Saturday, February 19, 2011

മാണിസാറ് മരത്തില്‍ കണ്ടത്... !! റീലോഡഡ്

പഴയ ഒരു പോസ്റ്റ് കാലികപ്രാധാന്യം കാരണം റീലോഡുന്നു. തൊടുപുഴ ജോസഫ് മത്സരിക്കുമെന്ന് മുന്നണിയറിയാതെ മാണിസാറ് പ്രഖ്യാപിക്കുമ്പോൾ എന്താവും അദ്ദേഹം മനസ്സിൽ കണ്ടത്. പഴയതും പുതിയതും ചേർത്ത് ഇവിടെ വായിക്കാം..!

ഹൈസ്കൂള്‍ വിശേഷങ്ങള്‍ വായിച്ചോ ?

Tuesday, February 15, 2011

ഹൈസ്കൂള്‍ വിശേഷങ്ങള്‍ ..

വളരെ കാലത്തിനു ശേഷം ഇന്ന് കുമാരനാശാന്റെ കരുണ നെറ്റില്‍ വായിച്ചപ്പോള്‍ പത്താം ക്ലാസില്‍ അതു പഠിപ്പിച്ച വര്‍ഗ്ഗീസ് സാറിനേയും ഒപ്പം ക്ലാസില്‍ സംഭവിച്ച ചില തമാശകളും ഓര്‍ത്തുപോയി.(ആണ്‍കുട്ടികള്‍ മാത്രമുള്ള ക്ലാസാണേ...).
 ഉപഗുപ്തനേ കാത്ത് വാസവദത്ത തന്റെ അവസാന നിമിഷങ്ങള്‍ ചിലവഴിച്ച ചുടലപ്പറമ്പിന്റെ തീഷ്ണമുഖം വര്‍ഗ്ഗീസ് സാര്‍ തന്റെ ഘനഗംഭീരമായ ശബ്ദത്തില്‍ പകര്‍ന്നു തരുന്നു. കവിതാഭാഗം ഇങ്ങനെ.. .

അകലത്തൊരു മൂലയിൽ കെടുന്ന കനലിൽനിന്നു
പുകവല്ലി പൊങ്ങിക്കാറ്റിൽ പടർന്നേറുന്നു.
ചികഞ്ഞെടുത്തെന്തോ ചില ദിക്കിൽനിന്നു ശാപ്പിടുന്നു
പകലെന്നോർക്കാതെ കൂറ്റൻ കുറുനരികൾ.

കുറിയോരങ്കുശം‌പോലെ കൂർത്തുവളഞ്ഞുള്ള കൊക്കു
നിറയെക്കൊത്തിവലിച്ചും നഖമൂന്നിയും,
ഇരയെടുക്കുന്നു പെരുംകഴുകുകൾ ചില ദിക്കിൽ
പരിഭ്രമിയാതിരുന്നു ഭയങ്കരങ്ങൾ

ഉടഞ്ഞ ശംഖം‌പോലെയുമുരിച്ചു മുറിച്ച വാഴ-
ത്തടപോലെയും തിളങ്ങുമസ്ഥിഖണ്ഡങ്ങൾ,
അവയവശിഷ്ടങ്ങളായടിഞ്ഞു കിടക്കുന്നുണ്ടൊ-
ട്ടവിടെവിടെ മറഞ്ഞും മറയാതെയും,

അരയാൽത്തറവരെയും വടക്കുനിന്നെത്തുന്ന കാൽ-
പ്പെരുമാറ്റം കുറഞ്ഞ പാഴ്നടക്കാവിന്റെ
പരിസരങ്ങളിൽ ഭസ്മപ്പാത്തികൾ കാണുന്നു ചുറ്റും
കരിക്കൊള്ളിയും കരിഞ്ഞ കട്ടയുമായി.

