപാസനയും വേണുവും മ്പടെ കുമാരനും അടുത്ത പോസ്റ്റില്‍ കമന്റി.  പിന്നെ ഒരു നല്ല അഭിപ്രായം കേട്ടത് ‘മാണിസാറ് മരത്തില്‍ കണ്ടത്... !!  ഞാന്‍ മാനത്തുകണ്ടപ്പോഴാണ്. ‘നാഴികക്കല്ലില്‍ നിന്നും നാഴികക്കല്ലില്‍ ചെന്ന് നാളുകള്‍ കാല്‍‌വെച്ചെത്തി മാസങ്ങളോളം’. ചിന്ന പോസ്റ്റുകളിലും പ്രോത്സാഹനവുമായി ജയന്‍ ഡോക്റ്റര്‍ വന്നു. മോഹന്‍‌ലാലിന് ഒക്ടോബറില്‍ യുഎഇ ഡ്രൈവിങ് ലൈസന്‍സു കിട്ടിയത് മാ‍ധ്യമങ്ങള്‍ വലിയ വിഷയമാക്കിയപ്പോഴാണ് നമ്മുടെ വീരഗാഥ യ്ക്കും ഒരു സ്കോപ്പുണ്ടെന്നു തോന്നിയത്. അങ്ങനെ എന്റെ ആദ്യ ഫോളോവറായി റിയാസ് മിഴിനീര്‍ത്തുള്ളി എത്തി. എന്നിട്ടും കമന്റുകളുടെ എണ്ണമെടുക്കാന്‍ രണ്ടു കൈയ്യുടേയും മുഴുവന്‍ വിരലുകളും യൂസ് ചെയ്യേണ്ടിവന്നില്ല. അപ്പോഴാണ് എന്റെ ക്ഷണം സ്വീകരിച്ച് പോസ്റ്റുവായിച്ച സാക്ഷാല്‍ വിശാലമസ്കന്‍ (അദ്ദേഹത്തെ നിങ്ങള്‍ക്ക് അറിയാമെന്നു തോന്നുന്നു :)) എന്റെ തൂലികയുടെ മൂര്‍ച്ച തിരിച്ചറിഞ്ഞ് (ഒവ്വ ഒവ്വേ കൊറേ പുളിക്കുംന്ന് ഹാരാടാ പറഞ്ഞത്) ഒരു ബസ് പരസ്യം എനിയ്ക്കുവേണ്ടി ഇറക്കാന്‍ വിശാല മനസ്സു കാണിച്ചത്. (അദ്ദേഹം ഒന്നു കമന്റാഞ്ഞത് പ്രതിഷേധം അര്‍ഹിക്കുന്നുവെങ്കിലും .. പോട്ടെ ക്ഷമിച്ചു. ഒന്നുമല്ലെങ്കിലും മ്പളെക്കാള്‍ രണ്ടുമൂന്നു വയസ്സിന് ഇളയ പയ്യനല്ലേ) യന്തിരന്‍ റിലീസു ചെയ്ത പാലക്കാട്ടേ തീയറ്ററിലുണ്ടായ ഇടി (ഹിറ്റ്) ആയിരുന്നു തുടര്‍ന്നുണ്ടായ രണ്ടുമൂന്നു ദിവസങ്ങള്‍. ഫോളോവേഴ്സ് രെജിസ്ട്രേഷന്‍ നിയന്ത്രിക്കാനാവാതെ ‘പ്രവേശന ആദ്യ 100000 പേര്‍ക്കു മാത്രം’ എന്ന ബോര്‍ഡ് മനസ്സില്ലാമനസ്സോടെയാണെങ്കിലും വെയ്ക്കേണ്ടിവന്നു. ഇപ്പോ 36 ഫോളോവേഴ്സ് ആയപ്പോള്‍ രസീതുകുറ്റി തീര്‍ന്നുപോയതുകൊണ്ട് തല്‍ക്കാലം അഡ്മിഷന്‍ നിര്‍ത്തിവച്ചിരിക്കയാണ്. അങ്ങനെ ഞാന്‍ ഒന്നുമില്ലായ്കയില്‍ നിന്നും തുടങ്ങി സ്വപ്രയത്നം കൊണ്ട് വളര്‍ന്നു വളര്‍ന്ന് എല്ലാ ബ്ലോഗു പൈതങ്ങള്‍ക്കും മാതൃകയായി ഇപ്പോഴത്തെ നിലയിലായി. കമന്റുകള്‍ ബാര്‍ട്ടര്‍ സിസ്റ്റത്തില്‍ (അതു ഞാൻ ഇഷ്ടപ്പെടുന്നു. വായിക്കുന്ന ബ്ലോഗുകളിൽ ഒരു സ്മൈലി എങ്കിലും ഇടണമെന്നാണ് എന്റെ അഭിപ്രായം)ഒറ്റ സംഖ്യയില്‍ നിന്നും ഇരട്ടസംഖ്യയിലേക്കും വളര്‍ന്നിട്ടുണ്ട് (വായനക്കാര്‍ക്ക് പേടീണ്ട് - വായിച്ചിട്ട് കമന്റാതെപോയാല്‍ ശുട്ടിടുവേന്‍ എന്നല്ലെ എഴുതിവച്ചത്) .  പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഇന്നലെ ലാസ്റ്റ് കമന്റില്‍ ശ്രീ അജിത്ത്  പറഞ്ഞപോലെ നിങ്ങള്‍ നിര്‍ബന്ധിക്കുവാണെങ്കില്‍ ഞാന്‍ ഇനീം എഴുതാം ... (എഴുതണ്ടാ എന്നു കമന്റുന്ന വിവരമില്ലാത്ത അരസികന്മാരെ ഡിലീറ്റുന്നതും ബ്ലോക്കുന്നതു ആയിരിക്കും) 