വര്‍ഗ്ഗീസ് സാറിന്റെ ഒരു രീതി; ആദ്യം ഒരു എട്ടുവരി സ്വയം ചൊല്ലുക. അതിന്റെ ശേഷം ഞങ്ങള്‍ കുട്ടികള്‍ എണീറ്റുനിന്ന് അത് മനസില്‍ വായിക്കണം.  ഒപ്പം അറിഞ്ഞുകൂടാത്ത വാക്കുകള്‍ ബുക്കില്‍ അടയാളപ്പെടുത്തും. എല്ലാവരും ഇരുന്ന ശേഷം സാറ് ഓരോരുത്തരോടും അവര്‍ മാര്‍ക്കുചെയ്ത വാക്കുകള്‍ ചോദിച്ച് ബോര്‍ഡില്‍ എഴുതും എല്ലാം കൂടി ഒന്നിച്ച് അര്‍ത്ഥം പറഞ്ഞുതരും. നമ്മള്‍ മാര്‍ക്കുചെയ്യാത്ത വല്ല വാക്കും മറ്റാരെങ്കിലും മാര്‍ക്കുചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം ചിലപ്പോ നമ്മള്‍ പറഞ്ഞു കൊടുക്കേണ്ടിവരും. (അര്‍ത്ഥമറിയാവുന്നതുകൊണ്ടാവുമല്ലോ നമ്മള്‍ മാര്‍ക്കു ചെയ്യാഞ്ഞത്) മുന്‍പ് എപ്പോഴെങ്കിലും പഠിപ്പിച്ചിട്ടുള്ളതാണെങ്കില്‍ അര്‍ത്ഥത്തോടൊപ്പം ചന്തിയ്ക്ക് നല്ല പെടയും കിട്ടും. ഒരു പെടയെന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര പെട. രണ്ടു ദിവസത്തേക്ക് ചന്തികുത്തി ഇരിയ്ക്കാന്‍ പറ്റില്ല.(എന്നാ  കിട്ടിയിട്ടുള്ളവര്‍ പറഞ്ഞറിഞ്ഞത്.. നമ്മള്‍ നല്ലപിള്ള ഗ്രൂപ്പില്‍ ആയിരുന്നതിനാല്‍ വലിയ അനുഭവമില്ല).

ആദ്യ എട്ടുവരികള്‍ ചൊല്ലി സാറു നിര്‍ത്തി. ഞങ്ങള്‍ എഴുനേറ്റുനിന്ന് വായിച്ചു. ‘പുകവല്ലി’യും ‘അങ്കുശ‘വും മാര്‍ക്കുചെയ്ത് മിക്കവാറും എല്ലാവരും ഇരുന്നു. ഒന്നും മാര്‍ക്കു ചെയ്യാത്തവരും ഇരുന്നു. ആദ്യ ചോദ്യം എന്നോട്. ഞാന്‍ പുകവല്ലിയും അങ്കുശവും പറഞ്ഞ് ഇരുന്നു. സാറിന്റെ ചൂരല്‍‌വടിയുടെ അറ്റം പിന്‍ബഞ്ചിലെ ശിവദാസന്റെ നേര്‍ക്കു നീണ്ടു. ഒന്നും മാര്‍ക്കുചെയ്യാതിരുന്ന ശിവദാസന് അപ്പോഴാണ് അപകടം മണത്തത്. പെട്ടെന്ന് ശിവദാസന്‍ ബുക്കെടുത്ത് മനസ്സില്‍ വായനയാരംഭിച്ചു. ശിവദാസന്‍ പറയാന്‍ പോകുന്ന വാക്കിന്റെ അര്‍ത്ഥം എനിയ്ക്കറിയില്ലെങ്കില്‍ ഞാനാവും ഇന്നത്തെ ഇര. ഞാനും ജാഗരൂകനായി.
‘നീ ഇന്നത്തേക്കൊള്ള സംശയം പറേടാ...’ സാറിന്റെ ശബ്ദം ഉയര്‍ന്നു.
‘പറയാം സാറേ..’
‘ എന്നാ പറ.’
‘ഉം.. ഉം... മസ്ഥിഖണ്ഡങ്ങള്‍’
ഈശ്വരാ  ഇത്ര ഭയങ്കരമായ ഒരു വാക്ക് ഞാന്‍ കാണാതെപോയോ ?.. എന്റെ കണ്ണ് പുകമൂടി. സാറിന്റെ വടിത്തുമ്പ് എന്റെ നേരേ വന്ന് ‘അതിന്റെ അര്‍ത്ഥം നീ പറ’ എന്ന ശബ്ദം ക്ലാസില്‍ മുഴങ്ങുന്ന നിമിഷത്തിനായി ഞാന്‍ വിധിയെ പഴിച്ച് ഇരുന്നു.
ഇല്ല അതു സംഭവിച്ചില്ല. മേശപ്പുറത്ത് ഊരിവച്ചിരുന്ന കണ്ണട വീണ്ടും ഫിറ്റ് ചെയ്ത് സാര്‍ ആ എട്ടു വരികള്‍ വീണ്ടും വായിക്കുന്നു. സാറിന്റെ മുഖത്തും കണ്‍ഫ്യൂഷന്‍ കളിയാടി.
‘കുമാരനാശാന്റെ കരുണ തന്നെയാണോടാ നീയും വായിക്കുന്നത്’
ശിവദാസന്റെ മുഖത്ത് ആദ്യമായി സാറിനെ ഇമ്പ്രസ് ചെയ്ത് സംതൃപ്തി ‘ആന്നു സാറെ..’
‘ ആ വാക്ക് ഒന്നൂടെ പറ‘
‘ മസ്ഥിഖണ്ഡങ്ങള്‍‘
സാറ് വടിയുമായി തന്റെ അരികിലേക്ക് വരുമ്പോഴും ശിവദാസന്‍ ആത്മവിശ്വാസത്തിലായിരുന്നു. ഞാന്‍ പേടിയിലും. താഴെ ബോള്‍ഡില്‍ കാണിച്ചിരിക്കുന്ന ഭാഗം സാറിനെ ചൂണ്ടിക്കാണിച്ച് ശിവദാസന്‍ അഭിമാനത്തോടെ മൊഴിഞ്ഞു ‘ദേണ്ട്..’