നനമയയുഗമെട്ടില്‍ തട്ടിയാല്‍ കവിതാബ്ലോഗും ഫുജി ഓട്ടോഫോക്കസ് ക്യാമറ ഫംഗസ് ക്ലീന്‍ ചെയ്തുകിട്ടിയാലുടന്‍ ഫോട്ടോ ബ്ലോഗും ആരംഭിക്കുന്നതായിരിക്കും.പ്രവേശനം കമന്റുന്നവര്‍ക്കു മാത്രം.

കാക്കയ്ക്കും തന്‍‌കുഞ്ഞ് പൊന്‍‌കുഞ്ഞ്.  ആരും കമന്റാഞ്ഞ ആദ്യ (വി)കൃതി ഒന്നൂടെ പൂശുന്നു (അങ്ങനെവിട്ടാല്‍ പറ്റില്ലല്ലോ. ഇപ്പോ കമന്റിയാല്‍ അടുത്ത കൊല്ലം ഒന്നൂടെ വായിയ്ക്കാണ്ട് രക്ഷപെടാം) - ലിങ്കുകള്‍ ക്ലിക്കി എന്റെ ശിഷ്യന്മാരെയും പ്രോത്സാഹിപ്പിക്കുക.

ബ്ലോഗാറ്റിന്‍ കരയിലേക്കൊരു തീര്‍ത്ഥയാത്ര.



2009 അവസാനം.

ബ്ലോഗാറ്റിങ്കരയിലേക്കു പുറപ്പെട്ട ഞാന്‍ വഴിയില്‍ ബ്രേക്ക് ഡൌണായ വണ്ടിയില്‍ നിന്നും പോങ്ങുമ്മൂട്ടില്‍ ഇറങ്ങി.

കൈലിയും മാടിക്കുത്തി ഇടതുകൈകൊണ്ടു മൂടുചൊറിഞ്ഞു നിന്ന നട്ടപ്രാന്തനോട് വഴി ചോദിച്ചു. വലതുകൈയ്യുടെ തള്ളവിരല്‍ നേരേ മൊട്ടത്തലയുടെ പുറകിലേക്ക് ചൂണ്ടി മിണ്ടാതെ പോയ പഹയന്‍ ബര്‍ലിത്തരങ്ങളില്‍ കൊണ്ടു ചാടിച്ചു.

പണ്ടു ഫോര്‍വേര്‍ഡ് ചെയ്തു കിട്ടിയ ഒണക്കക്കച്ചിയുടെ ഒറിജിനല്‍ വിളഞ്ഞുനില്‍ക്കുന്ന വിശാലമായ പാടം.

ഭേഷാ മേഞ്ഞു.

കമന്റുവേലിയില്‍ കറണ്ടടിക്കുന്നതുവരെ.

ഒടയോനും വഴിപോക്കരും ചേര്‍ന്ന് എനിയ്ക്കു മുന്‍പ് മേഞ്ഞ് ചാണകമിട്ടവരെ ചതച്ച് നീരെടുക്കുന്നതു കണ്ടു.
ആദ്യമാദ്യം ചത വാങ്ങിയ ചാകാറായ ശേഷിപ്പുകള്‍ വഴി നീളെ കിടക്കുന്നു...
പണ്ടു കുടിച്ച മുലപ്പാല്‍ വരെ വായില്‍ വന്നു. കുടലുവെറച്ചു.

ആരുടേയും കണ്ണില്‍ പെടാതെ നേരേ കല്ലേരിപ്പാടത്തുചാടി ഓടി.
“ഡാ ... ഡാ ... നില്ലവിടെ...” പിന്‍ വിളിയോ തോന്നലോ ? തിരിഞ്ഞുനോക്കാന്‍ പോയില്ല.

വഴിയില്‍ വാപൊത്തി ചിരിച്ചുനിന്ന ത്രേസ്യക്കൊച്ചിനെ കണ്ടില്ലെന്നു നടിച്ചു. നമുക്ക് പ്രാണനല്ലേ വലുത്?

അടുത്ത ജങ്ഷന്‍ കല്ലേരിപ്പാടത്തിന്റെ കാവല്‍ക്കാരന്‍ നന്ദന്‍ മൂപ്പരുടെ മാടക്കട.