ഉടഞ്ഞ ശംഖം‌പോലെയുമുരിച്ചു മുറിച്ച വാഴ-
ത്തടപോലെയും തിളങ്ങുമസ്ഥിഖണ്ഡങ്ങൾ,
അവയവശിഷ്ടങ്ങളായടിഞ്ഞു കിടക്കുന്നുണ്ടൊ-
ട്ടവിടെവിടെ മറഞ്ഞും മറയാതെയും,


സാറ് ശിവദാസന്റെ ബുക്കിലേക്ക് നോക്കി. ‘ങാഹാ.. അങ്ങനെ ഒരു വാക്ക് ഉണ്ടല്ലേ ?’ തന്റെ ഓഞ്ഞ ചന്തിയ്ക്കുനേരേ പാഞ്ഞുവരുന്ന ചൂരല്‍‌വടിയെ കാണാനോ ഒഴിയാനോ ശിവദാസനു കഴിഞ്ഞില്ല
പ്ടേ ... പ്ടേ ..
‘ഞാനിവിടെ താഴേക്കണ്ടം പൂട്ടിക്കഴിഞ്ഞില്ല. അപ്പോഴേക്കും നിന്നോടാരാടാ മേലേക്കണ്ടം പൂട്ടാന്‍ പറഞ്ഞത്. അവന്റെ ഒരു ‘മസ്ഥിഖണ്ഡങ്ങള്‍‘ ഇരിയെടാ അവിടെ ’ അപ്പോഴാണ് എന്റെ ശ്വാസം നേരേ വീണതും ക്ലാസില്‍ പൊട്ടിച്ചിരി പടര്‍ന്നതും.

ഒരു ശിവദാസവിശേഷം കൂടി പറഞ്ഞു നിര്‍ത്താമെന്നു തോന്നുന്നു. (നിങ്ങള്‍ക്കും ബോറടിക്കൂലേ?)