ഒരുവിധം ഓടിയണച്ച് അവിടെവരെ എത്തി

“ഒരു ഷോഡ, രണ്ടു പഴോം”

തോളില്‍ നിന്നും ഈരിഴത്തോര്‍ത്തെടുത്ത് വീശി സോഡക്കുപ്പിയുടെ പുറത്തേ ഈച്ചേ ഓടിച്ചശേഷം ഒരെണ്ണം ഗോലി റിലീസ് ചെയ്ത് നീട്ടി. പഴക്കുലയില്‍ ഞാന്ന് ഞാന്‍ തന്നെ രണ്ടു പഴം റിലീസ് ചെയ്തെടുത്തു. വിഴുങ്ങാന്‍ ലേശം സമയമെടുത്തു. ശ്വാസം നോര്‍മ്മലാവുന്നേയുള്ളു.

തണുത്ത കാറ്റ്.

ആശ്വാസം.

കടയുടെ ചുവരിലും ചുറ്റിലും പോസ്റ്ററുകള്‍.

മാതായില്‍ പുണ്യപുരാണം “കൊടകരപുരാണം,
ചിത്രയില്‍ “കുറുമാന്‍ - 3ഡി”,
കവിതേല്‍ കോമഡി - “വാഴക്കോടന്‍”..

ധന്യേല്‍ പാണ്ടിപ്പടം കുമാരസംഭവം ”, 



ഇനീം ണ്ട് ... കണ്ണു പിടിയ്ക്കുന്നില്ല..
.......
.......
.......

പഞ്ചാരച്ചാക്കില്‍ വീണ ഉറുമ്പിന്റെ അവസ്ഥ.
എവിടന്നു തിന്നു തൊടങ്ങണംന്ന് ആഹെ കണ്‍ഫ്യൂഷന്‍.
ഇതു തീര്‍ത്തിട്ടു മതി ബാക്കി. ഒരു സൈഡില്‍ നിന്നും തൊടങ്ങാം.

മാറ്റിനിയ്ക്ക് ഇനീം സമയമൊണ്ട്.

വീണ്ടും കടയിലേക്ക് കണ്ണെത്തി.

ബാലരമേം പൂമ്പാറ്റേം അമ്പിളി അമ്മാവനും ഒറ്റവരിരാമനും തൂങ്ങുന്നു.
ഒരു ഒറ്റവരിരാമനും നാലു നാരങ്ങാമുട്ടായീം വാങ്ങി.

മൊത്തം ചില്ലറ  കടം പറഞ്ഞു.

“പറ്റില്ലാതെ പറ്റിയ്ക്കാന്‍ വന്നേക്ക്വാ“ .

തലചൊറിഞ്ഞു നിന്നു.

മൂപ്പര്‍ക്കു ദയ തോന്നി.

“ഉം പൊക്കോ.. ഒരു വേലേം കൂലീം ആയാല്‍ വെക്കം ഈടത്തെ കടം വീട്ട്വോഡാ ശവീ..”

“ഉം ഉം”

“ഉം.. തെക്കനാണ് അത്ര നമ്പാന്‍ പറ്റില്യാ.. കിട്ട്യാ കിട്ടി.. ഇനി കടം പറയണ്‍ന്ന് ച്ചാ നിന്നെപ്പിഡിച്ച് ബര്‍ലിക്കു കൊടുക്കും ട്ടോ....”

കര്‍ത്താവേ ആ ഒറ്റയാന്റെ പേരുകേക്കുമ്പം പിന്നേം കൊടലു വെറയ്ക്കുന്നു. (അന്ന് ആ പരിസരത്തൂടെ പോകുന്നവരേയും തെറിച്ചെളിയില്‍ അഭിഷേകം ചെയ്യുന്ന ഒരു ആരാധക വൃന്ദമായിരുന്നു അവിടെ കണ്ടത്)

എന്തിനാണാവോ?


പ്രതിയ്ക്കു ബോധിപ്പിയ്ക്കാനുള്ളത്...
മേല്‍ പരാമര്‍ അടിച്ചിട്ടുള്ള ശ്ശെ... പരാമര്‍ശിച്ചിട്ടുള്ള വ്യക്തികള്‍ മരിച്ചവരോ ജനിയ്ക്കാന്‍ പോകുന്നവരോ ജീവിച്ചിരുന്നവരോ ജീവിയ്ക്കാന്‍ സാധ്യതയുള്ളവരോ അല്ല. എല്ലാവരും ബ്ലോഗേഴ്സ് മാത്രമാണ്. സാദൃശ്യം യാദൃശ്ചികം മാത്രം.

ആയതിനാല്‍ കുടുംബത്തിന്റെ ഒരേ ഒരാശ്രയമായ പ്രതിയെ സാഹചര്യത്തെളിവുകളുടെ അഭാവം കണക്കിലെടുത്തും ദയ തോന്നിയും നിരുപാധികം വിട്ടയയ്ക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.... ദാറ്റ്സ് ആള്‍ യുവര്‍ ഓണര്‍ .. 

വിട്ടില്ലെങ്കില്‍ “കല്ലിവല്ലി”...