ഇപ്രാവശ്യവും വില്ലന്‍ വര്‍ഗ്ഗീസ് സാറുതന്നെ (ശിവദാസനും വര്‍ഗ്ഗീസ് സാറും മുന്നാളാന്ന തോന്നുന്നേ. അല്ലെങ്കില്‍ സാറിന്റെ ചൂരലും ശിവദാസന്റെ കുണ്ടിയും തമ്മില്‍ ഇങ്ങനെ ഒരു അഭേദ്യമായ ആത്മബന്ധം ഉടലെടുക്കുമോ?)
സാറിന് ഇടയ്ക്ക് ഞങ്ങളുടെ അക്ഷരാഭ്യാസം ഉറപ്പാക്കുന്ന ഒരു അസുഖമുണ്ട്. ഏതെങ്കിലും ഒരു ഇരയെ പിടിച്ച് ചോക്കും കൊടുത്ത് ബോര്‍ഡിനടുത്തേക്ക് വിടും. ഒന്നോ രണ്ടോ കഠിനവാക്കുകള്‍ ഉറക്കെ പറയും. അത് ബോര്‍ഡില്‍ വിജയകരമായി എഴുതിയാല്‍ തിരികെ വന്നിരിക്കാം. അപ്പോ അടുത്ത ഇരയുടെ ഊഴമാവും.
‘ശിവദാസാ.. ന്നാ..’ ഇന്നത്തെ ഇര.
പൂച്ചയ്ക്ക് കയറിട്ടപോലെ ശിവദാസന്‍ സാറിന്റെ വടിയുടെ കവറേജ് ഏരിയാ വിട്ട് മെല്ലെ മെല്ലെ ബോര്‍ഡിനരികിലെത്തി.
സാറിന്റെ ഘനഗംഭീരശബ്ദം ഉയര്‍ന്നു ‘പ്രായശ്ചിത്തം’
ഞങ്ങളെല്ലാവരും മനസ്സില്‍ ആ വാക്ക് 10 പ്രാവശ്യം എഴുതിയുറപ്പിച്ചു. അറുപതു കണ്ണുകള്‍ ബോര്‍ഡില്‍ ഫോക്കസ് ചെയ്തു. ശിവദാസന്‍ വിജയകരമായി ‘പ’ പൂര്‍ത്തിയാക്കി. അടുത്ത അക്ഷരത്തിനുവേണ്ടി ബോര്‍ഡില്‍ കുത്തിക്കുത്തി നിന്നു.
‘എന്താടാ ചോക്കൂസ്റ്റക്കായോ?’
എവിടെ നിന്നെങ്കിലും സഹായം വരുമോയെന്നറിയാന്‍ ശിവദാസന്‍ ഒന്നു തിരിഞ്ഞുനോക്കി. ഞങ്ങള്‍ നിസ്സഹായരെന്ന് അവനും അറിയാം.
‘പാ വിരിച്ചില്ലിയോ ഇനി ബാക്കീം കൂടെ ആട്ടെ’ സാറിന്റെ ശബ്ദത്തോടൊപ്പം കുണ്ടിയ്ക്ക് ചെറിയ ഒരു കൊട്ടുകൂടി ചെന്നപ്പോള്‍ ശിവദാസന്‍ ഒരു ‘റ’ കൂടി വരച്ചു. ഇപ്പോ‘പറ’യായി.
 സംഗതി കൈവിട്ടുപോയെന്ന് മനസ്സിലായ ഞങ്ങള്‍ തമാശകാണാനായി റിലാക്സായി.. ‘പ്രായശ്ചിത്തം’ സാറ് ആവര്‍ത്തിച്ചു.
ശിവദാസന്റെ ചോക്ക് സ്റ്റക്കായി നില്‍ക്കുകയാണ്. സാറിന്റെ ചുണ്ടില്‍ ഒരു വക്രിച്ച ചിരി പടര്‍ന്നു. ‘ഒരു വള്ളികൂടെ അങ്ങിടെടാ’ ഒരു പിടിവള്ളി കിട്ടിയപോലെ സാറിനെ കൃതജ്ഞതയോടെ നോക്കിക്കൊണ്ട് ശിവദാസന്‍ അടുത്ത വീരകൃത്യം ചെയ്തു. ഇപ്പോള്‍ ബോര്‍ഡില്‍ രണ്ടാമത്തെ അക്ഷരം ‘റി’ ആയി. ക്ലാസില്‍ കൂട്ടച്ചിരി പടര്‍ന്നപ്പോള്‍ തന്റെ ഓഞ്ഞകുണ്ടിയില്‍ അടിവീണതെന്തിനെന്ന് പാവം ശിവദാസനു മനസ്സിലായില്ല. ഇപ്പോ നാട്ടില്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിയായി വിലസുന്ന ശിവദാസനെ ഇടയ്ക്ക് കാണുമ്പോള്‍ ഞങ്ങള്‍ മനസ്സില്‍ പറയും ‘പറയ്ക്ക് വള്ളിയിട്ട മോനേ..!’